ഹജജ്: താത്കാലിക തൊഴിലാളികളെ നിയമിക്കുന്നതിനുള്ള സേവനം ആരംഭിച്ച് മന്ത്രാലയം

#ജാഫറലി പാലക്കോട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

റിയാദ്: ഈ വര്‍ഷത്തെ ഹജജ് സീസണിലേക്കുള്ള താത്കാലിക തൊഴിലാളികളെ നിയമിക്കുന്നതിന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം 'അജീര്‍ അല്‍ ഹജജ്' സേവനം ആരംഭിച്ചു. ഈ സേവനം വഴി ഹജ്ജ് കാലയളവില്‍ സീസണ്‍ കരാര്‍ അടിസ്ഥാനത്തില്‍ കച്ചവട സ്ഥാപനങ്ങള്‍ക്ക് താത്കാലിക തൊഴിലാളികളെ നിയമിക്കാനാകും.

ഹജജ് സീസണില്‍ വിശുദ്ധ സ്ഥലങ്ങളില്‍ ജോലി ചെയ്യാന്‍ താല്‍പ്പര്യമുള്ള സൗദികള്‍ക്കും പ്രവാസികള്‍ക്കും അവരുടെ തൊഴില്‍ പരിചയം വിവരിക്കുന്ന ബയോഡാറ്റകള്‍ അജീര്‍ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യാന്‍ മന്ത്രാലയം പ്രോത്സാഹിപ്പിക്കുന്നതായി സൗദി പ്രസ് ഏജന്‍സി ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തു. തൊഴിലന്വേഷകരെ ലഭൃമായ സ്ഥാനങ്ങളുമായി ബന്ധിപ്പിക്കാന്‍ ഈ സംയോജിത പ്‌ളാറ്റ്‌ഫോം വഴി കഴിയും. ഹജജ് സീസണില്‍ വര്‍ക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സുഗമമാക്കുകയും ബിസിനസ്സിനും തൊഴിലാളികള്‍ക്കും വേണ്ടിയുള്ള പ്രക്രിയകള്‍ കാര്യക്ഷമമാക്കുകയും ചെയ്യും. ഇതുവഴി ഹജ്ജ് നാളില്‍ തീര്‍ഥാടകര്‍ക്കുള്ള സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളെ സഹായിക്കും.

ഹജജ് സീസണില്‍ ജോലി ചെയ്യുന്ന വൃക്തികള്‍ക്ക് ഹജ്ജ് പെര്‍മിറ്റുകള്‍ എടുത്ത് നല്‍കുന്നത് സ്ഥാപനങ്ങളുടെ ഉത്തരവദിത്തമാണ്. അല്ലാത്തപക്ഷം കര്‍ശന പിഴ ചുമത്തുമെന്നും സൗദി പ്രസ് ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അജീര്‍ അല്‍ ഹജജ് സേവനം കച്ചവടക്കാര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നല്‍കാനും താല്‍ക്കാലിക ജീവനക്കാരെ റിക്രൂട്ട് ചെയ്യാനും ഹജജ് സീസണിനായി പ്രതേൃകം രൂപകല്‍പ്പന ചെയ്ത തൊഴില്‍ ഒഴിവുകള്‍ പരസ്യപ്പെടുത്താനും സഹായിക്കുന്നതാണ്. തൊഴിലന്വേഷകര്‍ക്ക് ഇതുവഴി തൊഴിലവസരങ്ങള്‍ നേരിട്ട് കണ്ടെത്താനുള്ള സാഹചര്യമൊരുക്കുകയും ചെയ്യും.

തൊഴില്‍ ശക്തിയുടെ വഴക്കം വളര്‍ത്തുക, വിപണി കാര്യക്ഷമത വര്‍ധിപ്പിക്കുക, ബാഹ്യ റിക്രൂട്ട്‌മെന്റ് ഉറവിടങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്നിവയാണ് അജീര്‍ അല്‍-ഹജജിന്റെ പ്രധാന ലക്ഷൃങ്ങള്‍. www.ajeer.com.sa  എന്ന വെബ്‌സൈറ്റ് വഴി ബിസിനസുകള്‍ക്കും വൃക്തികള്‍ക്കും ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.

Content Highlights: Ministry launches service to hire seasonal Hajj workers