സൗദിയിൽ സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശികൾക്ക് മൂന്നുമാസം വരെ സർക്കാർ സാമ്പത്തിക സഹായം

സല്‍മാന്‍ രാജാവ്
സല്‍മാന്‍ രാജാവ്

റിയാദ്: സൗദിയിലെ അർഹതയുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ ശമ്പളത്തിന് മൂന്ന് മാസം വരെ സാമ്പത്തിക സഹായം നൽകാൻ സൽമാൻ രാജാവ് ഉത്തരവിട്ടു. തൊഴിലവസരങ്ങൾ സംരക്ഷിക്കുന്നതിനും സ്വദേശികളുടെ തൊഴിൽ സ്ഥിരത ഉറപ്പാക്കുന്നതിനുമായി തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതിയായ സാനിദ് (SANED) വഴിയാണ് സഹായം ലഭ്യമാക്കുക.

കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ സമർപ്പിച്ച നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. സാമൂഹിക ഇൻഷുറൻസ് നിയമത്തിന് കീഴിൽ വരുന്ന അർഹതയുള്ള സ്ഥാപനങ്ങളിലെ സൗദി ജീവനക്കാർക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.

സഹായം ലഭ്യമാക്കുന്നതിനായി സാമൂഹിക ഇൻഷുറൻസ് നിയമത്തിലെയും തൊഴിലില്ലായ്മ ഇൻഷുറൻസ് നിയമത്തിലെയും ചില വ്യവസ്ഥകളിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. ഇതിലൂടെ ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (GOSI) വഴി അർഹരായ ജീവനക്കാർക്ക് സാനിദ് പദ്ധതിയിലൂടെ നഷ്ടപരിഹാരത്തുക വിതരണം ചെയ്യും.

പദ്ധതി നടപ്പാക്കുന്നതിനും ഗുണഭോക്താക്കളെ നിർണയിക്കുന്നതിനുമായി മന്ത്രിതല സമിതിയും രൂപീകരിക്കും. ധനമന്ത്രി, സാമ്പത്തിക ആസൂത്രണ മന്ത്രി, മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രി, സാമൂഹിക ഇൻഷുറൻസ് അതോറിറ്റി ഗവർണർ എന്നിവരടങ്ങുന്നതാണ് സമിതി. ആവശ്യമായ സാഹചര്യങ്ങളിൽ ബന്ധപ്പെട്ട മേഖലയുടെ ചുമതലയുള്ള മന്ത്രിയെയും സമിതിയിൽ ഉൾപ്പെടുത്തും.

സഹായത്തിന് അർഹമായ മേഖലകളും സ്ഥാപനങ്ങളും കണ്ടെത്തുക, യോഗ്യതാ മാനദണ്ഡങ്ങൾ നിശ്ചയിക്കുക, നഷ്ടപരിഹാരത്തുക വിതരണം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളും മുൻഗണനകളും തീരുമാനിക്കുക എന്നിവയാണ് സമിതിയുടെ ചുമതല.

അർഹതാ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു

ഉത്തരവ് നടപ്പാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് അറിയിച്ചു. മന്ത്രിതല സമിതിയുമായും ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുമായും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

2026 ജൂലൈ ഒന്നിന് മുമ്പ് ജീവനക്കാർ സാനിദ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തിരിക്കണമെന്നാണ് പ്രധാന നിബന്ധന. കൂടാതെ, ജീവനക്കാരുടെ ശമ്പളവും സാമൂഹിക ഇൻഷുറൻസ് വിഹിതവും അംഗീകൃത ചട്ടങ്ങൾ പ്രകാരം കൃത്യമായി അടച്ചിട്ടുള്ള സ്ഥാപനങ്ങളായിരിക്കണം പദ്ധതിയുടെ ആനുകൂല്യത്തിന് അർഹത നേടുക.

പദ്ധതിയുടെ ഭാഗമായി സഹായം ലഭിക്കാത്ത ജീവനക്കാരുടെ ശമ്പളം സ്ഥാപനങ്ങൾ പതിവുപോലെ നൽകണം. സഹായ കാലാവധി അവസാനിച്ചാൽ ആനുകൂല്യം ലഭിച്ചിരുന്ന ജീവനക്കാരുടെ ശമ്പളവും സ്ഥാപനങ്ങൾ പുനരാരംഭിച്ച് നൽകണം.

സഹായത്തിന് അർഹമായ സ്ഥാപനങ്ങളെയും മേഖലകളെയും സംബന്ധിച്ച വിശദമായ മാനദണ്ഡങ്ങൾ മന്ത്രിതല സമിതി തീരുമാനിക്കും. സമിതിയുടെ തീരുമാനങ്ങൾക്കനുസരിച്ച് സാനിദ് പദ്ധതി വഴി പരമാവധി മൂന്ന് മാസം വരെ സാമ്പത്തിക സഹായം വിതരണം ചെയ്യും.

പദ്ധതിയുടെ പ്രയോജനം അർഹരായ സ്ഥാപനങ്ങളിലേക്കും ജീവനക്കാരിലേക്കും എത്തിക്കുന്നതിന് ആവശ്യമായ വിവരങ്ങളും മാർഗനിർദേശങ്ങളും ഔദ്യോഗിക ചാനലുകൾ വഴിയും GOSI ബിസിനസ് പ്ലാറ്റ്ഫോം വഴിയും ലഭ്യമാക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി.

Content Highlights: Pravasi News Saudi Arabia