റിയാദിലും അൽഖർജിലും അപകട മുന്നറിയിപ്പ് പിൻവലിച്ചു

റിയാദ്: നേരത്തെ നൽകിയ അപകട മുന്നറിയിപ്പിനെ തുടർന്ന് റിയാദിലും അൽഖർജിലും അപകടനില അവസാനിച്ചതായി സൗദി സിവിൽ ഡിഫൻസ് ശനിയാഴ്ച അറിയിച്ചു.
സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ശനിയാഴ്ച പുലർച്ചെയാണ് ഇക്കാര്യം അറിയിച്ചത്. പൗരന്മാരും താമസക്കാരും ഔദ്യോഗിക സുരക്ഷാ നിർദേശങ്ങളും മാർഗനിർദേശങ്ങളും തുടർന്നും പാലിക്കണമെന്ന് സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു.
നേരത്തെ, റിയാദിലും അൽഖർജിലും സാധ്യതയുള്ള അപകടഭീഷണി സംബന്ധിച്ച് നാഷണൽ എർലി വാണിംഗ് പ്ലാറ്റ്‌ഫോം വഴി സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകിയിരുന്നു. പൊതുജനങ്ങളോട് ഔദ്യോഗിക നിർദേശങ്ങൾ കർശനമായി പാലിക്കാനും ആവശ്യപ്പെട്ടു.
മുന്നറിയിപ്പ് നിലനിന്ന സമയത്ത് തുറസ്സായ സ്ഥലങ്ങളിൽ നിന്നും ഗ്ലാസ് ജനലുകളിൽ നിന്നും അകലം പാലിക്കാനും ബാൽക്കണികളിലും കെട്ടിടങ്ങളുടെ മുകളിലും നിൽക്കുന്നത് ഒഴിവാക്കാനും നിർദേശം നൽകിയിരുന്നു.
കെട്ടിടങ്ങൾക്ക് പുറത്തുള്ളവർ സമീപത്തുള്ള സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കുകയോ ഉറപ്പുള്ള മറയുടെ പിന്നിൽ അഭയം തേടുകയോ ചെയ്യണമെന്നും നിർദേശിച്ചിരുന്നു. അപകട മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ ആൾക്കൂട്ടങ്ങൾ ഒഴിവാക്കാനും ദൃശ്യങ്ങൾ ചിത്രീകരിക്കുന്നത് ഒഴിവാക്കാനും അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് അകന്നുനിൽക്കാനും സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടിരുന്നു.
Content Highlights: Saudi Civil Defense lifted the danger warning in Riyadh and Al-Kharj on Saturday., Citizens and residents were previously advised to stay away from open areas and glass windows., Authorities continue to urge the public to follow official safety instructions.