ഉംറയും ഉയർന്ന ശമ്പളമുള്ള ജോലിയും വാഗ്ദാനംചെയ്ത് ചതി; സൗദിയിൽ മലയാളി ഉൾപ്പെടെ എട്ട് ഇന്ത്യക്കാർ വധശിക്ഷാ ഭീഷണിയിൽ

റിയാദ്: ഉംറ നിർവഹിക്കാനും മികച്ച ശമ്പളത്തിൽ ജോലിചെയ്യാനുമുള്ള അവസരം വാഗ്ദാനംചെയ്ത് ലഹരിക്കടത്ത് സംഘത്തിന്റെ കെണിയിൽ വീണതായി പറയപ്പെടുന്ന എട്ട് ഇന്ത്യക്കാർ സൗദി അറേബ്യയിൽ കസ്റ്റഡിയിൽ. തൃശൂർ കൊച്ചന്നൂർ സ്വദേശി ഉമർ ഷെരീഫും പശ്ചിമ ബംഗാൾ സ്വദേശികളായ ഏഴുപേരുമാണ് പിടിയിലായത്. സൗദിയിലെ കർശനമായ ലഹരിവിരുദ്ധ നിയമങ്ങൾ പ്രകാരം വധശിക്ഷ ഉൾപ്പെടെയുള്ള കടുത്ത ശിക്ഷകൾ നേരിടേണ്ടിവരുമെന്ന ആശങ്കയിലാണ് കുടുംബങ്ങൾ.
ജിദ്ദയിൽ മാസം ഒരുലക്ഷം രൂപ ശമ്പളത്തിൽ മൂന്നുമാസത്തേക്ക് മേസൺ ജോലിയുടെ സൂപ്പർവൈസറായി ജോലിചെയ്യാമെന്നും സൗജന്യമായി ഉംറ നിർവഹിക്കാമെന്നുമായിരുന്നു വാഗ്ദാനം. ഇത് വിശ്വസിച്ച യുവാക്കൾ യാത്രയ്ക്കു മുന്നോടിയായി മധുരപലഹാരങ്ങളും ഭക്ഷ്യവസ്തുക്കളും അടങ്ങിയ പാക്കറ്റുകൾ ഏറ്റുവാങ്ങുകയായിരുന്നു. എന്നാൽ, ഈ പാക്കറ്റുകൾക്കുള്ളിൽ മാരകമായ ലഹരിമരുന്നുകൾ ഒളിപ്പിച്ചിരുന്നതായാണ് റിപ്പോർട്ട്.
കോയമ്പത്തൂർ വഴി ജിദ്ദ വിമാനത്താവളത്തിലെത്തിയ യുവാക്കളെ പരിശോധനയ്ക്കിടെ സൗദി കസ്റ്റംസ്, സുരക്ഷാ വിഭാഗങ്ങൾ ചേർന്ന് പിടികൂടുകയായിരുന്നു. തങ്ങൾ ഏറ്റുവാങ്ങിയ പാക്കറ്റുകളിൽ ലഹരിമരുന്നുണ്ടെന്ന കാര്യം അറിയില്ലായിരുന്നുവെന്നും തങ്ങൾ ചതിക്കപ്പെടുകയായിരുന്നുവെന്നുമാണ് പിടിയിലായവർ പറയുന്നത്. സംഭവത്തിൽ ഉമർ ഷെരീഫിന്റെ കുടുംബം കടുത്ത ആശങ്കയിലാണ്.
നിരപരാധികളായ യുവാക്കളെ ലഹരിക്കടത്ത് സംഘം ചതിയിൽപ്പെടുത്തുകയായിരുന്നുവെന്ന വാദം പരിഗണിച്ച് അവരുടെ മോചനത്തിനും നിയമസഹായത്തിനുമായി അടിയന്തര ഇടപെടൽ നടത്തണമെന്ന് ഭാര്യയും കുടുംബാംഗങ്ങളും കേന്ദ്ര-സംസ്ഥാന സർക്കാരുകളോടും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിനോടും അഭ്യർഥിച്ചു.
യുവാക്കൾ മനഃപൂർവം ലഹരിക്കടത്തിൽ പങ്കെടുത്തതാണോ, അതോ വാഗ്ദാനങ്ങളുടെ മറവിൽ ചതിക്കപ്പെട്ടതാണോ എന്നത് നിയമനടപടികളിലൂടെ വ്യക്തമാകേണ്ടതുണ്ട്. കേസിന്റെ നിലവിലെ നിയമസ്ഥിതിയും ഔദ്യോഗികമായി സ്ഥിരീകരിച്ച ശിക്ഷാ വിവരങ്ങളും ലഭ്യമല്ലാത്തതിനാൽ വധശിക്ഷ ലഭിക്കുമെന്ന് ഉറപ്പിച്ചു പറയാനാകില്ല.