റിയാദിലെ ഹൂതി ആക്രമണം: പരിക്കേറ്റവരിൽ രണ്ട് ഇന്ത്യക്കാർ; സൗദിക്ക് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ

#ജാഫറലി പാലക്കോട്
ഫയല്‍ഫോട്ടോ
ഫയല്‍ഫോട്ടോ

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ ഫിനാൻഷ്യൽ ഡിസ്ട്രിക്ടിലെ കെട്ടിടത്തിന് നേരെയുണ്ടായ ഹൂതി ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാർക്ക് പരിക്കേറ്റതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. രണ്ട് സൗദി പൗരന്മാരും മൂന്ന് നേപ്പാൾ സ്വദേശികളും നാല് ഈജിപ്തുകാരും ഉൾപ്പെടെ 11 പേർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. സംഭവത്തെ ശക്തമായി അപലപിച്ച ഇന്ത്യ, സൗദിയിലെ സിവിലിയൻ, സാമ്പത്തിക, ഊർജ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.

ബുധനാഴ്ച എക്സിലൂടെ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. പരിക്കേറ്റ ഇന്ത്യക്കാർക്കും അവരുടെ കുടുംബങ്ങൾക്കും റിയാദിലെ ഇന്ത്യൻ എംബസി ആവശ്യമായ എല്ലാ സഹായങ്ങളും നൽകിവരികയാണെന്നും മന്ത്രാലയം അറിയിച്ചു.

സാധാരണക്കാരുടെ ജീവന് ഭീഷണിയുയർത്തുന്ന ഇത്തരം ആക്രമണങ്ങൾ സൗദി അറേബ്യയുടെ പരമാധികാരത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ പരമാധികാരം, ഭൂപ്രദേശത്തിന്റെ അഖണ്ഡത, പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ എന്നിവ സംരക്ഷിക്കുന്നതിനുള്ള സൗദി അറേബ്യയുടെ നടപടികൾക്ക് ഇന്ത്യ പൂർണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു.

ചൊവ്വാഴ്ചയായിരുന്നു റിയാദ് ഫിനാൻഷ്യൽ ഡിസ്ട്രിക്ടിലെ കെട്ടിടത്തിനു നേരെ ആക്രമണമുണ്ടായത്. സൗദി പരമാധികാര നിക്ഷേപ നിധിയായ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ ആസ്ഥാനവും ഈ കെട്ടിടത്തിലാണ്. ഒരാഴ്ചയ്ക്കിടെ മേഖലയിൽ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. നവംബർ 19-ന് നടന്ന ആദ്യ ആക്രമണത്തിൽ കെട്ടിടത്തിന് നാശനഷ്ടങ്ങളുണ്ടായിരുന്നെങ്കിലും ആളപായമുണ്ടായിരുന്നില്ല.

ആക്രമണത്തെ ഭീകരാക്രമണമെന്ന് വിശേഷിപ്പിച്ച സൗദി നേതൃത്വത്തിലുള്ള സഖ്യസേന, സംഭവസ്ഥലത്ത് ബന്ധപ്പെട്ട അധികൃതർ തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്നും അറിയിച്ചു.

Content Highlights: Saudi Arabia, Hoodi Attack, Indians Killed