അടുത്ത ആഴ്ച അവസാനം വരെ സൗദിയുടെ വിവിധ മേഖലകളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

#News Desk
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജിദ്ദ: അടുത്ത ആഴ്ച അവസാനത്തോടെ വരെ സൗദി അറേബ്യയിലെ വിവിധ മേഖലകളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) അറിയിച്ചു. എൻസിഎം പുറത്തുവിട്ട മഴയുടെ സാധ്യതാ ഭൂപടമനുസരിച്ച്, വെള്ളിയാഴ്ച പുലർച്ചെ മുതൽ നജ്റാന്റെ കിഴക്കൻ ഭാഗങ്ങളിലും കിഴക്കൻ പ്രവിശ്യയുടെ തെക്കൻ മേഖലകളിലും നേരിയതോ മിതമായതോ ആയ മഴ ലഭിക്കും. ഉച്ചയോടെ കിഴക്കൻ പ്രവിശ്യയുടെ തെക്കൻ ഭാഗങ്ങളിൽ നേരിയ മഴ തുടരും.

വൈകുന്നേരത്തോടെ കിഴക്കൻ പ്രവിശ്യയിൽ മഴ കുറയുകയും നജ്റാനിലേക്ക് നീങ്ങുകയും ചെയ്യും. അതേസമയം, അസീർ, ജിസാൻ, മക്ക മേഖലകളുടെ തെക്കുപടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ മിതമായ മഴ വ്യാപിക്കും. രാത്രി എത്തുമ്പോഴേക്കും പടിഞ്ഞാറൻ നജ്റാനും കിഴക്കൻ പ്രവിശ്യയുടെ തെക്കൻ ഭാഗങ്ങളിലും മാത്രം നേരിയ മഴ തുടരുമെന്നാണ് പ്രവചനം.

ശനിയാഴ്ച ഉച്ചയ്ക്ക് കിഴക്കൻ പ്രവിശ്യയുടെ തെക്കുപടിഞ്ഞാറൻ ഭാഗങ്ങളിലും നജ്റാന്റെ വടക്കൻ മേഖലകളിലും റിയാദ് മേഖലയിലെ തെക്കൻ മധ്യഭാഗങ്ങളിലും തെക്കുപടിഞ്ഞാറൻ തീരപ്രദേശങ്ങളിലുമായി നേരിയ മഴ ലഭിക്കും. പിന്നീട് ജിസാൻ, അസീർ, മക്ക മേഖലയിലെ തായിഫ് എന്നിവിടങ്ങളിൽ മിതമായ മഴ ശക്തിപ്രാപിക്കും. റിയാദ്-ഖസീം അതിർത്തിയിലും ഇടയ്ക്കിടെ നേരിയ മഴ പ്രതീക്ഷിക്കുന്നു.

ഞായറാഴ്ച ഉച്ചവരെ പൊതുവെ വരണ്ട കാലാവസ്ഥയായിരിക്കും. തുടർന്ന് കിഴക്കൻ ജിസാൻ, തെക്കൻ അസീർ മേഖലകളിൽ മിതമായതോ ശക്തമായതോ ആയ മഴയ്ക്കും, കിഴക്കൻ നജ്റാനും കിഴക്കൻ പ്രവിശ്യയുടെ തെക്കൻ ഭാഗങ്ങളിലും നേരിയ മഴയ്ക്കും സാധ്യതയുണ്ട്. വൈകുന്നേരത്തോടെ കിഴക്കൻ പ്രവിശ്യയിലേക്കും റിയാദ് മേഖലയിലേക്കും മഴ വ്യാപിക്കും.

തിങ്കളാഴ്ച പുലർച്ചെയോടെ മഴ പൂർണമായും മാറുമെങ്കിലും ഉച്ചയ്ക്ക് ശേഷം കിഴക്കൻ പ്രവിശ്യ, അസീർ, ജിസാൻ, മക്ക മേഖലയിലെ തായിഫ് എന്നിവിടങ്ങളിൽ വീണ്ടും നേരിയതോ മിതമായതോ ആയ മഴ ലഭിക്കും. രാത്രി കിഴക്കൻ പ്രവിശ്യ-നജ്റാൻ അതിർത്തിയിൽ മാത്രം നേരിയ മഴ തുടരും.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം കിഴക്കൻ പ്രവിശ്യയുടെ തെക്കൻ ഭാഗങ്ങൾ, തെക്കൻ റിയാദ്, തെക്കൻ നജ്റാൻ എന്നിവിടങ്ങളിൽ നേരിയ മഴ പ്രതീക്ഷിക്കുന്നു. വൈകുന്നേരത്തോടെ അസീർ-ജിസാൻ അതിർത്തിയിൽ മിതമായതോ ശക്തമായതോ ആയ മഴ ലഭിക്കുകയും അൽ-ബാഹയിലേക്കും വ്യാപിക്കുകയും ചെയ്യും. തുടർന്ന് മഴയുടെ ശക്തി കുറയും.

ബുധനാഴ്ച പുലർച്ചെ നജ്റാനിലും റിയാദിന്റെ വടക്കൻ ഭാഗങ്ങളിലും നേരിയ മഴയുണ്ടാകും. രാവിലെ അസീർ-ജിസാൻ അതിർത്തിയിലും അൽ-ബാഹയിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വൈകുന്നേരത്തോടെ മഴയുടെ തീവ്രത കുറയുകയും തെക്കൻ സൗദിയിലെ ചില ഭാഗങ്ങളിൽ മാത്രം നേരിയ മഴ തുടരുകയും ചെയ്യും.

വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം അസീർ, ജസാൻ മേഖലകളിൽ വീണ്ടും ശക്തമായ മഴ ലഭിക്കുമെങ്കിലും അത് അധികനേരം നീണ്ടുനിൽക്കില്ല.

അടുത്ത വെള്ളിയാഴ്ചയും ഉച്ചയ്ക്ക് ശേഷം അസീർ, ജിസാൻ, അൽ-ബാഹ മേഖലകളിൽ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് എൻ.സി.എം അറിയിച്ചു. വൈകുന്നേരത്തോടെ മഴയുടെ ശക്തി കുറഞ്ഞ് ക്രമേണ അവസാനിക്കുമെന്നാണ് പ്രവചനം. 

Content Highlights: NCM predicts widespread rain and thunderstorms across Saudi regions., Affected areas include Najran, Eastern Province, Asir, Jazan, and Makkah., Weather patterns indicate intermittent rain cycles throughout the coming week., Public advised to monitor official NCM updates for safety.