ജിസാൻ എണ്ണശുദ്ധീകരണ ശാലയ്ക്ക് നേരെയുള്ള ഹൂതി ആക്രമണത്തിൽ നേപ്പാൾ സ്വദേശി കൊല്ലപ്പെട്ടു

#ജാഫറലി പാലക്കോട്.

റിയാദ്: സൗദി അറേബ്യയിലെ ജിസാൻ എണ്ണശുദ്ധീകരണ ശാലയ്ക്ക് നേരെയുണ്ടായ ഹൂതി ആക്രമണത്തിൽ കൊല്ലപ്പെട്ടത് നേപ്പാൾ സ്വദേശിയായ തൊഴിലാളിയാണെന്ന് സ്ഥിരീകരണം. നിരവധി പേർക്ക് പരിക്കേറ്റതായും സൗദി ഊർജ മന്ത്രാലയം അറിയിച്ചു.

വ്യാഴാഴ്ച ശുദ്ധീകരണ ശാലയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത് എന്ന് മന്ത്രാലയം വ്യക്തമാക്കി. ആക്രമണത്തെ തുടർന്ന് സ്ഥാപനത്തിൽ തീപിടിത്തമുണ്ടാവുകയും ചില പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തു.

ആക്രമണത്തിന് ഉപയോഗിച്ച യമനിലെ ഹുദൈദ തുറമുഖത്തുള്ള ബാലിസ്റ്റിക് മിസൈൽ വിക്ഷേപണ കേന്ദ്രം തകർത്തതായി യമനിലെ നിയമാനുസൃത സർക്കാറിനെ പിന്തുണയ്ക്കുന്ന സഖ്യസേന അറിയിച്ചു.

ചെങ്കടൽ തീരത്ത് സൗദിയുടെ തെക്കുപടിഞ്ഞാറൻ മേഖലയിലാണ് ജിസാൻ എണ്ണശുദ്ധീകരണ ശാലയ്ക്കുനേരെയുണ്ടായ ഹൂതികളുടെ ആക്രമണം സ്ഥിതിചെയ്യുന്നത്. പ്രതിദിനം നാല് ലക്ഷം ബാരൽ അസംസ്‌കൃത എണ്ണ ശുദ്ധീകരിക്കാൻ ശേഷിയുള്ള സ്ഥാപനമാണിത്.

ആക്രമണത്തിൽ വിവിധ രാജ്യക്കാരായ തൊഴിലാളികൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കിയിട്ടുണ്ട് എന്ന് ഊർജ മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ട തൊഴിലാളിയുടെ കുടുംബത്തിന് മന്ത്രാലയം അനുശോചനവും രേഖപ്പെടുത്തി.

ആക്രമണത്തിന് പിന്നാലെ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും സുരക്ഷാ പരിശോധനകൾ നടത്തുന്നതിനുമായി അടിയന്തര സാങ്കേതിക സംഘങ്ങൾ പ്രവർത്തനം ആരംഭിച്ചു.

വ്യാഴാഴ്ച ഉച്ചയ്ക്കുശേഷമാണ് ആക്രമണം നടന്നതായി സഖ്യസേന ആദ്യം അറിയിച്ചത്. സാധാരണക്കാർക്കും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾക്ക് ശക്തമായ സൈനിക തിരിച്ചടി നൽകുമെന്നും സഖ്യസേന ഹൂതികൾക്ക് മുന്നറിയിപ്പ് നൽകി.

ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതർ യമനിലെ അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാറിനെതിരെയാണ് പോരാടുന്നത്. യമന്റെ പടിഞ്ഞാറൻ തീരത്തുള്ള ഹുദൈദ തുറമുഖം ഇവരുടെ നിയന്ത്രണത്തിലാണ്.

Content Highlights: Pravasi News Saudi Arabia, One Nepal Worker Killed in houthi attack in jisan oil refinary plant