റിയാദിനും ഖമീസ് മുശൈത്തിനും നേരെയുണ്ടായ ഹൂതി മിസൈൽ–ഡ്രോൺ ആക്രമണശ്രമം സൗദി പ്രതിരോധസേന തകർത്തു

#ജാഫറലി പാലക്കോട്
ജനറല്‍ തുര്‍ക്കി അല്‍ മാലികി
ജനറല്‍ തുര്‍ക്കി അല്‍ മാലികി

റിയാദ്: സൗദി അറേബ്യയെ ലക്ഷ്യമിട്ട് യമനിലെ ഹൂതി വിമതർ നടത്തിയ മിസൈൽ–ഡ്രോൺ ആക്രമണശ്രമം സൗദി വ്യോമപ്രതിരോധ സേന പരാജയപ്പെടുത്തി. റിയാദ് മേഖലയിലേക്ക് വിക്ഷേപിച്ച രണ്ട് ഡ്രോണുകളും ഖമീസ് മുശൈത്തിലേക്ക് ലക്ഷ്യമിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകളും തടഞ്ഞുനശിപ്പിച്ചതായി യമനിലെ നിയമാനുസൃത സർക്കാരിനെ പിന്തുണയ്ക്കുന്ന സഖ്യസേന അറിയിച്ചു.

സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽ മാലികി ശനിയാഴ്ച പുലർച്ചെ നാല് മണിയോടെ എക്സിലൂടെ നൽകിയ പ്രസ്താവനയിലാണ് റിയാദ് ലക്ഷ്യമാക്കി എത്തിയ രണ്ട് ഡ്രോണുകൾ തടഞ്ഞുനശിപ്പിച്ചതായി അറിയിച്ചത്. ഏകദേശം അരമണിക്കൂറിനുശേഷം ഖമീസ് മുശൈത്ത് ലക്ഷ്യമിട്ട് ഹൂതി വിമതർ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ കൂടി സൗദി വ്യോമപ്രതിരോധ സേന തകർത്തതായി അൽ മാലികി അറിയിച്ചു. തുടർന്ന് ഏകദേശം 20 മിനിറ്റിനുള്ളിൽ തെക്കുപടിഞ്ഞാറൻ നഗരമായ ഖമീസ് മുശൈത്തിലേക്ക് വിക്ഷേപിച്ച മറ്റൊരു മിസൈലും തടഞ്ഞുനശിപ്പിച്ചതായി അദ്ദേഹം വ്യക്തമാക്കി.

അതിനിടെ, അസീർ മേഖലയിലെ ഖമീസ് മുശൈത്ത്, അബ്ഹ നഗരങ്ങളിൽ സൗദി സിവിൽ ഡിഫൻസ് രാത്രിയിൽ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ റിയാദ് നഗരത്തിനായി പ്രത്യേക മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നില്ല.

മേഖലയിൽ സുരക്ഷാ ആശങ്ക വർധിക്കുന്നു

രണ്ട് ദിവസം മുമ്പ് യാൻബുവിനും തായിഫിനും നേരെ ഹൂതികൾ വിക്ഷേപിച്ച ആറ് ബാലിസ്റ്റിക് മിസൈലുകൾ സൗദി വ്യോമപ്രതിരോധ സേന തടഞ്ഞുനശിപ്പിച്ചതായി സഖ്യസേന അറിയിച്ചിരുന്നു. സൗദിക്കെതിരെ ആക്രമണങ്ങൾ ശക്തമാക്കിയ ഹൂതികൾ ചെങ്കടലിലെ സൗദിയുമായി ബന്ധമുള്ള കപ്പൽഗതാഗതത്തെയും ലക്ഷ്യമിടുന്നതായി റിപ്പോർട്ടുകളുണ്ട്. ഇതോടെ സൗദിയിലെ നഗരങ്ങളുടെയും ഊർജ അടിസ്ഥാനസൗകര്യങ്ങളുടെയും സുരക്ഷ സംബന്ധിച്ച് ആശങ്കകൾ ഉയർന്നിട്ടുണ്ട്.

അതേസമയം, ശനിയാഴ്ചത്തെ ആക്രമണങ്ങൾക്ക് മണിക്കൂറുകൾക്ക് മുമ്പ് സൗദി അറേബ്യ, പാകിസ്ഥാൻ, തുർക്കിയെ എന്നീ രാജ്യങ്ങളിലെ സൈനിക മേധാവികൾ റിയാദിൽ കൂടിക്കാഴ്ച നടത്തി. സൗദിയുടെ സുരക്ഷയും മേഖലയിലെ വിവിധ ഭീഷണികളും യോഗത്തിൽ ചർച്ച ചെയ്തു. കഴിഞ്ഞ മാസം സൗദി അറേബ്യയും പാകിസ്ഥാനും തുർക്കിയെയും മക്ക സംയുക്ത പ്രതിരോധ കരാറിൽ ഒപ്പുവെച്ചിരുന്നു. കരാർ പ്രകാരം ഏതെങ്കിലും ഒരു രാജ്യത്തിന് നേരെയുണ്ടാകുന്ന സായുധ ആക്രമണം മൂന്ന് രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കും. സംയുക്ത പ്രതിരോധ ശേഷിയും സൈനിക സഹകരണവും ശക്തിപ്പെടുത്തുകയാണ് കരാറിന്റെ ലക്ഷ്യം.

സൗദി പ്രതിരോധ മന്ത്രി പ്രിൻസ് ഖാലിദ് ബിൻ സൽമാൻ പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീറുമായി നടത്തിയ ചർച്ചയിൽ കരാറിന്റെ അടിസ്ഥാനത്തിൽ സൗദിക്കെതിരായ ആക്രമണങ്ങളെ നേരിടാനുള്ള സംയുക്ത പ്രവർത്തനങ്ങൾ തുടരുമെന്ന് വ്യക്തമാക്കി.

യാൻബു സംരക്ഷിക്കാൻ ഫ്രാൻസിന്റെ സൈനിക സഹായം

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സൗദിയിലെ പ്രധാന എണ്ണ കയറ്റുമതി തുറമുഖമായ യാൻബുവിന്റെ സുരക്ഷ ശക്തിപ്പെടുത്താൻ ഫ്രാൻസ് സൈനിക സഹായം നൽകുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അറിയിച്ചു. സൈനികർ, റഡാറുകൾ, പ്രതിരോധ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സൈനിക സംവിധാനങ്ങൾ യാൻബുവിന്റെ സുരക്ഷയ്ക്കായി അയയ്ക്കുമെന്ന് മാക്രോൺ ടെലിവിഷൻ അഭിമുഖത്തിൽ വ്യക്തമാക്കി.

Content Highlights: Saudi air defense intercepted two drones targeting Riyadh., Two ballistic missiles targeting Khamis Mushait were destroyed., France offered military assistance to protect the Yanbu oil export port., Military chiefs of Saudi Arabia, Pakistan, and Türkiye recently met in Riyadh to discuss regional security.