സൗദി അറേബ്യയിൽ വീണ്ടും ഹൂതികളുടെ മിസൈൽ ആക്രമണം

റിയാദ്: സൗദി അറേബ്യയിലെ നജ്റാനിലേക്ക് ഹൂതികൾ വീണ്ടും മിസൈൽ ആക്രമണം നടത്തി. നജ്റാനിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് ആറു പേർക്ക് പരിക്കേൽക്കുകയും മൂന്ന് വീടുകൾക്കും വാഹനങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തതായി സൗദി സഖ്യസേന അറിയിച്ചു.
സൈനിക ഹെലികോപ്ടർ തകർന്ന് രണ്ട് സൈനികർ മരിച്ച സംഭവത്തിൽ ഹെലികോപ്ടർ തങ്ങൾ വെടിവെച്ചിട്ടതാണെന്ന് ഹൂതികൾ അവകാശപ്പെട്ടെങ്കിലും സാങ്കേതിക തകരാറാണ് അപകടകാരണമെന്ന് സഖ്യസേന വക്താവ് വ്യക്തമാക്കി. കൂടാതെ, സൗദി അറേബ്യയുടെ ആക്രമണത്തിൽ വടക്കൻ യെമനിൽ ഒമ്പത് പേർ മരിച്ചതായും ഹൂതികൾ ആരോപിച്ചിട്ടുണ്ട്.
സൗദി പ്രതിരോധ മന്ത്രിയും യു.എ.ഇ വൈസ് പ്രസിഡന്റും അബുദാബിയിൽ വെച്ച് നിലവിലെ സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ച് ഉന്നതതല ചർച്ച നടത്തി. സൗദിയുടെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഈജിപ്ത് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, സൗദി അറേബ്യയിലേക്കുള്ള തങ്ങളുടെ വിമാന സർവ്വീസുകൾ ഈ മാസം 27 വരെ റദ്ദാക്കിയതായി ആകാശ എയർ അറിയിച്ചു.