ജെൻസി തലമുറ ജനാധിപത്യത്തിന്റെ കാവലാളാകും: പി.കെ. അബ്ദുറബ്ബ്

ജിദ്ദ: പുതുതലമുറയുടെ ചോദ്യങ്ങളും ഇടപെടലുകളും ഇന്ത്യൻ ജനാധിപത്യത്തിന് പുതിയ കരുത്ത് പകരുമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്. ജനാധിപത്യ സംവിധാനങ്ങളെ സംരക്ഷിക്കാൻ ജെൻസി തലമുറ നടത്തുന്ന ഇടപെടലുകൾ വലിയ പ്രതീക്ഷയാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി പുതുതായി സൗദിയിലെത്തിയ മലയാളികൾക്കായി സംഘടിപ്പിച്ച നവാഗത സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാസി യുവതലമുറയുടെ കർമ്മശേഷിയെ സാമൂഹിക സേവനത്തിന്റെയും സംഘടനാ പ്രവർത്തനത്തിന്റെയും ശക്തിയാക്കി മാറ്റാനുള്ള ജിദ്ദ കെഎംസിസിയുടെ ശ്രമങ്ങൾ അഭിനന്ദനാർഹമാണെന്നും അബ്ദുറബ്ബ് പറഞ്ഞു.
പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തിയ താനൂർ എംഎൽഎയും മുൻ എംഎസ്എഫ് പ്രസിഡന്റുമായ പി.കെ. നവാസ്, വിദ്യാസമ്പന്നരായ പുതിയ തലമുറ മുസ്ലിം ലീഗിനോടും എംഎസ്എഫിനോടും പുലർത്തുന്ന അടുപ്പത്തിന്റെ തെളിവാണ് കഴിഞ്ഞ യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പുകളിലെ എംഎസ്എഫിന്റെ വിജയമെന്ന് പറഞ്ഞു.
പുതിയ പ്രവാസികൾക്ക് കെഎംസിസിയുടെ പ്രവർത്തനങ്ങളും സാമൂഹിക സേവനങ്ങളും പരിചയപ്പെടുത്തുന്നതിനൊപ്പം പരസ്പര സഹകരണത്തിന്റെയും സൗഹൃദത്തിന്റെയും പ്രാധാന്യം പങ്കുവെക്കുകയായിരുന്നു സംഗമത്തിന്റെ ലക്ഷ്യം.
അബൂബക്കർ അരിമ്പ്ര അധ്യക്ഷത വഹിച്ചു. കുഞ്ഞിമോൻ കാക്കിയ, ഡോ. അഹമ്മദ് ആലുങ്ങൽ, ഇമ്രാൻ എന്നിവർ ആശംസകൾ നേർന്നു. ‘അന്നം തേടി വന്നവർ ആരോഗ്യം ശ്രദ്ധിക്കണം’ എന്ന വിഷയത്തിൽ ഡോ. അഹമ്മദ് കബീർ ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തി.
നവാഗതരെ കെഎംസിസിയുടെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കുന്നതിനുള്ള തുടർ പ്രവർത്തനങ്ങൾക്ക് പരിപാടിയിൽ രൂപം നൽകി. അരുവി മോങ്ങം നവാഗത കവിത അവതരിപ്പിച്ചു. വിപി മുസ്തഫ സ്വാഗതവും നാസർ മച്ചിങ്ങൽ നന്ദിയും പറഞ്ഞു.
Content Highlights: Former Education Minister P.K. Abdu Rabb stated that the active engagement and questioning nature of the Gen Z generation will provide new strength to Indian democracy during the Jeddah KMCC newcomers' meet.