വിമാന തടസ്സം: ഇന്ത്യക്കാർക്ക് സഹായവുമായി ജിദ്ദ കോൺസുലേറ്റ്; ഉംറ ഓപ്പറേറ്റർമാർക്ക് നിർദേശം

ജിദ്ദ: വിമാന സർവീസുകൾ റദ്ദാക്കിയതിനെ തുടർന്ന് സൗദി അറേബ്യയിൽ യാത്രാ പ്രതിസന്ധി നേരിടുന്ന ഇന്ത്യൻ പൗരന്മാർക്ക് സഹായം ഉറപ്പാക്കുന്നതിനായി കൺട്രോൾ റൂമുകൾ വഴി പ്രവർത്തനം ശക്തമാക്കി ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ്. ഇന്ത്യൻ സാമൂഹിക സംഘടനകൾ, സൗദി അധികൃതർ, വിമാനക്കമ്പനികൾ എന്നിവരുമായി ഏകോപിപ്പിച്ചാണ് ഭക്ഷണം, മരുന്ന്, താമസം, മടക്കയാത്ര തുടങ്ങിയ വിഷയങ്ങളിൽ സഹായം ലഭ്യമാക്കുന്നത്.
ഇന്ത്യയിലേക്ക് നിലവിൽ സർവീസ് നടത്തുന്ന വിമാനക്കമ്പനികളുമായി ബന്ധപ്പെടാനും ബദൽ യാത്രാ ക്രമീകരണങ്ങൾ കണ്ടെത്താനും സഹായം ആവശ്യമുള്ള ഉംറ ടൂർ ഓപ്പറേറ്റർമാർക്ക് കോൺസുലേറ്റിനെ സമീപിക്കാമെന്ന് ഒക്ടോബർ 24-ന് പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കി.
ജിദ്ദയിലും മക്കയിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ വഴിയാണ് ദുരിതത്തിലായ ഇന്ത്യൻ പൗരന്മാർക്ക് സഹായം നൽകുന്നത്. ഇന്ത്യൻ സാമൂഹിക സംഘടനകളുടെയും സന്നദ്ധപ്രവർത്തകരുടെയും സഹകരണത്തോടെ ഭക്ഷണം, അവശ്യ മരുന്നുകൾ, മറ്റ് അടിയന്തര സേവനങ്ങൾ എന്നിവ ലഭ്യമാക്കുന്നതിനുള്ള നടപടികളും തുടരുകയാണ്.
വിമാന സർവീസുകളിലെ തടസ്സം മൂലം യാത്ര മുടങ്ങിയവർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം തുടങ്ങിയ ബന്ധപ്പെട്ട അധികൃതരുമായി കോൺസുലേറ്റ് നിരന്തരമായി ആശയവിനിമയം നടത്തുന്നുണ്ട്. വിസാ കാലാവധി അവസാനിക്കുന്നതും മടക്കയാത്ര വൈകുന്നതും ഉൾപ്പെടെയുള്ള വിഷയങ്ങൾക്കും പ്രത്യേക പരിഗണന നൽകുന്നുണ്ട്.
താമസപ്രശ്നങ്ങൾക്ക് 1966-ൽ പരാതി നൽകാം
വിമാന സർവീസുകൾ റദ്ദാക്കിയതിനെ തുടർന്ന് സൗദിയിൽ അധികദിവസം തങ്ങേണ്ടിവരുന്ന ഉംറ തീർഥാടകർക്ക് താമസമോ മറ്റ് സേവനങ്ങളോ സംബന്ധിച്ച് ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിൽ സൗദി ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ തീർഥാടക സഹായ കേന്ദ്രവുമായി ബന്ധപ്പെടാം. സൗദിക്കുള്ളിൽ ലഭ്യമായ 1966 എന്ന നമ്പറിൽ വിളിച്ച് പരാതി രജിസ്റ്റർ ചെയ്യുകയും കേസ് റഫറൻസ് നമ്പർ കൈപ്പറ്റുകയും ചെയ്യാം.
തുടർനടപടികൾക്കായി തീർഥാടകർ തങ്ങളുടെ ഉംറ സർവീസ് കമ്പനികളുമായും നിരന്തരമായി ബന്ധപ്പെടണം. കൂടുതൽ സഹായത്തിനോ ഏകോപനത്തിനോ കോൺസുലേറ്റിനെ സമീപിക്കുമ്പോൾ പരാതി റഫറൻസ് നമ്പർ കൈമാറണമെന്നും നിർദേശമുണ്ട്.
ബദൽ വിമാന സർവീസുകൾക്കായി സഹായം
വിമാന സർവീസുകൾ റദ്ദാക്കിയതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ടിക്കറ്റ് പുനഃക്രമീകരണം, പണം തിരികെ ലഭിക്കുന്നതിലെ ബുദ്ധിമുട്ടുകൾ എന്നിവ സംബന്ധിച്ച് ഇന്ത്യൻ വിമാനക്കമ്പനികളുമായും കോൺസുലേറ്റ് ചർച്ചകൾ നടത്തുന്നുണ്ട്.
ഇന്ത്യയിലേക്ക് സർവീസ് നടത്തുന്ന വിമാനക്കമ്പനികളുമായി ഉംറ ടൂർ ഓപ്പറേറ്റർമാരെ ബന്ധിപ്പിച്ച് ബദൽ യാത്രാ ക്രമീകരണങ്ങൾ കണ്ടെത്തുന്നതിനും കോൺസുലേറ്റ് സഹായം നൽകും. എന്നാൽ, വിമാനങ്ങളിലെയും സീറ്റുകളിലെയും ലഭ്യത, ബാധകമായ ടിക്കറ്റ് നിരക്കുകൾ, വിമാനക്കമ്പനികളുടെ മറ്റ് നിബന്ധനകൾ എന്നിവയ്ക്ക് വിധേയമായിരിക്കും ഈ സൗകര്യം.
യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിമാന സർവീസുകളുടെ നിലവിലെ സ്ഥിതിയും യാത്രാ സമയവും സംബന്ധിച്ച് ബന്ധപ്പെട്ട വിമാനക്കമ്പനികളുമായി നിരന്തരമായി ബന്ധപ്പെടണം. ടിക്കറ്റ് പുനഃക്രമീകരണം, റീഫണ്ട്, ബദൽ യാത്രാ സൗകര്യങ്ങൾ എന്നിവയ്ക്കായി ട്രാവൽ ഏജന്റുമാരുടെയും ഉംറ സർവീസ് കമ്പനികളുടെയും സഹായം തേടണം.
താമസമോ മറ്റ് സേവനങ്ങളോ സംബന്ധിച്ച് പ്രശ്നങ്ങൾ നേരിടുന്ന തീർഥാടകർ 1966-ൽ പരാതി രജിസ്റ്റർ ചെയ്ത് റഫറൻസ് നമ്പർ നേടണം. കോൺസുലേറ്റിന്റെ സഹായം ആവശ്യമുള്ളവർ ജിദ്ദയിലെയും മക്കയിലെയും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളുമായി ബന്ധപ്പെടണമെന്നും നിർദേശമുണ്ട്.
ദുരിതത്തിലായ ഇന്ത്യൻ പൗരന്മാരുടെ മടക്കയാത്ര എത്രയും വേഗം സാധ്യമാക്കുന്നതിനായി സൗദി അധികൃതർ, വിമാനക്കമ്പനികൾ, മറ്റ് ബന്ധപ്പെട്ട ഏജൻസികൾ എന്നിവരുമായി ചേർന്നുള്ള ഏകോപനം തുടരുമെന്നും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.
Content Highlights: Indian Consulate in Jeddah activated 24/7 control rooms in Jeddah and Makkah., Assistance provided for food, medicine, accommodation, and return travel for stranded Indians., Umrah pilgrims facing accommodation issues can register complaints via Saudi Ministry hotline 1966., Consulate coordinating with airlines and Saudi authorities for alternative travel arrangements.