സൗദി–ബഹ്‌റൈൻ ബന്ധം ശക്തിപ്പെടുത്താൻ ചർച്ച; പ്രാദേശിക സുരക്ഷയും സ്ഥിരതയും പ്രധാന വിഷയമായി

റിയാദ്: സൗദി അറേബ്യയും ബഹ്‌റൈനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളിലെ സഹകരണം വിപുലീകരിക്കുന്നതിനുമുള്ള മാർഗങ്ങൾ ചർച്ചചെയ്ത് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനും ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും. ചൊവ്വാഴ്ച റിയാദിലായിരുന്നു ഇരുനേതാക്കളുടെയും കൂടിക്കാഴ്ച. മേഖലയിലെ പുതിയ സംഭവവികാസങ്ങളും സുരക്ഷയും സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളും ചർച്ചയിൽ വിഷയമായി.

റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ബഹ്‌റൈൻ രാജാവിനെ കിരീടാവകാശി നേരിട്ടെത്തി സ്വീകരിച്ചു. റിയാദ് ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദറും മന്ത്രിസഭാംഗവും സഹമന്ത്രിയുമായ അമീർ തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദും സ്വീകരണച്ചടങ്ങിൽ പങ്കെടുത്തു.

ചർച്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സൗഹൃദബന്ധം നേതാക്കൾ വിലയിരുത്തി. ബഹ്‌റൈന് സൗദി അറേബ്യ നൽകിവരുന്ന പിന്തുണയെ രാജാവ് ഹമദ് ബിൻ ഈസ പ്രശംസിച്ചു. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശിയുടെയും നേതൃത്വത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും ഗൾഫ് സഹകരണം വിപുലീകരിക്കുന്നതിനും പ്രാദേശിക സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനും നടത്തുന്ന ശ്രമങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.

ബഹ്‌റൈനുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനുള്ള സൗദിയുടെ പ്രതിബദ്ധത കിരീടാവകാശിയും ആവർത്തിച്ചു. ബഹ്‌റൈൻ ഭരണകൂടത്തിനും ജനങ്ങൾക്കും കൂടുതൽ പുരോഗതിയും സമൃദ്ധിയും അദ്ദേഹം ആശംസിച്ചു.

ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഉൾപ്പെടെ ഇരുരാജ്യങ്ങളിലെയും മുതിർന്ന മന്ത്രിമാരും ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു.

സൗദി ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ്, നാഷനൽ ഗാർഡ് മന്ത്രി അമീർ അബ്ദുല്ല ബിൻ ബന്ദർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മുസാഇദ് അൽ ഐബാൻ, ധനമന്ത്രി മുഹമ്മദ് അൽ ജദ്ആൻ എന്നിവരും സൗദി സംഘത്തിലുണ്ടായിരുന്നു.

ബഹ്‌റൈൻ വിദേശകാര്യ മന്ത്രി അബ്ദുല്ലത്തീഫ് അൽ സയ്യാനി, ധനകാര്യ-ദേശീയ സാമ്പത്തിക മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ, രാജാവിന്റെ നയതന്ത്ര ഉപദേഷ്ടാവ് ശൈഖ് ഖാലിദ് ബിൻ അഹമ്മദ് ബിൻ മുഹമ്മദ് ആൽ ഖലീഫ തുടങ്ങിയവരും പങ്കെടുത്തു.