ഏഴാമത് ഇന്റര്‍ കേളി ഫുട്‌ബോള്‍: ടീം ഫോക്കസ് ലൈന്‍ മലാസ് ജേതാക്കള്‍

ഇന്റർ കേളി ഫുട്ബോളിൽ ജേതാക്കളായ ടീം ഫോക്കസ് ലൈൻ മലാസ്
ഇന്റർ കേളി ഫുട്ബോളിൽ ജേതാക്കളായ ടീം ഫോക്കസ് ലൈൻ മലാസ്

റിയാദ്: കേളി കലാസാംസ്‌കാരിക വേദിയുടെ ഏഴാമത് ഇന്റര്‍ കേളി ഏകദിന സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ന്യൂ സനയ്യയിലെ അല്‍ ഇസ്‌ക്കാന്‍ ഗ്രൗണ്ടില്‍ നടന്നു. ലീഗ് കം നോക്കൗട്ട് അടിസ്ഥാനത്തില്‍ നടന്ന ടൂര്‍ണമെന്റിന്റെ പ്രാഥമിക റൗണ്ടില്‍ രണ്ടു ഗ്രൂപ്പുകളിലായി 15 മത്സരങ്ങള്‍ അരങ്ങേറി. ഫാല്‍ക്കണ്‍ അല്‍-ഖര്‍ജ്, യുവധാര അസീസിയ, റെഡ് ബോയ്‌സ് സുലൈ, ചാലഞ്ചേര്‍സ് റൗദ, ഫോക്കസ് ലൈന്‍ മലാസ്, ബത്ത ബ്ലാസ്റ്റേഴ്‌സ്, ഡെസര്‍ട്ട് സ്റ്റാര്‍ ഉമ്മുല്‍ ഹമാം, റെഡ് സ്റ്റാര്‍ ബദിയ എന്നീ എട്ട് ഏരിയ ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് എയില്‍ നിന്ന് ഡെസര്‍ട്ട് സ്റ്റാര്‍ ഉമ്മുല്‍ ഹമാം, ഫോക്കസ് ലൈന്‍ മലാസ് എന്നീ ടീമുകളും ഗ്രൂപ്പ് ബിയില്‍ നിന്ന് ഫാല്‍ക്കണ്‍ അല്‍ ഖര്‍ജ്, ബത്ത ബ്ലാസ്റ്റേഴ്‌സ് എന്നീ ടീമുകളും യഥാക്രമം ഒന്നും രണ്ടും സ്ഥാനക്കാരായി സെമിയില്‍ പ്രവേശിച്ചു.

ആദ്യ സെമിയില്‍ ബത്ത ബ്ലാസ്റ്റേഴ്‌സിനെ പരാജയപ്പെടുത്തി കഴിഞ്ഞ വര്‍ഷത്തെ ചമ്പ്യന്മാരായ ടീം ഉമ്മുല്‍ ഹമാമും രണ്ടാം സെമിയില്‍ മുന്‍ റണ്ണറപ്പായ ഫാല്‍ക്കണ്‍ അല്‍ ഖര്‍ജിനെ പരാജയപ്പെടുത്തി ഫോക്കസ് ലൈന്‍ മലാസും ഫൈനലില്‍ പ്രവേശിച്ചു. ഫൈനല്‍ മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ഡസേര്‍ട്ട് സ്റ്റാര്‍ ഉമ്മുല്‍ ഹമാം ടീമിനെ പരാജയപ്പെടുത്തിയാണ് ഫോക്കസ് ലൈന്‍ മലാസ് ജേതാക്കളായത്.

ടൂര്‍ണമെന്റിന്റെ ഉദ്ഘാടന ചടങ്ങില്‍ കേളി പ്രസിഡന്റ് സെബിന്‍ ഇക്ബാല്‍ അധ്യക്ഷതയും, കേളി വൈസ് പ്രസിഡന്റും സ്‌പോര്‍ട്‌സ് കമ്മിറ്റിയുടെ ചുമതല കൂടിയുള്ള ഗഫൂര്‍ ആനമങ്ങാട് ഉദ്ഘാടന ചടങ്ങില്‍ ആമുഖ പ്രഭാഷണം നടത്തി. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും, കേന്ദ്ര രക്ഷാധികാരി സെക്രട്ടറി കെ.പി.എം സാദിഖ് ഉദ്ഘാടനവും നിര്‍വ്വഹിച്ചു. രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ചന്ദ്രന്‍ തെരുവത്ത്, ഷമീര്‍ കുന്നുമ്മല്‍, ഫിറോസ് തയ്യില്‍, ടി.ആര്‍. സുബ്രഹ്‌മണ്യന്‍, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, സ്‌പോര്‍ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ ജവാദ് പരിയാട്ട്, കണ്‍വീനര്‍ ഹസ്സന്‍ പുന്നയൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി നന്ദി പറഞ്ഞു.

കേളി പ്രസിഡന്റ് സെബിന്‍ ഇക്ബാല്‍ ടീമുകളുടെ മാര്‍ച്ച് പാസ്റ്റില്‍ സല്യൂട്ട് സ്വീകരിച്ചു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം മത്സരങ്ങള്‍ കിക്കോഫ് ചെയ്തു. റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസ്സോസിയേഷന്‍ (റീഫ) റഫറി പാനലില്‍ നിന്നുള്ള ഫാരിസിന്റെ നേതൃത്വത്തില്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു. കേളി സ്‌പോര്‍ട്‌സ് കമ്മിറ്റിയും വളണ്ടിയര്‍ ടീമും ടൂര്‍ണമെന്റിന്റെ വിജയത്തിനാവശ്യമായ പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കി.

Content Highlights: inter keli football tournament team focus line malas winners