മദീനയിലെ ബസ്സപകടം: മലപ്പുറം സ്വദേശികളുടെ മൃതദേഹങ്ങൾ ഖബറടക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു

മദീന: മദീനക്കടുത്തുണ്ടായ വാഹനാപകടത്തിൽ മരിച്ച നാല് മലപ്പുറം സ്വദേശികളുടെ മൃതദേഹങ്ങൾ ഖബറടക്കാനുള്ള രേഖകൾ തയ്യാറായി. വാദി ഫറഅ് ഇൽ ഖബറടക്കാനുള്ള രേഖകളാണ് തയ്യാറായിട്ടുള്ളത്. എന്നാൽ മദീന ജന്നത്തുൽ ബഖീഅ് മഖ്ബറയിൽ ഖബറടക്കാനുള്ള ശ്രമം നടത്തിവരികയാണ്.
മദീനക്ക് സമീപമുണ്ടായ അപകടത്തിൽ മലപ്പുറം മഞ്ചേരി വെള്ളില സ്വദേശി നടുവത്ത് കളത്തിൽ അബ്ദുൽ ജലീൽ (52), ഭാര്യ തസ്‌ന തോടേങ്ങൽ (40), മകൻ നടുവത്ത് കളത്തിൽ ആദിൽ (14), ജലീലിൻറ മാതാവ് മൈമൂനത്ത് കാക്കേങ്ങൽ (73) എന്നിവരാണ് മരിച്ചത്. അബ്ദുൽ ജലീലിന്റെ മക്കളായ അയിഷ (15), ഹാദിയ (ഒമ്പത്), നൂറ (ഏഴ്) എന്നിവരാണ് ആശുപത്രിയിൽ ചികിത്സയിലുണ്ടായത്. ഇതിൽ നിസാര പരിക്കുള്ള ഒരുകുട്ടിയെ ഡിസ്ചാർജ് ചെയ്തിട്ടുണ്ട്.
മറ്റൊരു ട്രെയ്‌ലർ വാഹനത്തിന്റെ നിയന്ത്രണം വിട്ട് റോഡിനു കുറുകെ വീഴുകയും മലയാളി കുടുംബം സഞ്ചരിച്ച ശവർലെറ്റ് വാഹനം അപകടത്തിൽപ്പെടുകയുമായിരുന്നു. ജർമൻ ആശുപത്രിയിൽ ചികിത്സയിലുള്ള ഹദിയ ഫാത്തിമ എന്ന കുട്ടിയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയാണ്. ചൊവ്വാഴ്ച രണ്ട് സർജറി നിശ്ചയിച്ചിരുന്നുവെങ്കിലും ഇന്ന് (തിങ്കളാഴ്ച) രാവിലെ ആഗോഗ്യസ്ഥിതി അല്പം മോശമായതിനാൽ സർജറി നടത്തുന്ന കാര്യം അനിശ്ചിതത്വത്തിലാണ്. തിങ്കളാഴ്ച 14 മണിക്കൂർ നീണ്ടുനിൽക്കുന്ന സർജറി നടത്തിയിരുന്നു.
ജലീലിന് മൊത്തം ഏഴ് മക്കളാണുള്ളത്. നാലുപേരാണ് അപകടത്തിൽപ്പെട്ടത്. മറ്റു മൂന്ന് മക്കളായ അദ്നാൻ, അൽ അമീൻ, ഹന എന്നിവർ നാട്ടിൽ പഠിക്കുകയാണ്. ഇവർ തിങ്കളാഴ്ച മദീനയിൽ എത്തിയിട്ടുണ്ട്. 30 വർഷത്തോളമായി ജിദ്ദയിലെ പ്രവാസിയായിരുന്നു അബ്ദുൽ ജലീൽ. ഭാര്യയും നാല് കുട്ടികളും സന്ദർശന വിസയിലും ഉമ്മ മൈമൂനത്ത് ഉംറ വിസയിലുമാണ് ജിദ്ദയിലെത്തിയത്.
Content Highlights: Tragic bus accident near Madinah claims the lives of four Malappuram natives. Burial arrangements are in progress while family members receive medical care.