നവകേരളം - കേരള ചരിത്രം; കേളി ഓൺലൈൻ ക്വിസ് മത്സരം നവംബർ രണ്ടിന്

റിയാദ് : കേളി കലാ സാംസ്കാരിക വേദിയുടെ കേന്ദ്ര സാംസ്കാരിക കമ്മിറ്റിയും സൈബർ വിഭാഗവും സംയുക്തമായി കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഓൺലൈൻ ക്വിസ് മത്സരം 'നവകേരളം - കേരള ചരിത്രം' നവംബർ രണ്ട് ശനിയാഴ്ച വൈകീട്ട് സൗദി സമയം അഞ്ച് മണിക്ക് നടക്കും. ലോകത്തിന്റെ ഏതു കോണിൽ നിന്നും പ്രായ, ലിംഗ വ്യത്യാസമന്യേ ആർക്കും മത്സരത്തിന് മുൻപ് നൽകുന്ന ലിങ്ക് വഴി മത്സരത്തിൽ പങ്കെടുക്കാമെന്നും മത്സരാർഥികൾ തങ്ങളുടെ മൊബൈൽ നമ്പറും പേരും ലിങ്കിൽ കയറി രജിസ്റ്റർ ചെയ്യണമെന്നും സംഘാടകർ അറിയിച്ചു.
കേരളത്തിന്റെ ചരിത്രത്തിലേക്ക് ആഴത്തിൽ ഇറങ്ങിചെല്ലുന്ന വിധത്തിലുള്ള 30 ചോദ്യങ്ങളായിരിക്കും ഉണ്ടായിരിക്കുക. ഓരോ ചോദ്യത്തിനും 25 സെക്കന്റിനുള്ളിൽ ഉത്തരങ്ങൾ നൽകുന്ന വിധത്തിലാണ് മത്സരം ഒരുക്കിയിരിക്കുന്നത്. കൂടുതൽ പേർ ഒന്നാം സ്ഥാനത്തിന് അർഹരായാൽ വിജയികളെ നറുക്കെടുപ്പിലൂടെ തീരുമാനിക്കുമെന്നും സംഘാടകർ അറിയിച്ചു. മത്സരം തുടങ്ങുന്നതിന് മുൻപ് നിയമാവലികൾ പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് കേളി സാംസ്കാരിക വിഭാഗം കൺവീനർ ഷാജി റസാഖുമായി ബന്ധപ്പെടാം. ഫോൺ: 053 530 6310
Content Highlights: Keli online quiz competition will conduct on November 2