അറഫാത്ത് മലയിലേക്ക് ഒഴുകിയെത്തിയത് 11 ലക്ഷത്തിലേറെ സന്ദർശകർ

#ജാഫറലി പാലക്കോട്

മക്ക: വിശുദ്ധ ഹജ്ജ് കേന്ദ്രങ്ങളിലെ പ്രധാന സന്ദർശന കേന്ദ്രങ്ങളായ അറഫാത്തിലെ ജബൽ അൽ-റഹ്മ (അറഫാത്ത് മല), കദാന ട്രെയിൽ എന്നിവിടങ്ങളിൽ ജൂൺ 25 മുതൽ ജൂലായ് 25 വരെ 11.1 ലക്ഷത്തിലധികം സന്ദർശകർ എത്തിയതായി കദാന ഡെവലപ്മെന്റ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കമ്പനി അറിയിച്ചു. 

മക്ക നഗരത്തിനും വിശുദ്ധ ഹജ്ജ് കേന്ദ്രങ്ങൾക്കുമായി രൂപീകരിച്ച റോയൽ കമ്മീഷന്റെ നിർവാഹക വിഭാഗമായ കദാന കമ്പനി, വിശുദ്ധ കേന്ദ്രങ്ങളുടെ വികസനം, വർഷം മുഴുവൻ സന്ദർശകരെ ആകർഷിക്കുന്ന പദ്ധതികൾ നടപ്പാക്കൽ, സേവനങ്ങളുടെ നിലവാരം ഉയർത്തൽ എന്നിവയുടെ ഭാഗമായാണ് ഈ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.

ഈ കാലയളവിൽ അറഫാത്ത് മലയിൽ മാത്രം 11 ലക്ഷത്തിലധികം പേർ സന്ദർശനം നടത്തി. സന്ദർശകരുടെ തിരക്ക് സുഗമമായി നിയന്ത്രിക്കുന്നതിനായി മാർഗനിർദേശ സംവിധാനങ്ങളും ക്രമീകരണങ്ങളും അനുബന്ധ സേവനങ്ങളും ഏർപ്പെടുത്തിയിരുന്നു.

അതേസമയം, കദാന ട്രെയിൽ 10,200 സന്ദർശകരെ സ്വീകരിച്ചു. നടപ്പാതകൾ, തണൽ വിശ്രമകേന്ദ്രങ്ങൾ, അന്തരീക്ഷം തണുപ്പിക്കുന്ന മിസ്റ്റിങ് ഫാനുകൾ, ആരോഗ്യസൗകര്യങ്ങൾ, മറ്റ് പിന്തുണാ സേവനങ്ങൾ എന്നിവയിലൂടെ സന്ദർശകർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ അനുഭവം ഉറപ്പാക്കിയതായി അധികൃതർ അറിയിച്ചു.

ഹജ്ജ് തീർഥാടകരുടെയും സന്ദർശകരുടെയും അനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും വിശുദ്ധ കേന്ദ്രങ്ങളെ വർഷം മുഴുവൻ സജീവ വിനോദസഞ്ചാര-ആത്മീയ കേന്ദ്രങ്ങളായി വികസിപ്പിക്കുന്നതിനുമായി ഗുണമേന്മയുള്ള പദ്ധതികളും സമഗ്ര സേവനങ്ങളും തുടർന്നും നടപ്പാക്കുമെന്ന് കദാന ഡെവലപ്മെന്റ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കമ്പനി വ്യക്തമാക്കി.

Content Highlights: Over 11.1 lakh pilgrims and visitors visited Jabal al-Rahmah (Mount Arafat) and the Kadana Trail in Makkah between June 25 and July 25, as reported by the Kadana Development and Investment Company.