വിദേശത്തുനിന്ന് 12 ലക്ഷം ഹജ്ജ് തീര്‍ഥാടകരെത്തിയതായി സൗദി ഹജ്ജ് മന്ത്രി

-
-

റിയാദ്: വ്യാഴാഴ്ച്ചവരെ ഏകദേശം 12 ലക്ഷം ഹജ്ജ് തീര്‍ഥാടകര്‍ പുണ്യനഗരിയില്‍ എത്തിയതായി സൗദി ഹജ്ജ് ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍-റബിയ അറിയിച്ചു. ലോകമെമ്പാടുനിന്നും ഹജ്ജ് കര്‍മത്തിനായി സൗദിയിലെത്തുന്ന തീര്‍ഥാടകര്‍ക്കുള്ള പ്രവേശന നടപടികള്‍ പ്രയാസരഹിതമായി മുന്നേറുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

മാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള മന്ത്രി സല്‍മാന്‍ അല്‍ ദോസരിയുടെ സാന്നിധ്യത്തില്‍ റിയാദില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍, തീര്‍ഥാടകരുടെ ആരോഗ്യസ്ഥിതിയില്‍ ഹജ്ജ് മന്ത്രി സംതൃപ്തി അറിയിച്ചു. ഹാജിമാരെ സേവിക്കാന്‍ സാധിച്ചതില്‍ ദൈവത്തെ സ്തുതിക്കുന്നതായി അറിയിച്ച മന്ത്രി, ഹാജിമാരുടെ സേവനത്തില്‍ സൗദി ഭരണാധികാരികള്‍ നല്‍കുന്ന മികച്ച പിന്തുണക്കു നന്ദി പയറുകയും ചെയ്തു.

മക്ക, മദീന വിശുദ്ധ പള്ളികളുടെ സംരക്ഷകനായ സല്‍മാന്‍ രാജാവിന്റെ നിര്‍ദ്ദേശങ്ങളും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്റെ നിരീക്ഷണവും അനുസരിച്ച് തീര്‍ഥാടകര്‍ക്കായി ഉയര്‍ന്ന നിലയിലുള്ള സേവനമാണ് നല്‍കിപ്പോരുന്നത്. മക്ക, മദീന അമീറുമാര്‍, സഹ അമീറുമാര്‍, മറ്റ് ഉദ്യോഗസ്ഥരുടെയും സമര്‍പ്പണബോധത്തോടെയുള്ള പിന്തുണക്കൊപ്പം ആഭ്യന്തര മന്ത്രിയും സുപ്രീം ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ നായിഫ് രാജകുമാരന്റെ പിന്തുണയും തൗഫീഖ് അല്‍-റബിയ എടുത്തുപറഞ്ഞു.

സുഗമവും സംതൃപ്തവുമായ ഹജ്ജ് അനുഭവം ഉറപ്പാക്കുന്നതിന് എല്ലാ തീര്‍ഥാടകരും ചട്ടങ്ങളും നിര്‍ദേശങ്ങളും പാലിക്കേണ്ടതുണ്ടെന്ന് ഹജ്ജ് മന്ത്രി എടുത്തുപറഞ്ഞു. വിജയകരമായ ഹജ്ജിനായി അധികൃതര്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. വിഷന്‍ 2030-ന്റെ ഭാഗമായി തീര്‍ഥാടകരുടെ വരവും അനുഭവങ്ങളും സ്മരണീയമാക്കുവാനാണ് അധികൃതര്‍ ശ്രമിച്ചിവരുന്നത്.

ഈ വര്‍ഷത്തെ ഹജ്ജ് സീസണിനായി കാലേക്കൂട്ടിതന്നെ ഹജ്ജ് മന്ത്രാലയം തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2023ലെ ഹജ്ജ് അവസാനിച്ചപ്പോള്‍തന്നെ 2024ലെ ഹജ്ജിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. ലോകമെമ്പാടുമുള്ള തീര്‍ഥാടകര്‍ക്ക് ഹജ്ജ് കര്‍മം എളുപ്പത്തില്‍ നിര്‍വഹിക്കാനുള്ള സജ്ജീകരണങ്ങളെക്കുറിച്ച് വിശദീകരിക്കാനും വിദേശത്തുള്ള ഹജ്ജ് അധികൃതരുടെ അഭിപ്രായങ്ങള്‍ ക്രോഡീകരിക്കാനുമായി 11 രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും 24 ഔദ്യോഗിക മീറ്റിംഗുകള്‍ നടത്തിയ കാര്യവും മന്ത്രി സ്മരിച്ചു.

ഹജ്ജ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നതിന്റെ അപകടങ്ങള്‍, വ്യാജ ഹജ്ജ് കാമ്പയിന്‍ എന്നിവയെക്കുറിച്ച് ആഭ്യന്തര തീര്‍ഥാടകരെ ബോധവത്കരിക്കുന്നുണ്ട്. അനുമതിയില്ലാതെ ഹജ്ജ് പാടില്ല എന്ന പേരില്‍ സൗദിയിലൊട്ടുക്കും കാമ്പയിന്‍ നടക്കുന്നുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഏഴ് രാജ്യങ്ങളിലായി 11 വിമാനത്താവളങ്ങളിലൂടെ പ്രവര്‍ത്തിക്കുന്ന മക്ക റൂട്ട് ഇനീഷ്യേറ്റീവ് പദ്ധതി വിജയകരമാണെന്നും ഈവര്‍ഷം ഇതുവഴി 2,50,000 തീര്‍ഥാടകര്‍ക്ക് സുഗമമാക്കി  പുണ്യ നഗരിയിലെത്താന്‍ സാധിച്ചതായും മന്ത്രി പറഞ്ഞു.

Content Highlights: saudi hajj news