75 രാജ്യങ്ങളുമായി സൗദി അറേബ്യ 2027 ഹജ്ജ് ഒരുക്കങ്ങൾ ആരംഭിച്ചു

മക്ക: 2027-ലെ ഹജ്ജ് സീസണിന് മുന്നോടിയായി ലോകത്തെ 75ലധികം രാജ്യങ്ങളിലെ ഹജ്ജ് കാര്യാലയങ്ങളുമായി സൗദി അറേബ്യയുടെ ഹജ്ജ്-ഉംറ മന്ത്രാലയം ഒരുക്കങ്ങൾ ആരംഭിച്ചു. ഹജ്ജ് തീർഥാടകരുടെ യാത്ര സുഗമമാക്കുന്നതിനും സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും വിവിധ രാജ്യങ്ങളുമായി ഏകോപനം ശക്തിപ്പെടുത്തുന്നതിനുമുള്ള ആദ്യഘട്ട തയ്യാറെടുപ്പുകളുടെ ഭാഗമായാണ് മന്ത്രാലയം യോഗങ്ങൾ സംഘടിപ്പിക്കുന്നതെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
വരാനിരിക്കുന്ന ഹജ്ജ് സീസണിനായുള്ള ഒരുക്കങ്ങളും വിവിധ രാജ്യങ്ങളിലെ ഹജ്ജ് കാര്യാലയങ്ങളുടെ പ്രവർത്തന പദ്ധതികളും യോഗങ്ങളിൽ അവലോകനം ചെയ്യും. ഹജ്ജ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രധാന നിർദേശങ്ങളും നിയമങ്ങളും ചർച്ച ചെയ്യുന്നതിനൊപ്പം, ഹജ്ജ് കാര്യാലയങ്ങൾ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങൾ പരിഗണിക്കുകയും അവരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്യും.
അംഗീകരിച്ച സമയക്രമം അനുസരിച്ച് ആവശ്യമായ ക്രമീകരണങ്ങൾ പൂർത്തിയാക്കുന്നതിനാണ് ഈ നടപടികൾ. ഹജ്ജ് തീർഥാടകരെ സേവിക്കുന്നതിനും അവരുടെ യാത്ര സുഗമമാക്കുന്നതിനുമായി ലഭ്യമായ എല്ലാ വിഭവങ്ങളും പരമാവധി പ്രയോജനപ്പെടുത്തണമെന്ന സൗദി നേതൃത്വത്തിന്റെ നിർദേശങ്ങളുടെ ഭാഗമായാണ് 2027 ഹജ്ജിനായുള്ള നേരത്തെയുള്ള ഒരുക്കങ്ങൾ ആരംഭിച്ചതെന്ന് മന്ത്രാലയം അറിയിച്ചു.
സൗദി വിഷൻ 2030ന്റെയും തീർഥാടക അനുഭവ പരിപാടിയുടെയും ലക്ഷ്യങ്ങൾക്കനുസൃതമായി ഹജ്ജ് കാര്യാലയങ്ങളുമായും ബന്ധപ്പെട്ട വിവിധ അധികാരികളുമായും ഏകോപനം ശക്തിപ്പെടുത്താനും തയ്യാറെടുപ്പ് നിലവാരം ഉയർത്താനും സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഈ നടപടികൾ സഹായിക്കും. തീർഥാടകർക്ക് ഹജ്ജ് കർമങ്ങൾ കൂടുതൽ എളുപ്പത്തിലും സമാധാനത്തോടെയും നിർവഹിക്കാനും അവരുടെ ആത്മീയ അനുഭവം കൂടുതൽ സമ്പന്നമാക്കാനും ലക്ഷ്യമിട്ടാണ് ഒരുക്കങ്ങൾ.
അതേസമയം, മക്ക ഡെപ്യൂട്ടി ഗവർണർ പ്രിൻസ് സൗദ് ബിൻ മിഷാൽ ജിദ്ദ എയർപോർട്സ് കമ്പനി സി.ഇ.ഒ മാസിൻ ജൗഹറുമായി കൂടിക്കാഴ്ച നടത്തി. കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഈ വർഷത്തെ പ്രവർത്തന പ്രകടനവും പ്രധാന നേട്ടങ്ങളും യോഗത്തിൽ അവലോകനം ചെയ്തു.
കഴിഞ്ഞ ഉംറ, ഹജ്ജ് സീസണുകളിലെ പ്രവർത്തന ഫലങ്ങളും വിമാനത്താവളത്തിലെ വികസന പദ്ധതികളും ഭാവി പദ്ധതികളും യോഗത്തിൽ ചർച്ചയായി. വിമാനത്താവളത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുകയും യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിനുള്ള നടപടികളും അവലോകനം ചെയ്തു.
ഡെപ്യൂട്ടി ഗവർണർ പരിശോധിച്ച റിപ്പോർട്ട് പ്രകാരം, ഈ വർഷം ജനുവരി മുതൽ ജൂലൈ അവസാനം വരെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം 1,69,900 വിമാന സർവീസുകളിലായി ഏകദേശം 2.855 കോടി യാത്രക്കാർക്ക് സേവനം നൽകി.
Content Highlights: The Saudi Ministry of Hajj and Umrah has officially launched early preparations for the 2027 Hajj season by coordinating with Hajj offices from over 75 countries to streamline operational plans, boost service quality under Saudi Vision 2030, and review key airport performance metrics.