എൽ.ഡി.എഫ്. തുടർഭരണത്തിനായി തബൂക്കിൽ മാസ്സ് തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

തെരഞ്ഞെടുപ്പ് കൺവെൻഷൻ
തെരഞ്ഞെടുപ്പ് കൺവെൻഷൻ

തബൂക്ക്: കേരളത്തിൽ എൽ.ഡി.എഫ് സർക്കാരിന്റെ തുടർഭരണം ഉറപ്പുവരുത്തുന്നതിനായി തബൂക്കിൽ മാസ്സ് തബൂക്കിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. തബൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പ്രവർത്തകർ പങ്കെടുത്ത ചടങ്ങിൽ, കഴിഞ്ഞ പത്ത് വർഷത്തെ എൽ.ഡി.എഫ് ഭരണത്തിന്റെ നേട്ടങ്ങൾ ചർച്ചയായി. വിദ്യാഭ്യാസ, ആരോഗ്യ, വ്യാവസായിക മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങളാണ് സർക്കാർ നടപ്പിലാക്കിയതെന്നും സമഗ്ര മേഖലയെയും സ്പർശിക്കുന്ന ഭരണമാണ് കേരളത്തിലേതെന്നും കൺവെൻഷൻ വിലയിരുത്തി.

പ്രവാസികളെ ചേർത്തുപിടിക്കുന്ന നയങ്ങളാണ് പിണറായി സർക്കാർ സ്വീകരിച്ചതെന്ന് കൺവെൻഷൻ അഭിപ്രായപ്പെട്ടു. ഇതിന്റെ ഭാഗമായി പ്രവാസി ക്ഷേമ പെൻഷൻ 500 രൂപയിൽനിന്ന് 3500 രൂപയായി ഉയർത്തി. കൂടാതെ, പ്രവാസി കുടുംബങ്ങൾക്ക് ആശ്വാസമേകുന്ന നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയും, മടങ്ങിയെത്തുന്ന പ്രവാസികൾക്ക് സ്വയം സംരംഭങ്ങൾ തുടങ്ങാൻ സബ്സിഡിയോടു കൂടിയ വായ്പകൾ നൽകുന്ന പുനരധിവാസ പാക്കേജുകളും സർക്കാർ വിജയകരമായി നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്.

വയനാട് ടൗൺഷിപ്പ് ഉൾപ്പെടെയുള്ള പുനരധിവാസ പ്രവർത്തനങ്ങളും നിലവിലുള്ള വികസന പദ്ധതികളും സമയബന്ധിതമായി പൂർത്തിയാക്കാൻ ഇടതുഭരണത്തിന്റെ തുടർച്ച അനിവാര്യമാണെന്ന് യോഗം പ്രഖ്യാപിച്ചു. ഇതിനായി പ്രധാന കേന്ദ്രങ്ങളിലും ലേബർ ക്യാമ്പുകളിലും പ്രവാസി കുടുംബങ്ങൾക്കിടയിലും സ്ക്വാഡ് പ്രവർത്തനങ്ങൾ നടത്താൻ തീരുമാനമായിട്ടുണ്ട്.

മുസ്തഫ തെക്കൻ അധ്യക്ഷത വഹിച്ച ചടങ്ങ് മാസ്സ് രക്ഷാധികാരി സമിതിയംഗം മാത്യു തോമസ് നെല്ലുവേലിൽ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി സമിതിയംഗങ്ങളായ ഉബൈസ് മുസ്തഫ, റഹീം ഭരതന്നൂർ, കേളി അംഗം സജിത്ത് കെ.പി., വിശ്വൻ, ഷമീർ, മാത്യു തോമസ്, സെൻസൺ, അനീഷ് തേൾപാറ, ബാദുഷ എന്നിവർ യോഗത്തിൽ സംസാരിച്ചു. പ്രവീൺ പുതിയണ്ടി സ്വാഗതവും യൂസഫ് നന്ദിയും രേഖപ്പെടുത്തി

Content Highlights: Mass Tabuk hosted a successful LDF election convention., Highlighting 10 years of inclusive governance and development in Kerala., Significant increase in expat welfare pension from 500 to 3500 INR., Promotion of Norka-Roots rehabilitation packages and insurance schemes., Call for continued LDF governance to ensure completion of ongoing development projects.