ഒമാനിൽ ലഹരിവേട്ട; സൗദി-ഒമാൻ സുരക്ഷാ ഏകോപനം വഴി 5 ലക്ഷം ഗുളികകൾ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി

റിയാദ്: സൗദി അറേബ്യയും ഒമാനും തമ്മിലുള്ള സുരക്ഷാ സഹകരണത്തിലൂടെ അഞ്ച് ലക്ഷം ലഹരിമരുന്ന് ഗുളികകൾ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി. സൗദി ആഭ്യന്തര മന്ത്രാലയം കൈമാറിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഒമാൻ അധികൃതരാണ് ലഹരിമരുന്ന് കടത്ത് തടഞ്ഞത്.
സൗദി ആഭ്യന്തര മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തലാൽ ബിൻ ശൽഹൂബ് ആണ് ഇക്കാര്യം അറിയിച്ചത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക്സ് കൺട്രോൾ വഴി ഒമാനിലെ ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറിയ വിവരങ്ങളാണ് നടപടി വിജയകരമാക്കിയത്.
ലഹരിമരുന്ന് കടത്തിൽ ഏർപ്പെട്ടിരിക്കുന്ന ക്രിമിനൽ സംഘങ്ങളെ മുൻകൂട്ടി നിരീക്ഷിച്ചതിന്റെ ഭാഗമായാണ് ഈ നീക്കം. ലഹരിമരുന്ന് കടത്ത് തടയുന്നതിനും കുറ്റവാളികളെ കണ്ടെത്തുന്നതിനുമായി ഒമാൻ അധികൃതരുമായി തുടർച്ചയായ സഹകരണം നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതിർത്തികൾ കടന്നുള്ള കുറ്റകൃത്യങ്ങൾ നേരിടുന്നതിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ സുരക്ഷാ ഏകോപനത്തിന്റെ തെളിവാണ് ഈ നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.
സൗദിയുടെ സുരക്ഷയ്ക്കും യുവതലമുറയ്ക്കും ഭീഷണിയാകുന്ന ലഹരിമരുന്ന് പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നത് തുടരുമെന്നും സമൂഹത്തെ ലഹരിമരുന്നിന്റെ വിപത്തിൽനിന്ന് സംരക്ഷിക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് കൂട്ടിച്ചേർത്തു.
Content Highlights: Pravasi News Saudi Abaria Drug Case