സൗദി ദേശീയ ദിനാഘോഷം; ജിദ്ദ കെഎംസിസി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

#ന്യൂസ് ഡെസ്ക്

ജിദ്ദ: സൗദി അറേബ്യയുടെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ “അന്നം നൽകുന്ന രാജ്യത്തിന് ജീവരക്തം” എന്ന സന്ദേശവുമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രാജ്യത്തിന്റെ ആരോഗ്യ-സാമൂഹിക മേഖലകളിൽ പ്രവാസി സമൂഹത്തിന്റെ പങ്കാളിത്തവും സേവനവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ അരിമ്പ്രയുടെ അധ്യക്ഷതയിൽ മിലിറ്ററി ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് നാഷണൽ കമ്മിറ്റി ട്രഷർ അഹമ്മദ് പാളയാട്ട് ഉൽഘാടനം ചെയ്തു. വി.പി മുസ്തഫ സ്വാഗതവും അബ്ദുറഹ്മാൻ വെള്ളിമാടുക്കുന്ന് നന്ദിയും പറഞ്ഞു.

സൗദിയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പ്രവാസികൾ രാജ്യത്തോട് കാണിക്കുന്ന ആത്മാർത്ഥമായ പ്രതിബദ്ധതയോട് ഞങ്ങൾ എന്നും കടപ്പെട്ടിരിക്കുന്നുവെന്ന് കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റി മിലിറ്ററി ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് ഡയറക്ടർ ഡോക്ടർ ഹത്താൻ ഹംസ പറഞ്ഞു. ഹജ്ജ് വേളയിൽ അപകടത്തിൽ പെടുന്ന ഹാജിമാർക്ക് വേണ്ടിയും കെഎംസിസി രക്തദാനം ചെയ്യാറുള്ള കാര്യം അദ്ദേഹം കൂട്ടിച്ചേർത്തു.

ജിദ്ദയിലെ വിവിധ മേഖലകളിൽ നിന്നുള്ള കെഎംസിസി പ്രവർത്തകരാണ് ക്യാമ്പിൽ പങ്കെടുത്ത് രക്തം ദാനം നൽകിയത്. ദേശീയ ദിനാഘോഷങ്ങളെ സാമൂഹിക സേവന പ്രവർത്തനങ്ങളുമായി ബന്ധിപ്പിക്കുന്നതിലൂടെ സൗദി സമൂഹത്തോടുള്ള പ്രവാസികളുടെ ഉത്തരവാദിത്വവും ഐക്യദാർഢ്യവും പ്രകടിപ്പിക്കാനായതായി ഭാരവാഹികൾ പറഞ്ഞു.

ഡോക്ടർ അബ്ദുള്ളഖാലിദ് ഷംറാനി, ഡോക്ടർ ഫാറിസ് സംസമി എന്നിവർ ആശംസകൾ നേർന്നു. ഇസ്ഹാഖ് പൂണ്ടോളി, ശിഹാബ് താമരക്കുളം, നാസർ മച്ചിങ്ങൽ, സാബിൽ മമ്പാട്, സിറാജ് കണ്ണവം, ലത്തീഫ് വെള്ളമുണ്ട, ഷൗക്കത്ത് ഞാറക്കോടൻ, ഇബ്രാഹിം കൊല്ലി, നൗഷാദ് ചപ്പാരപ്പടവ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Content Highlights: Jeddah KMCC Central Committee organized a blood donation camp for Saudi National Day., Held under the slogan 'Living blood to the nation that feeds us'., Aimed to ensure expat participation in the health and social sectors of Saudi Arabia., Pراتrised by hospital officials for continuous support including during Hajj season.