'അനുമതി ഇല്ലാതെ ഹജജ് പാടില്ല'; മക്കയില്‍ പ്രചാരണം ആരംഭിച്ചു

#ജാഫറലി പാലക്കോട്
.
.

ജിദ്ദ: ഹജജ് നാളില്‍ തിരക്കും തിരക്കുമടക്കമുള്ള പ്രശ്‌നങ്ങള്‍ തടയുന്നതിനായി മക്ക മേഖല 'അനുമതി ഇല്ലാതെ ഹജജ് ചെയ്യരുത്' എന്ന കാമ്പയിന്‍ ആരംഭിച്ചതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 

അനുമതിയില്ലാതെ ഹജ്ജിനെത്തുന്നവരുടെ അമിതമായ തിരക്ക് കാരണം അധികൃതരുടെ തയ്യാറെടുപ്പുകളും മറ്റ് ഒരുക്കങ്ങളും താളം തെറ്റുമെന്നതുകൊണ്ട് കൃതൃമായ കണക്ക് ലഭ്യമാക്കുകയും ഹജജിനെത്തുന്നവരെ നിയന്ത്രിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് സൗദി അറേബ്യക്കകത്തുനിന്നുള്ള ആഭ്യന്തര ഹജ്ജ് തീർഥാടകർക്ക് ഹജ്ജ് അനുമതി നിർബന്ധമാക്കിയത്.

ഹജ്ജ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് നിരവധി രാജകുടുംബങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ നടന്ന കാമ്പയിന്റെ ഉദ്ഘാടന ചടങ്ങില്‍ മക്ക ഡെപൃൂട്ടി ഗവര്‍ണറും കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയര്‍മാനുമായ സൗദ് ബിന്‍ മിഷാല്‍ രാജകുമാരന്‍ മുന്നറിയിപ്പ് നല്‍കി.

സല്‍മാന്‍ രാജാവിന്റെ ഉപദേശകനും മക്ക ഗവര്‍ണറുമായ ഖാലിദ് ബിന്‍ ഫൈസല്‍ രാജകുമാരന്‍ ആരംഭിച്ച 'ഹജജ് ആരാധനയും നാഗരിക പെരുമാറ്റവുമാണ്' എന്ന കാമ്പെയ്‌നിന്റെ ഭാഗമാണ് ഹജ്ജ് പെര്‍മിറ്റ് സംരംഭത്തിന്റെ തുടക്കം. നിയമം പാലിച്ചാല്‍ വിദേശത്തുനിന്നുള്ളവരടക്കമുള്ള എല്ലാ തീര്‍ഥാടകര്‍ക്കും സുരക്ഷിതമായ ഹജ്ജ് ഉറപ്പാക്കാനാകുമെന്ന് സൗദി രാജകുമാരന്‍ പറഞ്ഞു.

നിയമം നടപ്പാക്കുന്നതിന് ഹജജ് ഉംറ മന്ത്രാലയവുമായും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളുമായും ഏകോപനം നടക്കുന്നുണ്ട്.

Content Highlights: No Hajj without permission campaign began