മദീന സന്ദർശകരുടെ എണ്ണം 3 വർഷത്തിനുള്ളിൽ 18.7% വർദ്ധിച്ചതായി റിപ്പോർട്ട്

മദീന: കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മദീനയിലെ ടൂറിസം മേഖലയിലുള്ള സന്ദർശകരുടെ എണ്ണം 18.7 ശതമാനത്തിലെത്തി ഗണ്യമായ വളർച്ച കൈവരിച്ചതായി റിപ്പോർട്ട്. 2022-ൽ 8.2 ദശലക്ഷവും 2023-ൽ 14.1 ദശലക്ഷവും ആയിരുന്നു മദീനയിലെ സന്ദർശകരുടെ എണ്ണമെങ്കിൽ 2024-ൽ 18 ദശലക്ഷത്തിലധികം സന്ദർശകരാണ് എത്തിയത്. മദീന ചേംബർ ഓഫ് കൊമേഴ്‌സ് ആണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തിറക്കിയത്.
റിപ്പോർട്ട് അനുസരിച്ച് താമസം, ട്രാവൽ ഏജൻസികൾ, ടൂർ പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മുൻ വർഷത്തെ അപേക്ഷിച്ച് 2024 ൽ 18.7 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. താമസം, ഗതാഗതം, ഷോപ്പിംഗ്, മറ്റ് സേവനങ്ങൾ എന്നിവയ്ക്കുള്ള ടൂറിസം ചെലവുകൾ വഴി സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുന്നതിലും മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) വർദ്ധിപ്പിക്കുന്നതിലും ടൂറിസവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും സുസ്ഥിര സാമ്പത്തിക വൈവിധ്യവൽക്കരണത്തിന് സംഭാവന നൽകുന്നതിലും ഈ മേഖലയുടെ നിർണായക പങ്ക് റിപ്പോർട്ട് എടുത്തുകാണിച്ചു.
മദീനയുടെ ടൂറിസം മേഖലയിലെ പ്രധാന ആകർഷത്തെ കുറിച്ച് ചേംബർ റിപ്പോർട്ട് വിശദീകരിക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള സന്ദർശകരെ ആകർഷിക്കുന്ന ഏകദേശം 400 മതപരവും ചരിത്രപരവും സാംസ്കാരികവുമായ ലാൻഡ്‌മാർക്കുകൾ നഗരത്തിലുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പ്രവാചക പള്ളി, പ്രധാന ചരിത്ര പള്ളികൾ, വിവിധ മ്യൂസിയങ്ങളും പ്രദർശനങ്ങളും, ആധുനിക വിനോദസഞ്ചാര കേന്ദ്രങ്ങൾ, താഴ്‌വരകൾ, കിണറുകൾ, പുരാവസ്തു സ്ഥലങ്ങൾ തുടങ്ങിയ പൊതു ജനങ്ങൾക്കായി തുറന്നിരിക്കുന്ന പുനഃസ്ഥാപിച്ച ചരിത്ര സ്ഥലങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
Content Highlights: Medina`s tourism sector saw a remarkable 18.7% growth in the last three years