സൗദിയിൽ മലയാളിയുടെ വധശിക്ഷ നടപ്പാക്കി; ശിക്ഷ 43 കിലോ മയക്കുമരുന്ന് കടത്തിയ കേസിൽ

#ഗൾഫ് ഡെസ്ക്
അബൂട്ടി
അബൂട്ടി

ദമ്മാം: മയക്കുമരുന്ന് കടത്തിയ കേസിൽ സൗദി അറേബ്യയിലെ ദമ്മാമിൽ മലയാളിയുടെ വധശിക്ഷ നടപ്പാക്കി. തലശ്ശേരി മാഹി പെരിങ്ങാട് സ്വദേശി അബൂട്ടി വെള്ളിലിയുടെ (41) ശിക്ഷയാണ് ഞായറാഴ്ച നടപ്പാക്കിയത്. സൗദി ആഭ്യന്തര മന്ത്രാലയമാണ് ശിക്ഷ നടപ്പാക്കിയ കാര്യം വ്യക്തമാക്കിയത്.

2023-ൽ ഒമാനിൽനിന്ന് റോഡ് മാർഗം സൗദിയിലേക്ക് മാരക ലഹരി വസ്തുക്കളുടെ വൻശേഖരം കടത്തിയതിനെ തുടർന്നാണ് അബൂട്ടി പിടിയിലായത്. 43 കിലോ വരുന്ന ലഹരിവസ്തുക്കൾ ഇദ്ദേഹം ഓടിച്ചിരുന്ന ജി.എം.സി വാനിൽനിന്ന് പിടിച്ചെടുക്കുകയായിരുന്നു.

കേസിൽ വിചാരണ കോടതി പ്രോസിക്യൂഷൻ സമർപ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ വധശിക്ഷ വിധിക്കുകയായിരുന്നു. ഇത് പിന്നീട് അപ്പീൽ കോടതിയും സുപ്രീംകോടതിയും ശരിവെച്ചതോടെയാണ് രാജവിഞ്ജാപനത്തിലൂടെ ശിക്ഷ നടപ്പാക്കിയത്.