2024-ൽ സൗദിയിലെത്തിയ മൊത്തം വിദേശ തീർത്ഥാടകർ 18.5 ദശലക്ഷം

#ജാഫറലി പാലക്കോട്
പ്രതീകാത്മകചിത്രം | ഫോട്ടോ: അറേഞ്ച്ഡ്
പ്രതീകാത്മകചിത്രം | ഫോട്ടോ: അറേഞ്ച്ഡ്

ജിദ്ദ: കഴിഞ്ഞ വർഷം സൗദിയിൽ എത്തിയ മൊത്തം ഹജ്ജ് ഉംറ തീർത്ഥാടകർ 18.5 ദശലക്ഷമാണെന്നും ഇതിൽ 16.92  ദശലക്ഷം തീർത്ഥാടകരും ഉംറ തീർത്ഥാടകരാണെന്നും അധികൃതർ പറഞ്ഞു. 2022 വർഷത്തെ അപേക്ഷിച്ച് 101% വളർച്ചാ നിരക്ക് തീർത്ഥാടകരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം ഉണ്ടായിരുന്നതായും സൗദി വിഷൻ 2030 നടപ്പിലാക്കുന്ന പരിപാടികളിലൊന്നായ 'ഗസ്റ്റ്സ് ഓഫ് ഗോഡ് പ്രോഗ്രാം' വെളിപ്പെടുത്തി. ഇത് 2024  വർഷത്തെ ലക്ഷ്യത്തേക്കാൾ കൂടുതലാണ്. ഹജ്ജ് ഉംറ പദ്ധതി നല്ലരീതിയിൽ നടപ്പാക്കിയതിന്റെ ഫലത്തെയാണ് ഈ വർദ്ധനവ് സൂചിപ്പിക്കുന്നത്.

40-ലധികം സർക്കാർ ഏജൻസികളുമായി സഹകരിച്ച് 89 വൈവിധ്യമാർന്ന സംരംഭങ്ങൾ തീർത്ഥാടകർക്കായി നടപ്പിലാക്കി. ഗതാഗതം, മറ്റ് സൗകര്യങ്ങൾ, ആചാരങ്ങൾ എന്നിവ അടക്കം തീർത്ഥാടകരുടെ യാത്രയുടെ എല്ലാ ഘട്ടങ്ങളും സുഖകരമാക്കി. ഒടുവിൽ ചരിത്രപരവും പുരാവസ്തുപരവുമായ സ്ഥലങ്ങൾ സന്ദർശിക്കുന്നതിലൂടെ ഹാജിമാരുടെ സാംസ്കാരിക അനുഭവം സമ്പന്നമാക്കുകയും ചെയ്തു.

2022-ൽ 4 ദശലക്ഷമായിരുന്നുവെങ്കിൽ 2024-ൽ വിശുദ്ധ പള്ളികാലിലേക്ക് 13 ദശലക്ഷത്തിലധികം സന്ദർശകരെത്തുകയുണ്ടായി. സന്ദർശക സംതൃപ്തി നിരക്ക് 57% ൽ നിന്ന് 81% ആയി വർദ്ധിച്ചു. ഇത് ഉപയോക്തൃ അനുഭവത്തിന്റെ വികസനത്തെയും നൽകിയ സേവനങ്ങളുടെ ഗുണനിലവാരത്തെയു സൂചിപ്പിക്കുന്നതാണ്.

ദൈവത്തിന്റെ അതിഥികളെ സേവിക്കുന്ന സന്നദ്ധപ്രവർത്തകരുടെ എണ്ണം 2022-ൽ 15,000 കവിഞ്ഞിരുന്നില്ല. എന്നാൽ പ്രതീക്ഷിച്ചതിനേക്കാൾ കുതിച്ചുചാട്ടത്തോടെ 2024-ൽ 1 ,53,000-ത്തിലധികമായി.  ദൈവത്തിന്റെ അതിഥികളെ സേവിക്കുന്നതിൽ വർദ്ധിച്ചുവരുന്ന സമൂഹ അവബോധവും പങ്കാളിത്ത മനോഭാവവും സ്ഥിരീകരിക്കുന്നു.

Content Highlights: Record 18.5 million pilgrims visited Saudi Arabia for Hajj & Umrah Last Year