നിയമലംഘനം: സൗദിയിൽ 21,049 വിദേശികൾ അറസ്റ്റിൽ

റിയാദ് : സൗദി അറേബ്യയിൽ ഒരാഴ്ചക്കിടെ തൊഴിൽ, വിസ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിച്ച 21,049 വിദേശികൾ അറസ്റ്റിൽ.

രാജ്യവ്യാപകമായി വിവിധ സുരക്ഷാവിഭാഗങ്ങളുടെ സംയുക്ത പരിശോധനയിൽ പുതുതായി പിടിയിലായതിൽ 13,209 പേർ താമസവിസാ നിയമം ലംഘിച്ചവരാണ്. 5,177 പേർ അതിർത്തി സുരക്ഷാനിയമ ലംഘകരും 2,663 പേർ തൊഴിൽനിയമ ലംഘകരുമാണ്.

അതിർത്തിവഴി നുഴഞ്ഞുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് 1,540 പേർ പിടിയിലായത്. ഇതിൽ 56 ശതമാനം എത്യോപ്യക്കാരും 43 ശതമാനം യെമെനികളും ഒരു ശതമാനം മറ്റു രാജ്യക്കാരുമാണ്. അനധികൃതമായി രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ അതിർത്തി പോസ്റ്റുകളിൽവെച്ച് 42 പേരും അറസ്റ്റിലായിട്ടുണ്ട്.

ഇത്തരം നിയമലംഘകർക്ക് ഗതാഗത, താമസസൗകര്യങ്ങൾ ഒരുക്കിയവരും നിയമലംഘനം മൂടിവെക്കാൻ ശ്രമിച്ചവരും അത്തരക്കാർക്ക് ജോലി നൽകിയവരുമായ അഞ്ചുപേർ വേറെയും പിടിയിലായിട്ടുണ്ട്.

നിയമലംഘകർക്ക് താമസ, ഗതാഗത സൗകര്യങ്ങൾ ഒരുക്കുന്നവർക്ക് 15 വർഷം തടവും 10 ലക്ഷം റിയാൽ പിഴയുമാണ് ശിക്ഷയെന്നും വാഹനവും വീടും കണ്ടുകെട്ടുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Content Highlights: Law violation: 21,049 foreigners arrested in Saudi Arabia