റിയാദിലെ കെട്ടിടത്തിന് നേരെ ഹൂതി ആക്രമണം; രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ 11 പേർക്ക് പരിക്ക്

ഹൂതികള്‍ ആക്രമിച്ച കെട്ടിടം
ഹൂതികള്‍ ആക്രമിച്ച കെട്ടിടം

റിയാദ്: റിയാദിലെ കെട്ടിടത്തിന് നേരെയുണ്ടായ ഹൂതി ആക്രമണത്തിൽ 11 പേർക്ക് പരിക്കേറ്റതായി സൗദി സിവിൽ ഡിഫൻസ് അറിയിച്ചു. ചൊവ്വാഴ്ചയാണ് ആക്രമണമുണ്ടായതെന്നും പരിക്കേറ്റവരിൽ വിവിധ രാജ്യക്കാരുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

പരിക്കേറ്റവരിൽ രണ്ട് സൗദി പൗരന്മാരും രണ്ട് ഇന്ത്യക്കാരും മൂന്ന് നേപ്പാൾ സ്വദേശികളും നാല് ഈജിപ്തുകാരുമാണുള്ളത്.

നേരത്തെ, യമനിലെ നിയമസാധുത പുനഃസ്ഥാപിക്കുന്നതിനുള്ള സഖ്യസേനയുടെ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി, റിയാദിലെ ഒരു കെട്ടിടം ആക്രമണത്തിന് ഇരയായതായി അറിയിച്ചിരുന്നു. സംഭവസ്ഥലത്ത് ബന്ധപ്പെട്ട അധികൃതർ ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.