മക്ക തീർഥാടകരുടെ സഞ്ചാരം സുഗമമാക്കാൻ ഇലക്ട്രിക് വാഹനങ്ങളും സ്മാർട്ട് ആപ്ലിക്കേഷനുകളും

മക്ക: മസ്ജിദുൽ ഹറാമിലെത്തുന്ന തീർഥാടകരുടെ സഞ്ചാരം സുഗമമാക്കുന്നതിനായി സമഗ്ര സംവിധാനമൊരുക്കി മക്കയിലെ ഹറം ജനറൽ അതോറിറ്റി. ഇലക്ട്രിക് വാഹനങ്ങൾ, ദിശാസൂചനാ ബോർഡുകൾ, സ്മാർട്ട് ആപ്ലിക്കേഷനുകൾ തുടങ്ങിയവ ഉൾപ്പെടുത്തിയ സംവിധാനത്തിലൂടെ തിരക്ക് നിയന്ത്രിക്കാനും തീർഥാടകർക്ക് വിവിധ സ്ഥലങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനും സൗകര്യമൊരുക്കും.
തീർഥാടകരുടെ സേവനത്തിനായി പ്രത്യേക ഇലക്ട്രിക് വാഹനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും കൂടുതൽ സഹായകരമാകുന്ന തരത്തിൽ അനുബന്ധ ഗതാഗത സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ, പ്രത്യേക നടപ്പാതകൾ സജ്ജീകരിക്കുകയും ദിശാസൂചനാ സംവിധാനങ്ങളിലൂടെ ജനത്തിരക്ക് നിയന്ത്രിച്ച് വിവിധ ഭാഗങ്ങളിലേക്കുള്ള സഞ്ചാരം ക്രമീകരിക്കുകയും ചെയ്യും.
മസ്ജിദിന്റെ വിവിധ നിലകളെയും മുറ്റങ്ങളെയും ബന്ധിപ്പിക്കുന്ന പാലങ്ങൾ, പടിക്കെട്ടുകൾ, ലിഫ്റ്റുകൾ എന്നിവയുടെ ശൃംഖലയും സഞ്ചാരസൗകര്യം വർധിപ്പിക്കുന്നു. തിരക്കേറിയ സമയങ്ങളിൽ ജനങ്ങളുടെ ഒഴുക്ക് സുഗമമാക്കുന്നതിനായി ഒന്നിലധികം യാത്രാമാർഗങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
ചില ഗതാഗത സംവിധാനങ്ങളും അനുബന്ധ സേവനങ്ങളും മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനും അവയുടെ ഉപയോഗം ക്രമീകരിക്കുന്നതിനും സ്മാർട്ട് പ്ലാറ്റ്ഫോമുകളും ആപ്ലിക്കേഷനുകളും പ്രയോജനപ്പെടുത്തും.
വർധിച്ചുവരുന്ന തീർഥാടകരുടെ എണ്ണം കണക്കിലെടുത്ത് പ്രവർത്തന, മാർഗനിർദേശ, സാങ്കേതിക സംവിധാനങ്ങൾ ഏകോപിപ്പിച്ചാണ് അതോറിറ്റി തിരക്ക് നിയന്ത്രിക്കുന്നത്. തീർഥാടകർക്ക് ലക്ഷ്യസ്ഥാനങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനും സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
മസ്ജിദുൽ ഹറാമിനും അവിടെയെത്തുന്ന തീർഥാടകർക്കും ഭരണനേതൃത്വം നൽകിവരുന്ന പ്രത്യേക പരിഗണനയുടെ ഭാഗമായാണ് ഈ നടപടികൾ. മനുഷ്യവിഭവശേഷിയും സാങ്കേതിക-പ്രവർത്തന സംവിധാനങ്ങളും പരമാവധി പ്രയോജനപ്പെടുത്തി തീർഥാടകരുടെയും വിശ്വാസികളുടെയും അനുഭവം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. വിഷൻ 2030-ന്റെ ഭാഗമായി ദൈവത്തിന്റെ അതിഥികൾക്ക് മികച്ച സേവനമൊരുക്കുകയും ആരാധനാകർമങ്ങൾ കൂടുതൽ സുഗമമാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനങ്ങൾ.
Content Highlights: Makah Pilgrims Facilities, Saudi Arabia