സൗദി ചരിത്രം പ്രോത്സാഹിപ്പിക്കാൻ പുതിയ പദ്ധതി; 2027 രണ്ടാം പാദത്തിൽ പദ്ധതി ആരംഭിക്കും

സൗദി അറേബ്യയിലെ കിങ് അബ്ദുൽ അസീസ് റിസർച്ച് ആൻഡ് ആർക്കൈവ്‌സ് പബ്ലിക് ഫൗണ്ടേഷൻ ചെയർമാൻ പ്രിൻസ് ഫൈസൽ ബിൻ സൽമാൻ റിയാദിൽ നടന്ന യോഗത്തിൽ അധ്യക്ഷത വഹിക്കുന്നു. (എസ്.പി.എ)
സൗദി അറേബ്യയിലെ കിങ് അബ്ദുൽ അസീസ് റിസർച്ച് ആൻഡ് ആർക്കൈവ്‌സ് പബ്ലിക് ഫൗണ്ടേഷൻ ചെയർമാൻ പ്രിൻസ് ഫൈസൽ ബിൻ സൽമാൻ റിയാദിൽ നടന്ന യോഗത്തിൽ അധ്യക്ഷത വഹിക്കുന്നു. (എസ്.പി.എ)

റിയാദ്: സൗദി അറേബ്യയുടെ ദേശീയ ചരിത്രത്തെക്കുറിച്ചുള്ള അറിവ് വർധിപ്പിക്കുന്നതിനായി ആവിഷ്കരിച്ച എക്സിക്യൂട്ടീവ് പ്രോഗ്രാമിന് കിങ് അബ്ദുൽ അസീസ് പബ്ലിക് ഫൗണ്ടേഷൻ ഫോർ റിസർച്ച് ആൻഡ് ആർക്കൈവ്സ് ചെയർമാൻ പ്രിൻസ് ഫൈസൽ ബിൻ സൽമാൻ അംഗീകാരം നൽകി. 2027ലെ രണ്ടാം പാദത്തിൽ പദ്ധതി ആരംഭിക്കും.
റിയാദിലെ ഫൗണ്ടേഷൻ ആസ്ഥാനത്ത് ചേർന്ന പഠന-പ്രസിദ്ധീകരണ കാര്യ സമിതിയുടെ യോഗത്തിലാണ് അംഗീകാരം ലഭിച്ചത്. ഫൗണ്ടേഷൻ ഡയറക്ടർ ബോർഡിന്റെ ഉപസമിതിയാണ് പഠന-പ്രസിദ്ധീകരണ കാര്യ സമിതി.
സൗദി ചരിത്രത്തിൽ വിദഗ്ധരായവരുടെ മേൽനോട്ടത്തിൽ 40 മണിക്കൂറിലധികം ദൈർഘ്യമുള്ള തീവ്ര പരിശീലന കോഴ്‌സാണ് പദ്ധതിയുടെ ഭാഗമായി നടത്തുക. ചരിത്ര പശ്ചാത്തലങ്ങൾ മനസ്സിലാക്കുക, സംഭവങ്ങൾ വിശകലനം ചെയ്യുക, വിശ്വസനീയമായ വിവരങ്ങൾ കണ്ടെത്തുക, ചരിത്ര സ്രോതസ്സുകളുടെ ആധികാരികത പരിശോധിക്കുക തുടങ്ങിയ മേഖലകളിൽ പങ്കാളികളുടെ കഴിവുകൾ വികസിപ്പിക്കുകയാണ് ലക്ഷ്യം.
വിദഗ്ധ ചരിത്ര ഗവേഷണത്തിന് പിന്തുണ നൽകുക, അക്കാദമിക പ്രസിദ്ധീകരണങ്ങൾ മെച്ചപ്പെടുത്തുക, ചരിത്ര സ്രോതസ്സുകൾ സംരക്ഷിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുക തുടങ്ങിയ വിഷയങ്ങളും യോഗം ചർച്ച ചെയ്തു. ചരിത്രപഠനങ്ങളിലൂടെ അറിവിന്റെ ഉൽപ്പാദനം വർധിപ്പിക്കാനും ഗവേഷകർക്കും വിദഗ്ധർക്കും കൂടുതൽ അവസരങ്ങൾ ഒരുക്കാനും ഈ പ്രവർത്തനങ്ങൾ സഹായിക്കുമെന്ന് വിലയിരുത്തി.
ചരിത്രപഠനത്തിലും അക്കാദമിക പ്രസിദ്ധീകരണ രംഗത്തും വൈദഗ്ധ്യമുള്ളവരെ ഉൾപ്പെടുത്തി പഠന-പ്രസിദ്ധീകരണ കാര്യ സമിതി രൂപീകരിക്കാൻ ഫൗണ്ടേഷൻ ഡയറക്ടർ ബോർഡ് നേരത്തേ അംഗീകാരം നൽകിയിരുന്നു. ഗവേഷണവും പ്രസിദ്ധീകരണവും ശക്തിപ്പെടുത്തുന്നതിനൊപ്പം സൗദി ചരിത്രത്തെയും ദേശീയ പൈതൃകത്തെയും സംരക്ഷിക്കുന്നതിനുള്ള പ്രത്യേക ചരിത്രപഠനങ്ങൾ പ്രോത്സാഹിപ്പിക്കുകയുമാണ് സമിതിയുടെ ലക്ഷ്യം.