നജ്റാനിലെ അസ്തമയ സൗന്ദര്യം; പ്രകൃതിഭംഗിയും പൈതൃകത്തനിമയും സംഗമിക്കുന്ന വിസ്മയക്കാഴ്ച

#ജാഫറലി പാലക്കോട്

സൂര്യൻ പടിഞ്ഞാറൻ ചക്രവാളത്തിലേക്ക് മറയുമ്പോൾ പ്രകൃതിഭംഗിയുടെയും ചരിത്രസ്മാരകങ്ങളുടെയും അപൂർവ സംഗമക്കാഴ്ചയൊരുക്കുകയാണ് സൗദി അറേബ്യയിലെ നജ്റാൻ. കിഴക്ക് വിസ്തൃതമായ റുബ്അൽ ഖാലി മരുഭൂമിയിലെ മണൽക്കുന്നുകൾ മുതൽ പടിഞ്ഞാറ് മലനിരകളും മൺകൊട്ടാരങ്ങളും ഈന്തപ്പനത്തോട്ടങ്ങളുംവരെ നീളുന്ന ഭൂപ്രകൃതി അസ്തമയവെളിച്ചത്തിൽ വർണവിസ്മയമായി മാറുന്നു. ഓരോ പ്രദേശത്തിന്റെയും പ്രകൃതിവൈവിധ്യവും സാംസ്‌കാരിക സമ്പന്നതയും ഈ കാഴ്ചകളിലൂടെ കൂടുതൽ മനോഹരമായി തെളിയുന്നു.

റുബ്അൽ ഖാലി മരുഭൂമിയിൽ അസ്തമയസൂര്യന്റെ ചെരിഞ്ഞുവീഴുന്ന കിരണങ്ങൾ മണൽക്കുന്നുകളെ സ്വർണനിറത്തിലും ഓറഞ്ച് നിറത്തിലും മുക്കുന്നു. മണൽപ്പരപ്പിലെ ഉയർച്ചതാഴ്ചകളെ നിഴലുകൾ കൂടുതൽ വ്യക്തമായി അടയാളപ്പെടുത്തുമ്പോൾ മരുഭൂമിയുടെ വിശാലതയും സവിശേഷ ഭൂപ്രകൃതിയും വേറിട്ട ദൃശ്യാനുഭവമായി മാറുന്നു. സൂര്യൻ ചക്രവാളത്തോട് അടുക്കുന്നതിനനുസരിച്ച് നിഴലുകൾ നീളുകയും മണൽക്കുന്നുകൾ പുതിയ രൂപഭംഗി കൈവരിക്കുകയും ചെയ്യുന്നു. പ്രകൃതിയുടെ ഈ വർണവിസ്മയം ക്യാമറയിൽ പകർത്താൻ ഫോട്ടോഗ്രാഫി പ്രേമികൾക്ക് മികച്ച അവസരമാണ് ഒരുക്കുന്നത്.

നജ്റാൻ നഗരത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിലെ മലനിരകളും ചരിവുകളും അസ്തമയവെളിച്ചത്തിൽ കൂടുതൽ ആകർഷകമാകുന്നു. മലനിരകളുടെ സവിശേഷ രൂപങ്ങളും ഭൂപ്രകൃതിയിലെ സൂക്ഷ്മമായ വ്യത്യാസങ്ങളും സൂര്യപ്രകാശം എടുത്തുകാട്ടുന്നു. പരമ്പരാഗത വാസ്തുശൈലിയിൽ നിർമിച്ച മൺകൊട്ടാരങ്ങൾ ഈ കാഴ്ചകൾക്ക് ചരിത്രപരമായൊരു മാനം കൂടി പകരുന്നു. നജ്റാന്റെ പൈതൃകത്തെയും പഴയകാല ജീവിതരീതികളെയും ഓർമിപ്പിക്കുന്ന ഈ നിർമിതികൾ പ്രദേശത്തിന്റെ സാംസ്‌കാരിക തനിമയുടെ അടയാളങ്ങളാണ്.

നിത്യഹരിത ഭംഗി നിലനിർത്തുന്ന ഈന്തപ്പനത്തോട്ടങ്ങൾ അസ്തമയക്കാഴ്ചയ്ക്ക് കൂടുതൽ മിഴിവേകുന്നു. മണൽപ്പരപ്പും പാറക്കെട്ടുകളും മൺമതിലുകളും പച്ചപ്പും ചേർന്നൊരുക്കുന്ന വർണവൈരുധ്യം കാഴ്ചക്കാരെ ആകർഷിക്കുന്നു. വെളിച്ചവും നിഴലും മാറിമാറി രൂപപ്പെടുത്തുന്ന ദൃശ്യങ്ങൾ വിവിധ കോണുകളിൽനിന്ന് പകർത്താനും ഫോട്ടോഗ്രാഫർമാർക്ക് അവസരമൊരുക്കുന്നു.

പ്രകൃതിയുടെ വിസ്മയക്കാഴ്ചകൾ ആസ്വദിക്കുന്നതിനൊപ്പം നജ്റാന്റെ ചരിത്രവും പൈതൃകവും അടുത്തറിയാനും സന്ദർശകർക്ക് ഈ യാത്ര സഹായകമാണ്. മരുഭൂമിയുടെ അനന്തമായ വിസ്തൃതിയും മലനിരകളുടെ ഗാംഭീര്യവും മൺകൊട്ടാരങ്ങളുടെ പാരമ്പര്യവും ഈന്തപ്പനത്തോട്ടങ്ങളുടെ ഹരിതഭംഗിയും ഒത്തുചേരുമ്പോൾ നജ്റാനിലെ സൂര്യാസ്തമയം അവിസ്മരണീയമായൊരു വിനോദസഞ്ചാര അനുഭവമായി മാറുന്നു.

Content Highlights: najran-sunset-beauty-heritage-saudi-arabia