റിയാദും ഊർജകേന്ദ്രങ്ങളും ലക്ഷ്യമിട്ട് ഹൂതി ആക്രമണം; മിസൈലുകൾ തകർത്ത് സൗദി വ്യോമപ്രതിരോധ സേന

#ജാഫറലി പാലക്കോട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

റിയാദ്: യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി സായുധസംഘം സൗദി അറേബ്യയ്ക്കു നേരെ നടത്തുന്ന ആക്രമണങ്ങൾ തുടരുന്നതിനിടെ, ഞായറാഴ്ച പുലർച്ചെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ ലക്ഷ്യമിട്ട് വിക്ഷേപിച്ച നിരവധി ബാലിസ്റ്റിക് മിസൈലുകൾ സൗദി വ്യോമപ്രതിരോധ സേന തകർത്തു. യെമനിലെ നിയമസാധുത പുനഃസ്ഥാപിക്കാനുള്ള സഖ്യസേനയാണ് ഇക്കാര്യം അറിയിച്ചത്.

റിയാദിൽ പുലർച്ചെ 2.30-ന് ശേഷമാണ് ഏറ്റവും പുതിയ ആക്രമണമുണ്ടായത്. വ്യോമാക്രമണ ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ് നൽകി താമസക്കാരുടെ മൊബൈൽ ഫോണുകളിൽ സന്ദേശങ്ങളുമെത്തി.

ഹൂതികൾ സൗദി തലസ്ഥാനമായ റിയാദിനു നേരെ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ വ്യോമപ്രതിരോധ സേന തടഞ്ഞ് തകർത്തതായി സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി എക്സിലൂടെ അറിയിച്ചു.

കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്സ, അബ്ഖൈഖ് ഗവർണറേറ്റുകൾ ലക്ഷ്യമിട്ട് വിക്ഷേപിച്ച മറ്റൊരു ബാലിസ്റ്റിക് മിസൈലും നേരത്തേ സഖ്യസേന തകർത്തിരുന്നു. മിസൈൽ തകർത്തതിനെത്തുടർന്നുണ്ടായ അവശിഷ്ടങ്ങൾ പതിച്ചെങ്കിലും സാധാരണക്കാർക്ക് ആളപായമുണ്ടായിട്ടില്ലെന്ന് അൽ മാലികി വ്യക്തമാക്കി.

സൗദിയുടെ തെക്കുപടിഞ്ഞാറൻ അതിർത്തി മേഖലയായ ജിസാനെ ലക്ഷ്യമിട്ട് ആക്രമണം നടത്താൻ ഹൂതികൾ ഉപയോഗിച്ചിരുന്ന ബാലിസ്റ്റിക് മിസൈൽ വിക്ഷേപണ കേന്ദ്രവും യെമനിലെ സഅദ പ്രവിശ്യയിൽ സഖ്യസേന തകർത്തു.

ശനിയാഴ്ചയും സൗദിയുടെ വിവിധ ഭാഗങ്ങൾ ലക്ഷ്യമിട്ട് ഹൂതികൾ നടത്തിയ ആക്രമണങ്ങളിൽ നാല് ബാലിസ്റ്റിക് മിസൈലുകളും ഒരു ക്രൂസ് മിസൈലും സഖ്യസേന തകർത്തിരുന്നു. തെക്കൻ മേഖലയെ ലക്ഷ്യമിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകളും റിയാദ് പ്രവിശ്യയിലേക്ക് നീങ്ങിയ ഒരു ക്രൂസ് മിസൈലും ജിസാൻ പ്രവിശ്യയിലെ അൽ ശഖീഖ് ലക്ഷ്യമിട്ട മറ്റൊരു ബാലിസ്റ്റിക് മിസൈലുമാണ് തടഞ്ഞത്.

അൽ ശഖീഖിന് സമീപം മിസൈൽ അവശിഷ്ടങ്ങൾ പതിച്ചെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ലെന്ന് സഖ്യസേന അറിയിച്ചു. തെക്കൻ സൗദിയിലെ ജലവിതരണത്തിനും വൈദ്യുതി ഉൽപ്പാദനത്തിനും നിർണായകമായ വലിയ കടൽജല ശുദ്ധീകരണ പ്ലാന്റും വൈദ്യുതി നിലയങ്ങളും സ്ഥിതി ചെയ്യുന്ന തീരദേശ പട്ടണമാണ് അൽ ശഖീഖ്.

സൗദിയിലെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ടുള്ള ഹൂതി ആക്രമണങ്ങൾ അടുത്തിടെ ശക്തമായിട്ടുണ്ട്. വ്യാഴാഴ്ച ജിസാൻ റിഫൈനറിക്കു നേരെയുണ്ടായ ആക്രമണത്തിൽ നേപ്പാൾ സ്വദേശിയായ തൊഴിലാളി കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ചെങ്കടൽ തീരത്തുള്ള റിഫൈനറിക്ക് പ്രതിദിനം നാല് ലക്ഷം ബാരൽ അസംസ്കൃത എണ്ണ സംസ്കരിക്കാനുള്ള ശേഷിയുണ്ട്.

ബുധനാഴ്ച ജിസാൻ തുറമുഖത്തിനു നേരെയും ഹൂതികൾ ആക്രമണം നടത്തി. ചെറിയ നാശനഷ്ടങ്ങളുണ്ടായെങ്കിലും ആളപായമുണ്ടായില്ല. നേരത്തേ റിയാദിലെ കിങ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്ടിലെ ഒരു കെട്ടിടത്തിനു നേരെയുണ്ടായ ഹൂതി ആക്രമണത്തിൽ 11 പേർക്ക് പരിക്കേറ്റതായി സൗദി സിവിൽ ഡിഫൻസ് അറിയിച്ചിരുന്നു.

2022-ൽ യെമനിൽ വെടിനിർത്തൽ നിലവിൽ വന്നതിനു പിന്നാലെ താരതമ്യേന ശാന്തമായിരുന്ന മേഖലയിൽ അതിർത്തി കടന്നുള്ള ആക്രമണങ്ങൾ വീണ്ടും ശക്തമായതോടെ സുരക്ഷാ സാഹചര്യം വഷളായിരിക്കുകയാണ്. 2014-ൽ ഹൂതികൾ തലസ്ഥാനമായ സൻആയും രാജ്യത്തിന്റെ മറ്റു പ്രദേശങ്ങളും പിടിച്ചെടുത്തതോടെയാണ് യെമൻ സംഘർഷം ആരംഭിച്ചത്. തുടർന്ന് അന്താരാഷ്ട്ര അംഗീകാരമുള്ള യെമൻ സർക്കാരിനെ പിന്തുണച്ച് 2015-ൽ സൗദിയുടെ നേതൃത്വത്തിൽ സൈനിക സഖ്യം ഇടപെടുകയായിരുന്നു. സൗദിക്കു നേരെയുണ്ടായിരുന്ന നേരിട്ടുള്ള ഹൂതി ആക്രമണങ്ങളിൽ ദീർഘകാലത്തെ ഇടവേളയ്ക്കുശേഷം ഈ വർഷം ജൂലായിലാണ് വീണ്ടും സംഘർഷം രൂക്ഷമായത്.