റിയാദിൽ വിദ്യാർഥികൾ വീണ്ടും ക്ലാസ് മുറികളിലേക്ക്; മടക്കദിനത്തിൽ തന്നെ തലസ്ഥാനത്ത് വീണ്ടും ആക്രമണം

റിയാദ്: സുരക്ഷാ ആശങ്കകളെത്തുടർന്ന് ഏകദേശം ഒരു മാസത്തോളം ഓൺലൈൻ പഠനം നടത്തിയ റിയാദിലെ വിദ്യാർഥികൾ വീണ്ടും ക്ലാസ് മുറികളിലേക്ക് മടങ്ങിയെത്തി. നവംബർ എട്ടിന് സ്കൂളുകൾ തുറന്ന് നേരിട്ടുള്ള പഠനം പുനരാരംഭിച്ചെങ്കിലും, ആദ്യദിനം തന്നെ ഞായറാഴ്ച രാവിലെ റിയാദ് നഗരത്തിന് നേരെ വീണ്ടും ആക്രമണമുണ്ടായത് വിദ്യാലയങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾക്ക് ഇടയാക്കി.
അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സ്കൂളുകളിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇതിനായി പരിശീലനം ലഭിച്ച ജീവനക്കാരെ ഓരോ നിലയിലും പ്രത്യേകം നിയോഗിച്ചിട്ടുണ്ട്. അപകടസാഹചര്യങ്ങളിൽ വിദ്യാർഥികളെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനുള്ള പദ്ധതികളും തയ്യാറാക്കിയിട്ടുണ്ട്. ആക്രമണ മുന്നറിയിപ്പുകളുണ്ടായാൽ ഉയർന്ന നിലകളിലുള്ള വിദ്യാർഥികളെ താഴത്തെ നിലകളിലെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനും ജനാലകളിൽനിന്ന് അകറ്റിനിർത്താനും നിർദേശമുണ്ട്.
വിദ്യാർഥികളിൽ പരിഭ്രാന്തി പടരാതിരിക്കാനും അധികൃതർ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. സുരക്ഷാ നിർദേശങ്ങൾ വിശദീകരിച്ചുകൊടുക്കുന്നതിനൊപ്പം അടിയന്തര സാഹചര്യങ്ങളിൽ എങ്ങനെ പ്രതികരിക്കണമെന്നും അധ്യാപകർ കുട്ടികളെ പരിശീലിപ്പിക്കുന്നു. ശാന്തത പാലിക്കുക, ജനാലകളിൽനിന്ന് അകന്നുനിൽക്കുക, ആവശ്യമായ സാഹചര്യങ്ങളിൽ മേശകൾക്കടിയിൽ അഭയം തേടുക തുടങ്ങിയ മുൻകരുതലുകളും വിദ്യാർഥികൾക്ക് വിശദീകരിച്ചുനൽകിയിട്ടുണ്ട്.
ആക്രമണ വാർത്തകൾക്കിടയിലും രാജ്യത്തെ സുരക്ഷാ സംവിധാനങ്ങളിലും സ്കൂളുകൾ ഒരുക്കിയ മുൻകരുതലുകളിലും പൂർണ വിശ്വാസമുണ്ടെന്നാണ് വിദ്യാർഥികളും രക്ഷിതാക്കളും പറയുന്നത്.
ഞായറാഴ്ച സ്കൂളിലെത്തിയ വിദ്യാർഥിയായ അബ്ദുറഹ്മാൻ ആദിൽ, ആക്രമണവുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നപ്പോഴും സഹപാഠികൾ പരിഭ്രാന്തരാകാതെ ശാന്തത പാലിച്ചതായി പറഞ്ഞു. സുരക്ഷാ നിർദേശങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം തങ്ങൾക്കറിയാമെന്നും അപകടസാധ്യത ഒഴിവാക്കാൻ ജനാലകളിൽനിന്ന് അകന്നുനിൽക്കുമെന്നും മറ്റു ചില വിദ്യാർഥികളും വ്യക്തമാക്കി.
സ്കൂളുകൾ തുറക്കാനുള്ള അധികൃതരുടെ തീരുമാനത്തിൽ വിശ്വാസമുണ്ടെന്ന് രക്ഷിതാക്കളും പറഞ്ഞു. കുട്ടികളുടെ സുരക്ഷയ്ക്കാണ് മാതാപിതാക്കളെന്ന നിലയിൽ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ വിദ്യാലയങ്ങൾ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്ന വിശ്വാസം കുട്ടികളെ വീണ്ടും സ്കൂളുകളിലേക്ക് അയക്കുമ്പോൾ ആശ്വാസം നൽകുന്നുണ്ടെന്നും അവർ വ്യക്തമാക്കി.
വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം സ്കൂളുകളിലേക്കുള്ള മടക്കം പതിവ് പഠനം പുനരാരംഭിക്കുന്നതിനപ്പുറം ഏറെ സന്തോഷകരമായ അനുഭവം കൂടിയായി. ആഴ്ചകളായി മുടങ്ങിക്കിടന്ന സൗഹൃദങ്ങളും അധ്യാപകരുമായുള്ള നേരിട്ടുള്ള ഇടപെടലുകളും പതിവ് ക്ലാസ് മുറി അന്തരീക്ഷവും വീണ്ടും തിരിച്ചുപിടിക്കാനായതിന്റെ സന്തോഷത്തിലാണ് കുട്ടികൾ. ഓൺലൈൻ പഠനം പലവിധ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നുവെന്നും സ്കൂളുകൾ വീണ്ടും തുറന്നത് സ്വാഗതാർഹമായ തീരുമാനമാണെന്നും വിദ്യാർഥികൾ അഭിപ്രായപ്പെട്ടു.
ഒക്ടോബർ 11 മുതലാണ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി റിയാദിലെ സ്കൂളുകളിൽ ഓൺലൈൻ പഠനം ആരംഭിച്ചത്. തുടർന്ന് നവംബർ ഏഴിന് റിയാദ് മേഖലയിലെ വിദ്യാഭ്യാസ വകുപ്പ് റിയാദ് നഗരം, ദിരിയ, അനുബന്ധ വിദ്യാഭ്യാസ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നേരിട്ടുള്ള പഠനം നവംബർ എട്ട് മുതൽ പുനരാരംഭിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
രാവിലെ എട്ടുമണിയോടെ വിദ്യാർഥികൾ ക്ലാസ് മുറികളിലേക്ക് മടങ്ങിയെത്തുന്നതിനിടെയാണ് തലസ്ഥാനത്ത് വീണ്ടും ആക്രമണങ്ങളുണ്ടായത്. സുരക്ഷാ ആശങ്കകൾ നിലനിൽക്കുമ്പോഴും പഠനം സാധാരണ നിലയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് വിദ്യാഭ്യാസ അധികൃതർ.
Content Highlights: Riyadh Schools Reopen Safely Amid New Security Protocols