വിഷൻ 2030-ന്റെ നേട്ടങ്ങൾ സുസ്ഥിര സാമ്പത്തിക ശക്തിയാക്കി മാറ്റും- സൗദി കിരീടാവകാശി

#ജാഫറലി പാലക്കോട്
അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍.
അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍.

റിയാദ്: സൗദി അറേബ്യയുടെ വിഷൻ 2030 പദ്ധതിയിലൂടെ കൈവരിച്ച നേട്ടങ്ങളെ ദീർഘകാലം നിലനിൽക്കുന്ന സാമ്പത്തിക ശക്തിയാക്കി മാറ്റുകയാണ് 2027-ലെ ബജറ്റിന്റെ ലക്ഷ്യമെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ. ദേശീയ വികസനം ശക്തിപ്പെടുത്തുന്നതിനും പൗരന്മാരുടെ ജീവിതനിലവാരം ഉയർത്തുന്നതിനും വരുംതലമുറകൾക്കായി വികസന നേട്ടങ്ങൾ സംരക്ഷിക്കുന്നതിനും ബജറ്റ് മുൻഗണന നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

2027 സാമ്പത്തിക വർഷത്തെ പൊതുബജറ്റിന് മന്ത്രിസഭ അംഗീകാരം നൽകിയതിനു പിന്നാലെയാണ് കിരീടാവകാശിയുടെ പ്രസ്താവന. വിഷൻ 2030ന്റെ മൂന്നാം ഘട്ടത്തിൽ ആദ്യ രണ്ട് ഘട്ടങ്ങളിലെ പരിഷ്‌കാരങ്ങളും നേട്ടങ്ങളും കൂടുതൽ ശക്തിപ്പെടുത്തും. സാമ്പത്തിക വൈവിധ്യവൽക്കരണം, നിക്ഷേപ വളർച്ച, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, സ്വകാര്യ മേഖലയുടെ പങ്കാളിത്തം വർധിപ്പിക്കൽ എന്നിവയ്ക്ക് പ്രത്യേക പരിഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു.

എണ്ണയിതര മേഖലകളിലെ യഥാർഥ ആഭ്യന്തര ഉൽപാദനത്തിൽ 2026-ൽ 2.5 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു. ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് പിന്തുണ നൽകുന്നതിനും പ്രാദേശിക ഉൽപന്നങ്ങളുടെ ഉപയോഗവും എണ്ണയിതര കയറ്റുമതിയും വർധിപ്പിക്കുന്നതിനും നടപടികൾ തുടരും.

സാമൂഹിക പിന്തുണാ പദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനൊപ്പം അടിസ്ഥാന സൗകര്യങ്ങൾ, ഗതാഗതം, ചരക്കുനീക്കം, ആരോഗ്യ-സേവന മേഖലകൾ എന്നിവയിലെ നിക്ഷേപവും തുടരും. സർക്കാർ ചെലവുകളുടെ കാര്യക്ഷമത ഉറപ്പാക്കുകയും പൊതുകടം സുസ്ഥിരമായ പരിധിയിൽ നിലനിർത്തുകയും ചെയ്യുന്നത് സാമ്പത്തിക നയത്തിന്റെ പ്രധാന ലക്ഷ്യങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.

പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടും ദേശീയ വികസന ഫണ്ടും വഴി തന്ത്രപ്രധാന മേഖലകളിലെ നിക്ഷേപങ്ങൾ വിപുലീകരിക്കും. സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തി കൂടുതൽ നിക്ഷേപാവസരങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്നും കിരീടാവകാശി പറഞ്ഞു.

ആഗോള ഊർജവിതരണ രംഗത്ത് വിശ്വസനീയമായ പങ്ക് തുടരുന്നതിനൊപ്പം ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ്ലൈൻ, പടിഞ്ഞാറൻ തീരത്തെ തുറമുഖങ്ങൾ എന്നിവ പ്രയോജനപ്പെടുത്തി കയറ്റുമതി ശൃംഖല ശക്തിപ്പെടുത്തും. നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിലും സൗദി സമ്പദ്വ്യവസ്ഥയുടെ പ്രതിരോധശേഷി ശക്തമാണെന്നും ദേശീയ സുരക്ഷയും സ്ഥിരതയും വികസനത്തിന്റെ അടിസ്ഥാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.