റിയാദ് സീസൺ: വിസ്മയങ്ങളുടെ ഏഴ് വർഷങ്ങൾ; 3.2 ബില്യൺ ഡോളറിന്റെ ആഗോള ബ്രാൻഡായി വളർച്ച

#ജാഫറലി പാലക്കോട്

റിയാദ്: രാത്രിയുടെ ഇരുളിൽ പ്രകാശവിസ്മയങ്ങൾ തീർക്കുന്ന തെരുവുകൾ, സംഗീതത്തിന്റെ താളത്തിൽ സജീവമാകുന്ന വിനോദകേന്ദ്രങ്ങൾ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഒഴുകിയെത്തുന്ന ലക്ഷക്കണക്കിന് സന്ദർശകർ... റിയാദ് സീസൺ ഇന്ന് സൗദി അറേബ്യയുടെ വിനോദമേഖലയുടെ മുഖമുദ്രയാണ്. ഏതാനും വർഷങ്ങൾക്കുമുമ്പ് സങ്കൽപ്പത്തിൽ മാത്രമുണ്ടായിരുന്ന പല വിനോദകേന്ദ്രങ്ങളും ഇന്ന് ലോകശ്രദ്ധയാകർഷിക്കുന്ന വേദികളായി മാറിയിരിക്കുന്നു. 2019-ൽ ഒരു പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച റിയാദ് സീസൺ ഏഴു വർഷത്തിനിടെ 3.2 ബില്യൺ ഡോളർ ബ്രാൻഡ് മൂല്യമുള്ള ആഗോള വിനോദ ബ്രാൻഡായി വളർന്നത് സൗദിയുടെ വിനോദമേഖലയിലെ ശ്രദ്ധേയമായ നേട്ടമാണ്.

വിഷൻ 2030-ന്റെ ഭാഗമായി തുടക്കം

സൗദി അറേബ്യയുടെ വിനോദമേഖലയ്ക്ക് ക്രമബദ്ധമായ വളർച്ച ഉറപ്പാക്കുകയും സ്വയംപര്യാപ്തമായ വിനോദവ്യവസായം കെട്ടിപ്പടുക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ 2016 മേയിലാണ് ജനറൽ എന്റർടെയ്ൻമെന്റ് അതോറിറ്റി സ്ഥാപിച്ചത്. സൗദി വിഷൻ 2030-ന്റെ ഭാഗമായി ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും വിനോദസഞ്ചാരമേഖലയെ ശക്തിപ്പെടുത്തുന്നതിനുമുള്ള പദ്ധതികളിലൊന്നായാണ് റിയാദ് സീസൺ രൂപംകൊണ്ടത്.

2019-ന്റെ തുടക്കത്തിൽ തുർക്കി ആലുശൈഖ് അതോറിറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാനായി ചുമതലയേറ്റതിനു പിന്നാലെ, അതേ വർഷം ഒക്ടോബർ 11-ന് ആദ്യ റിയാദ് സീസണിന് തുടക്കമായി. മേഖലയിലെ വിനോദരംഗത്ത് പുതിയൊരു അധ്യായം തുറന്ന ആദ്യ പതിപ്പിന് പ്രതീക്ഷിച്ചതിലും വലിയ ജനപങ്കാളിത്തമാണ് ലഭിച്ചത്.

ഒരു കോടിയിലധികം സന്ദർശകർ ആദ്യ സീസണിന്റെ ഭാഗമായി. നേരിട്ടുള്ള വരുമാനം ഒരു ബില്യൺ റിയാൽ കവിഞ്ഞപ്പോൾ, വിനോദസഞ്ചാരവും അനുബന്ധ പരസ്യപ്രവർത്തനങ്ങളും ഉൾപ്പെടെയുള്ള പരോക്ഷ സാമ്പത്തിക നേട്ടം നാലു ബില്യൺ റിയാലായി കണക്കാക്കപ്പെട്ടു. ഇതോടെ റിയാദ് സീസൺ ഒരു പരീക്ഷണപദ്ധതി എന്നതിലുപരി, എല്ലാ വർഷവും ആവർത്തിക്കുന്ന വലിയ വിനോദമേളയായി മാറി.

'ഇമാജിൻ മോർ' മുതൽ പുതിയ വിസ്മയങ്ങളിലേക്ക്

കോവിഡ് മഹാമാരിയെ തുടർന്ന് 2020-ൽ റിയാദ് സീസണിന്റെ പ്രവർത്തനങ്ങൾ നിർത്തിവെക്കേണ്ടിവന്നു. എന്നാൽ ആ ഇടവേളയ്ക്കുശേഷം കൂടുതൽ വിപുലമായ പരിപാടികളുമായാണ് മേള തിരിച്ചെത്തിയത്. 2021 ഒക്ടോബർ 20-ന് 'ഇമാജിൻ മോർ' എന്ന പ്രമേയത്തിൽ രണ്ടാം പതിപ്പിന് തുടക്കമായി. 54 ലക്ഷം ചതുരശ്ര മീറ്ററിലായി വ്യാപിച്ചുകിടന്ന 14 വിനോദമേഖലകളിലായിരുന്നു പരിപാടികൾ. 2022 മാർച്ച് അവസാനംവരെ നീണ്ട ഈ പതിപ്പ്, തുടർച്ചയായി അഞ്ചുമാസത്തിലധികം നീണ്ടുനിന്ന ആദ്യ റിയാദ് സീസണായി മാറി.

2022 ഫെബ്രുവരി മധ്യത്തോടെ തന്നെ 125 രാജ്യങ്ങളിൽനിന്നുള്ള 1.1 കോടിയിലധികം സന്ദർശകർ മേളയുടെ ഭാഗമായി. അവസാന കണക്കിൽ സന്ദർശകരുടെ എണ്ണം ഒന്നരക്കോടി കവിഞ്ഞു. റിയാദ് സീസണിന്റെ വളർച്ചയുടെ വേഗവും ആഗോള ആകർഷണവും വ്യക്തമാക്കുന്നതായിരുന്നു ഈ നേട്ടം.

ഗിന്നസ് റെക്കോർഡിൽ ഇടംനേടി മൂന്നാം പതിപ്പ്

2022 ഒക്ടോബർ 21-ന് 'ബിയോണ്ട് ഇമാജിനേഷൻ' എന്ന പ്രമേയത്തിൽ ആരംഭിച്ച മൂന്നാം പതിപ്പ് റിയാദ് സീസണിന്റെ ആഗോള സാന്നിധ്യം കൂടുതൽ ശക്തമാക്കി. ആളില്ലാ ആകാശവാഹനങ്ങളിൽനിന്ന് വെടിക്കെട്ട് നടത്തിയ ലോകത്തിലെ ഏറ്റവും വലിയ ചടങ്ങെന്ന റെക്കോർഡ് ഉദ്ഘാടനച്ചടങ്ങ് ഗിന്നസ് വേൾഡ് റെക്കോർഡ്‌സിൽ സ്വന്തമാക്കി. 2023 മാർച്ചിൽ സമാപിച്ച ഈ പതിപ്പിൽ 15 വിനോദമേഖലകളിലായി 1.2 കോടി സന്ദർശകരെത്തി. സംഗീതപരിപാടികൾ, അറബി നാടകങ്ങൾ, രാജ്യാന്തര പ്രദർശനങ്ങൾ, സംവേദനാത്മക വിനോദാനുഭവങ്ങൾ എന്നിവയുൾപ്പെടെ 290-ഓളം പരിപാടികളാണ് അരങ്ങേറിയത്.

2022 നവംബർ 21-ന് തുറന്ന 'ബൂലേവാർഡ് വേൾഡ്' മൂന്നാം പതിപ്പിലെ പ്രധാന ആകർഷണങ്ങളിലൊന്നായി. അമേരിക്ക, ഫ്രാൻസ്, ഗ്രീസ്, ഇന്ത്യ, ചൈന, സ്‌പെയിൻ, ജപ്പാൻ, മൊറോക്കോ, മെക്‌സിക്കോ, ഇറ്റലി എന്നീ പത്തു രാജ്യങ്ങളുടെ സംസ്‌കാരവും വാസ്തുവിദ്യയും ഭക്ഷണരീതികളും വസ്ത്രധാരണശൈലികളും ഒരിടത്ത് പരിചയപ്പെടുത്തുന്ന രീതിയിലായിരുന്നു ഇതിന്റെ ഒരുക്കം.

ലോകത്തിലെ ഏറ്റവും വലിയ കൃത്രിമ തടാകം, വിശാലമായ ബാൾറൂം, 1.2 കിലോമീറ്റർ നീളമുള്ള കേബിൾ കാർ സംവിധാനം എന്നിവയും ഈ മേഖലയുടെ പ്രത്യേകതകളായിരുന്നു. സൂപ്പർഹീറോ സിറ്റിയും ജാപ്പനീസ് അനിമേക്ക് സമർപ്പിച്ച നഗരവും സന്ദർശകരെ ആകർഷിച്ചു. തുടർന്നുള്ള വർഷങ്ങളിലും റിയാദ് സീസണിലെ ഏറ്റവും ജനപ്രിയമായ വിനോദകേന്ദ്രങ്ങളിലൊന്നായി ബൂലേവാർഡ് വേൾഡ് മാറി.

20 ദശലക്ഷം സന്ദർശകരുടെ റെക്കോർഡ്

2023-ലെയും 2024-ലെയും പതിപ്പുകൾ റിയാദ് സീസണിന്റെ വളർച്ചയിൽ നിർണായകമായി. നാലാം പതിപ്പ് 2023 ഒക്ടോബർ 28-ന് 'ബിഗ് ടൈം' എന്ന പ്രമേയത്തിൽ ആരംഭിച്ചു. ഏകദേശം 70 ലക്ഷം ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടന്ന പരിപാടികളിൽ രണ്ടായിരത്തോളം പ്രാദേശിക, രാജ്യാന്തര കമ്പനികൾ പങ്കെടുത്തു. ഏകദേശം രണ്ടു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഈ പതിപ്പ് സഹായിച്ചു.

2024 ഒക്ടോബർ 12-ന് ആരംഭിച്ച അഞ്ചാം പതിപ്പും സന്ദർശകരുടെ എണ്ണത്തിൽ 20 ദശലക്ഷം എന്ന നാഴികക്കല്ലിലെത്തി. 135-ലധികം രാജ്യങ്ങളിൽനിന്നുള്ള സന്ദർശകരെത്തിയ ഈ പതിപ്പിൽ 72 ലക്ഷം ചതുരശ്ര മീറ്ററിലായി 14 വിനോദമേഖലകൾ ഒരുക്കി.

ഏകദേശം 26,000 പേർക്ക് ഇരിക്കാവുന്ന 'കിങ്ഡം അരീന' പ്രധാന വേദികളിലൊന്നായിരുന്നു. ആഫ്രിക്കൻ സൂപ്പർ കപ്പ് മത്സരങ്ങൾക്കും ലോകോത്തര ബോക്‌സിങ് പോരാട്ടങ്ങൾക്കും ഈ വേദി ആതിഥേയത്വം വഹിച്ചു. 'ദി വെന്യൂ'യിൽ രാജ്യാന്തര ടെന്നിസ് ചാമ്പ്യൻഷിപ്പും വലിയ ഫാഷൻ പരിപാടിയും ഒരുമിച്ചെത്തിയത് കായികവും ഫാഷനും കോർത്തിണക്കിയ വേറിട്ട അനുഭവമായി.

ആറാം പതിപ്പ്: ഇതുവരെ കണ്ടതിൽ ഏറ്റവും വലിയത്

2025 ഒക്ടോബർ 10-ന് ആരംഭിച്ച് 2026 മാർച്ചുവരെ നീണ്ട ആറാം പതിപ്പിനെ റിയാദ് സീസണിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പതിപ്പായാണ് ഔദ്യോഗികമായി വിശേഷിപ്പിച്ചത്. 11 പ്രധാന വിനോദമേഖലകൾ, 15 രാജ്യാന്തര ചാമ്പ്യൻഷിപ്പുകൾ, 34 പ്രദർശനങ്ങളും ഫെസ്റ്റിവലുകളും എന്നിവയായിരുന്നു പ്രധാന ആകർഷണങ്ങൾ. വിവിധ മേഖലകളിൽനിന്നായി 2,100-ലധികം കമ്പനികളും പങ്കെടുത്തു.

വിപുലീകരിച്ച ബൂലേവാർഡ് വേൾഡിൽ ലോകത്തിന്റെ വിവിധ സംസ്‌കാരങ്ങളെ പ്രതിനിധീകരിക്കുന്ന 24 ഉപമേഖലകൾ ഒരുക്കി. കുവൈത്ത്, ദക്ഷിണകൊറിയ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങൾ ആദ്യമായി ഈ വിനോദഭൂപടത്തിൽ ഇടംപിടിച്ചു. 1,600-ലധികം കടകളും 350 ഭക്ഷണശാലകളും കഫേകളും സന്ദർശകർക്കായി തുറന്നു.

പ്രശസ്ത അമേരിക്കൻ ഓൺലൈൻ ഉള്ളടക്ക സ്രഷ്ടാവായ മിസ്റ്റർ ബീസ്റ്റുമായുള്ള രാജ്യാന്തര സഹകരണത്തിലൂടെ ഒരുക്കിയ 'ബീസ്റ്റ്‌ലാൻഡ്' ഈ പതിപ്പിലെ വേറിട്ട ആകർഷണമായി. 12 സംവേദനാത്മക അനുഭവങ്ങൾ, 15 ആക്ഷൻ ഗെയിമുകൾ, 40 കടകൾ എന്നിവയായിരുന്നു ഇവിടെ ഒരുക്കിയത്. റിയാദ് മൃഗശാലയിലും വലിയ വിപുലീകരണമുണ്ടായി. 170 ഇനങ്ങളിൽപ്പെട്ട 1,600-ലധികം മൃഗങ്ങളെ ആറു പ്രത്യേക മേഖലകളിലായി സന്ദർശകർക്ക് പരിചയപ്പെടുത്തി.

2022 മുതൽ വിവിധ രാജ്യങ്ങളുടെ സംസ്‌കാരങ്ങളെ പരിചയപ്പെടുത്തുന്ന പ്രധാന വേദിയായി മാറിയ അൽ സുവൈദി പാർക്കിൽ 13 രാജ്യങ്ങളുടെയും സമൂഹങ്ങളുടെയും സാംസ്‌കാരിക പരിപാടികൾ അരങ്ങേറി. യമൻ, സുഡാൻ, സിറിയ, ഫലസ്തീൻ, ലെബനൻ, ജോർദാൻ, ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, ബംഗ്ലാദേശ്, പാകിസ്താൻ, ഇന്ത്യ എന്നിവയുടെ കലാ-സാംസ്‌കാരിക വൈവിധ്യമാണ് ഇവിടെ അവതരിപ്പിച്ചത്. 49 സംഗീതപരിപാടികൾ, 84 നാടകാവതരണങ്ങൾ, 100 കാർണിവലുകൾ എന്നിവയും നടന്നു.

മുൻപ് 'ദി വെന്യൂ' എന്നറിയപ്പെട്ടിരുന്ന എ.എൻ.ബി അരീനയിൽ 50 രാജ്യങ്ങളിൽനിന്നുള്ള 600 ആഭരണ ബ്രാൻഡുകൾ പങ്കെടുത്ത വൻ പ്രദർശനവും സംഘടിപ്പിച്ചു. ഈ പതിപ്പിനിടെയാണ് റിയാദ് സീസൺ ബ്രാൻഡിന്റെ വിപണിമൂല്യം 3.2 ബില്യൺ ഡോളറിലെത്തിയതായി ജനറൽ എന്റർടെയ്ൻമെന്റ് അതോറിറ്റി മേധാവി തുർക്കി ആലുശൈഖ് പ്രഖ്യാപിച്ചത്. ഇത് വിനോദപരിപാടികളുടെ വലുപ്പം മാത്രമല്ല, ഒരു കാലിക വിനോദമേളയിൽനിന്ന് ലോകശ്രദ്ധയാകർഷിക്കുന്ന സ്വതന്ത്ര ബ്രാൻഡായി റിയാദ് സീസൺ മാറിയതിന്റെ സൂചന കൂടിയാണ്.

ആറാം പതിപ്പ് സമാപിച്ചപ്പോൾ സന്ദർശകരുടെ എണ്ണം 1.7 കോടിയായതായി അതോറിറ്റി അറിയിച്ചു. ലോകത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി റിയാദിനെ ഉയർത്തുന്നതിൽ റിയാദ് സീസൺ വഹിക്കുന്ന പങ്ക് ഇതോടെ കൂടുതൽ വ്യക്തമായി.

ഏഴാം പതിപ്പ്: വീണ്ടും 'ബിഗ് ടൈം'

ആറാം പതിപ്പിന്റെ വിജയത്തിനു പിന്നാലെ ഏഴാം പതിപ്പിനായുള്ള ഒരുക്കങ്ങളും പ്രഖ്യാപനങ്ങളും ശ്രദ്ധേയമായി. ഒക്ടോബർ 21-ന് 'ബിഗ് ടൈം' എന്ന പ്രമേയത്തിൽ ഏഴാം റിയാദ് സീസൺ ആരംഭിക്കുമെന്ന് തുർക്കി ആലുശൈഖ് പ്രഖ്യാപിച്ചു. കായികം, വിനോദം, കല, കുടുംബങ്ങൾക്കായുള്ള പരിപാടികൾ എന്നിവ കോർത്തിണക്കിയ അനുഭവങ്ങളാണ് പുതിയ പതിപ്പിന്റെ ഭാഗമായി ഒരുക്കുന്നത്.

ബൂലേവാർഡ് വേൾഡിനൊപ്പം ബൂലേവാർഡ് സിറ്റിയും പ്രധാന ആകർഷണങ്ങളായി തുടരും. ഈ വർഷത്തെ ഒരുക്കങ്ങളിൽ വണ്ടർ ഗാർഡൻ വിനോദമേഖലയ്ക്കും ഇടമുണ്ട്. ദി ഗ്രോവ്‌സ്, ഫാർമേഴ്‌സ് മാർക്കറ്റ്, വിയ റിയാദിലെ 'ഐ ആം അറബ്' പ്രദർശനം എന്നിവയും പുതിയ അനുഭവങ്ങളായി സന്ദർശകരെ കാത്തിരിക്കുന്നു. രാജ്യാന്തര പോരാട്ടമത്സരങ്ങൾ, ടെന്നിസ് ചാമ്പ്യൻഷിപ്പുകൾ, സംഗീതപരിപാടികൾ, നാടകങ്ങൾ, ഹാസ്യപരിപാടികൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് ഏഴാം പതിപ്പിൽ പ്രതീക്ഷിക്കുന്നത്. ഓരോ പതിപ്പിലും പുതിയ ആശയങ്ങളും അനുഭവങ്ങളും അവതരിപ്പിക്കുന്നതിലൂടെ റിയാദ് സീസൺ സ്വന്തം വ്യക്തിത്വം നിരന്തരം പുതുക്കുകയാണ്.

ഏഴു വർഷംകൊണ്ട് ആഗോള വിനോദ ബ്രാൻഡ്

2019-ൽ ഒരു കോടി സന്ദർശകരുമായി ആരംഭിച്ച റിയാദ് സീസൺ ഇന്ന് ലോകത്തെ ഏറ്റവും വലിയ വിനോദവേദികളിലൊന്നായി വളർന്നിരിക്കുന്നു. കോടിക്കണക്കിന് സന്ദർശകർ, ആയിരക്കണക്കിന് കമ്പനികളുടെ പങ്കാളിത്തം, പുതിയ തൊഴിലവസരങ്ങൾ, രാജ്യാന്തര കായികമത്സരങ്ങൾ, വിവിധ സംസ്‌കാരങ്ങളുടെ സംഗമം എന്നിവയെല്ലാം ഈ വളർച്ചയുടെ ഭാഗമാണ്.

സൗദി വിഷൻ 2030 മുന്നോട്ടുവെക്കുന്ന ജീവിതനിലവാര വികസനത്തിന്റെയും വിനോദസഞ്ചാര വളർച്ചയുടെയും ലക്ഷ്യങ്ങൾ യാഥാർഥ്യമാക്കുന്നതിൽ റിയാദ് സീസൺ നിർണായക പങ്കുവഹിക്കുന്നു. 3.2 ബില്യൺ ഡോളർ ബ്രാൻഡ് മൂല്യത്തിലെത്തിയ ഈ വിനോദമേള സൗദിയുടെ ആഗോള പ്രതിച്ഛായയ്ക്കും സാമ്പത്തിക വൈവിധ്യവൽക്കരണത്തിനും കരുത്തുപകരുന്നു.

ഓരോ പുതിയ പതിപ്പിലും മുൻപത്തേതിനെ മറികടക്കുന്ന അനുഭവങ്ങൾ അവതരിപ്പിക്കുകയെന്നതാണ് റിയാദ് സീസണിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ ഇതുവരെ എഴുതപ്പെട്ട ചരിത്രം ഈ യാത്രയുടെ അവസാനമല്ല; പുതിയ വിസ്മയങ്ങളിലേക്കുള്ള മറ്റൊരു തുടക്കം മാത്രമാണ്.

Content Highlights: riyadh-season-history-growth-global-entertainment-brand