ഹൂതികൾക്കെതിരെ രാജ്യത്തെ സംരക്ഷിക്കാൻ ജീവൻ ത്യജിക്കാൻ തയ്യാറാകണം- സൈനികരോട് സൗദി ഗ്രാൻഡ് മുഫ്തി

റിയാദ്: ഹൂതി വിമതരുടെ ആക്രമണങ്ങൾ ശക്തമാകുന്നതിനിടെ, രാജ്യത്തെ സംരക്ഷിക്കാൻ ആവശ്യമെങ്കിൽ ജീവൻ ത്യജിക്കാൻ പോലും തയ്യാറാകണമെന്ന് സൗദി അറേബ്യയിലെ ഗ്രാൻഡ് മുഫ്തി ശൈഖ് സാലിഹ് ബിൻ ഫൗസാൻ അൽ-ഫൗസാൻ സൈനികരോട് ആഹ്വാനം ചെയ്തു. രാജ്യത്തിന്റെ അതിർത്തികളിൽ, പ്രത്യേകിച്ച് യമൻ അതിർത്തിയിൽ സേവനമനുഷ്ഠിക്കുന്ന സൈനികരെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഗ്രാൻഡ് മുഫ്തിയുടെ പ്രസ്താവന സൗദി പ്രസ് ഏജൻസിയാണ് പുറത്തുവിട്ടത്.
രാജ്യത്തിന്റെ ഒരിഞ്ച് ഭൂമിപോലും ആക്രമിക്കാൻ ശ്രമിക്കുന്നവരെ നേരിടുകയും രാജ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നത് ഏറ്റവും വലിയ ഉത്തരവാദിത്തങ്ങളിലും പുണ്യകർമങ്ങളിലും ഉൾപ്പെടുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഖുർആൻ വചനങ്ങളും പ്രവാചകൻ മുഹമ്മദ് നബിയുടെ വചനങ്ങളും പരാമർശിച്ചുകൊണ്ടാണ് ഗ്രാൻഡ് മുഫ്തിയുടെ ശക്തമായ സന്ദേശം. രാജ്യത്തിന്റെ സുരക്ഷയ്ക്കും പരമാധികാരത്തിനുംവേണ്ടി ആവശ്യമായ ത്യാഗങ്ങൾ ചെയ്യാൻ സൈനികർ സന്നദ്ധരായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ഏതാനും ആഴ്ചകളായി സൗദി അറേബ്യയും യമൻ വിമതരായ ഹൂതികളും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് ഗ്രാൻഡ് മുഫ്തിയുടെ പ്രസ്താവന. ഹൂതികൾ സൗദിയെ ലക്ഷ്യമിട്ട് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണങ്ങൾ നടത്തിയതായും അതിന് സൗദി വ്യോമാക്രമണങ്ങളിലൂടെ മറുപടി നൽകിയതായും റിപ്പോർട്ടുകളുണ്ട്. യമനിലെ അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാരിന്റെ അധികാരം രാജ്യത്തുടനീളം പുനഃസ്ഥാപിക്കുന്നതും പ്രധാനപ്പെട്ട ഉത്തരവാദിത്തമാണെന്ന് പ്രസ്താവനയിൽ പറയുന്നു.
ചെങ്കടലിനെയും ഏദൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന പ്രധാന സമുദ്രപാതയായ ബാബ് അൽ-മന്ദബ് മേഖലയിലെ ഹൂതികളുടെ നിയന്ത്രണം ശക്തമാകുന്നത് ആഗോള കപ്പൽ ഗതാഗതത്തിലും എണ്ണവിതരണത്തിലും ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. ഈ മേഖലയിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെടാനുള്ള സാധ്യതയാണ് പ്രധാന ആശങ്ക.
യമനിൽ 12 വർഷമായി തുടരുന്ന ആഭ്യന്തര സംഘർഷത്തിന്റെ പുതിയ ഘട്ടമായാണ് നിലവിലെ പോരാട്ടത്തെ റിപ്പോർട്ടുകൾ വിലയിരുത്തുന്നത്. 2022-ൽ യുഎൻ മധ്യസ്ഥതയിൽ വെടിനിർത്തൽ നിലവിൽ വന്നതിനെ തുടർന്ന് സംഘർഷം വലിയ തോതിൽ ശമിച്ചിരുന്നെങ്കിലും ഇപ്പോൾ വീണ്ടും രൂക്ഷമായിരിക്കുകയാണ്. സൗദി അറേബ്യയെയും യമനെയും എല്ലാ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കണമെന്ന പ്രാർത്ഥനയും ഗ്രാൻഡ് മുഫ്തി നടത്തി. ഹൂതി സംഘത്തെയും അവരെ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നവരെയും പരാജയപ്പെടുത്താൻ ദൈവത്തിന്റെ സഹായം ലഭിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
അതിർത്തിയിൽ സേവനമനുഷ്ഠിക്കുന്ന സൈനികർ തങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കാൻ എപ്പോഴും തയ്യാറായിരിക്കണമെന്നും ഭരണാധികാരികളുടെയും സൈനിക കമാൻഡർമാരുടെയും നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും ഗ്രാൻഡ് മുഫ്തി ആഹ്വാനം ചെയ്തു. മുസ്ലിംകളുടെ പുണ്യസ്ഥലങ്ങൾ സംരക്ഷിക്കുന്നതിനായി പ്രവാചകന്റെ അനുചരന്മാർ പിന്തുടർന്ന പാതയിലാണ് സൗദി സൈനികരും നിലകൊള്ളുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.
Content Highlights: Grand Mufti urges Saudi troops to defend the nation's borders., Call comes amid escalating clashes and Houthi attacks near the Yemen border., Emphasizes the religious and national duty of protecting Saudi Arabia's sovereignty., Highlights growing concerns over maritime security in the Bab el-Mandeb strait.