സൗദിയിൽ ഇന്ത്യക്കാർക്കടക്കം സ്വത്ത് സ്വന്തമാക്കാം; നിരവധി മേഖലകളിൽ അനുമതി

റിയാദ്: സൗദി പൗരർ അല്ലാത്തവർക്ക് രാജ്യത്ത് സ്വത്തുവകകൾ സ്വന്തമാക്കാൻ അനുമതിയുള്ള ഭൂമിശാസ്ത്ര മേഖലകൾ സൗദി മന്ത്രിസഭ അംഗീകരിച്ചു. രാജ്യത്തെ ഭൂരിഭാഗം ഗവർണറേറ്റുകളും നഗരങ്ങളും ഉൾപ്പെടെ നിരവധി മെഗാപ്രോജക്ടുകൾ, പ്രത്യേക സാമ്പത്തിക മേഖലകൾ, വികസന കേന്ദ്രങ്ങൾ എന്നിവയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിക്ഷേപ ആകർഷണം വർധിപ്പിക്കാനും റിയൽ എസ്റ്റേറ്റ് വിപണിയുടെ കാര്യക്ഷമത ഉയർത്താനും ലക്ഷ്യമിട്ടുള്ള പുതിയ റിയൽ എസ്റ്റേറ്റ് ഉടമസ്ഥതാ സംവിധാനത്തിന്റെ ഭാഗമായാണ് നടപടി.
സൗദിക്കാരല്ലാത്തവരുടെ റിയൽ എസ്റ്റേറ്റ് ഉടമസ്ഥതയ്ക്ക് പുതുക്കിയ നിയന്ത്രണ ചട്ടക്കൂടാണ് ഈ സംവിധാനം. നിശ്ചിത മാനദണ്ഡങ്ങളും ഭൂമിശാസ്ത്രപരമായ പരിധികളുമനുസരിച്ച് വിദേശികൾക്ക് സൗദിയിൽ സ്വത്ത് സ്വന്തമാക്കാൻ ഇത് അവസരം നൽകും. ഇതിലൂടെ നിക്ഷേപ സാധ്യതകൾ വർധിക്കുകയും റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് പുതിയ ഉണർവ് ലഭിക്കുകയും സൗദി വിഷൻ 2030 ലക്ഷ്യങ്ങൾക്ക് പിന്തുണ ലഭിക്കുകയും ചെയ്യും.
നിയമം പ്രാബല്യത്തിൽ വരുന്ന തീയതി മുതൽ 180 ദിവസത്തിനകം എക്‌സിക്യുട്ടീവ് ചട്ടങ്ങളും ഭൂമിശാസ്ത്ര മേഖലകളുടെ ഔദ്യോഗിക രേഖയും പുറത്തിറക്കാനാണ് തീരുമാനം. അതിനാൽ നിയമം പ്രാബല്യത്തിൽ വരുന്നതിനു മുൻപായിതന്നെ കൂടുതൽ വ്യക്തതയുള്ള ചട്ടങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷ.
സ്വത്ത് സ്വന്തമാക്കാൻ അനുമതിയുള്ള പ്രധാന മേഖലകളിൽ രാജ്യതലത്തിലുള്ള മെഗാപ്രോജക്ടുകളായ നിയോം, അമലാ, റെഡ് സീ എന്നിവ ഉൾപ്പെടുന്നു. കൂടാതെ ജിസാൻ സ്‌പെഷ്യൽ ഇക്കണോമിക് സോൺ, റാസ് അൽ ഖൈർ, കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി തുടങ്ങിയ പ്രത്യേക സാമ്പത്തിക മേഖലകൾക്കും അനുമതി നൽകിയിട്ടുണ്ട്.
റിയാദിൽ ഖിദ്ദിയ, ന്യൂ സ്‌ക്വയർ, സ്‌പോർട്‌സ് ട്രാക്ക്, ആർട്‌സ് ഡിസ്ട്രിക്ട്, ദിരിയ ഗേറ്റ്, കിങ് സൽമാൻ പാർക്ക്, കിങ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റ് (KAFD), കിങ് സൽമാൻ ഇന്റർനാഷണൽ എയർപോർട്ട് തുടങ്ങിയ മേഖലകൾ അനുമതിപ്പട്ടികയിൽ ഉൾപ്പെടുന്നു. ജിദ്ദയിൽ അപ്പ്ടൗൺ, അൽ അറൂസ്, സെൻട്രൽ ജിദ്ദ എന്നിവയ്ക്കൊപ്പം 55 മറ്റു വികസന മേഖലകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
മക്കയിൽ മക്ക ടവേഴ്‌സ്, അൽ മനാർ, അജ്യാദ് ടവർ, കിങ് സൽമാൻ ഗേറ്റ്, ജബൽ ഒമർ, ധാഖിർ മക്ക, സുമൂ സബർബ്, മസാർ എന്നിവയും മറ്റ് മൂന്ന് മേഖലകളും ഉൾപ്പെടുന്നു. മദീനയിൽ അൽ ഘർറ, അൽ മഹ്വ, ദാർ അൽ ഹിജ്‌റ, ഡൗൺടൗൺ മദീന, റൂആ അൽ മദീന, നോളജ് ഇക്കണോമിക് സിറ്റി എന്നിവയും മറ്റു രണ്ട് മേഖലകളും അനുമതിപ്പട്ടികയിൽ ഉൾപ്പെടുന്നു. അൽഉലയിലെ 17 മേഖലകളിലും സ്വത്ത് സ്വന്തമാക്കാൻ അനുമതി നൽകുന്ന രീതിയിലാണ് ഭൂമിശാസ്ത്രപരമായ പരിധി നിശ്ചയിച്ചിരിക്കുന്നത്.
ആകെ 13 മേഖലകളിലായി റിയാദ്, മക്ക, മദീന, ഖസീം, കിഴക്കൻ പ്രവിശ്യ, അസീർ, തബൂക്ക്, ഹായിൽ, നോർതേൺ ബോർഡേഴ്‌സ്, ജസാൻ, നജ്‌റാൻ, അൽ ബാഹ, അൽ ജൗഫ് എന്നിവിടങ്ങളിലെ നിർദിഷ്ട ഭാഗങ്ങളിലാണ് സൗദിയല്ലാത്തവർക്ക് റിയൽ എസ്റ്റേറ്റ് സ്വന്തമാക്കാൻ അനുമതി നൽകുന്നത്.
Content Highlights: Saudi Cabinet approves specific geographic zones for foreign real estate ownership., Includes mega-projects like NEOM, Red Sea, and King Abdullah Economic City