ഹൂതി ആക്രമണം: സൗദിയുടെ സുരക്ഷ ഉറപ്പാക്കാൻ സംയുക്ത നീക്കം, സൗദി, പാകിസ്താൻ, തുർക്കിയ ധാരണ

ജാഫറലി പാലക്കോട്.
റിയാദ്: ഹൂതി ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ സൗദി അറേബ്യയുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പിന്തുണ ശക്തമാക്കാൻ സൗദി അറേബ്യയും പാകിസ്താനും തുർക്കിയയും തീരുമാനിച്ചു. വെള്ളിയാഴ്ച ഇസ്ലാമാബാദിൽ ചേർന്ന മക്ക പ്രതിരോധ സഖ്യത്തിലെ മൂന്ന് രാജ്യങ്ങളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായത്.
കഴിഞ്ഞ ഓഗസ്റ്റിൽ പ്രതിരോധ കരാറിൽ ഒപ്പുവെച്ച രാജ്യങ്ങൾ സ്ട്രാറ്റജിക് പൊളിറ്റിക്കൽ ആൻഡ് ഡിഫൻസ് കമ്മിറ്റിയുടെ രണ്ടാമത് യോഗമാണ് ഇസ്ലാമാബാദിൽ നടത്തിയത്. സൗദി അറേബ്യയിലെ സാധാരണക്കാർക്കും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ ഹൂതി മിലീഷ്യ നടത്തുന്ന തുടർച്ചയായതും ഹീനവുമായ ആക്രമണങ്ങളെ യോഗം ശക്തമായി അപലപിച്ചു.
രാജ്യത്തിന്റെ സുരക്ഷ സംരക്ഷിക്കുന്നതിനായി സൗദി അറേബ്യക്ക് പിന്തുണ നൽകുന്ന പ്രവർത്തനങ്ങൾ തുടരുമെന്നും അവ കൂടുതൽ വേഗത്തിലാക്കുമെന്നും സംയുക്ത പ്രസ്താവനയിൽ രാജ്യങ്ങൾ വ്യക്തമാക്കി. സഖ്യത്തിലെ അംഗരാജ്യങ്ങൾ തമ്മിലുള്ള രാഷ്ട്രീയ, പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിന് തുടർച്ചയായ സംയുക്ത പ്രവർത്തനങ്ങൾ അനിവാര്യമാണെന്ന് യോഗം അടിവരയിട്ടതായി സൗദി പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ പറഞ്ഞു. പ്രാദേശിക സുരക്ഷയും സ്ഥിരതയും മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള പൊതുവായ പ്രതിബദ്ധത രാജ്യങ്ങൾ വീണ്ടും ഉറപ്പിച്ചതായും അദ്ദേഹം ശനിയാഴ്ച പുലർച്ചെ എക്സിലെ കുറിപ്പുകളിൽ വ്യക്തമാക്കി.
അന്താരാഷ്ട്ര സമാധാനവും സുരക്ഷയും സംരക്ഷിക്കുന്നതിൽ സഖ്യത്തിന് നിർണായക പങ്കുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യോഗങ്ങളിലെ തീരുമാനങ്ങൾ പ്രാവർത്തികമാക്കുന്നതിനും തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും അംഗരാജ്യങ്ങൾ മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സഖ്യത്തിന് കീഴിലുള്ള സ്ട്രാറ്റജിക് പൊളിറ്റിക്കൽ ആൻഡ് ഡിഫൻസ് കമ്മിറ്റിയുടെ രണ്ടാമത് യോഗം രാഷ്ട്രീയ, പ്രതിരോധ മേഖലകളിലെ കൂട്ടായ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണെന്നും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിൽ രാജ്യങ്ങളുടെ ഏകീകൃത നിലപാട് പ്രതിഫലിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്താൻ സൈനിക മേധാവിയും പ്രതിരോധ സേനാ മേധാവിയുമായ ഫീൽഡ് മാർഷൽ അസിം മുനീറുമായും ഖാലിദ് രാജകുമാരൻ കൂടിക്കാഴ്ച നടത്തി. സുരക്ഷയും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിൽ സഖ്യത്തിന്റെ പങ്ക്, അംഗരാജ്യങ്ങളുടെ പ്രതിരോധ ശേഷി വികസിപ്പിക്കൽ എന്നിവ ചർച്ചയായി. തുർക്കിയയുടെ ദേശീയ പ്രതിരോധ മന്ത്രി യാഷർ ഗുലറുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. കമ്മിറ്റി യോഗത്തിലെ തീരുമാനങ്ങളെ ഇരുവരും സ്വാഗതം ചെയ്തു. പ്രതിരോധ മേഖലയിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ചർച്ച ചെയ്തു.
പാകിസ്താൻ പ്രധാനമന്ത്രി ഷഹ്ബാസ് ശരീഫുമായും ഖാലിദ് രാജകുമാരൻ കൂടിക്കാഴ്ച നടത്തി. സൗദി നേതൃത്വത്തിന്റെ ആശംസകൾ കൈമാറിയ അദ്ദേഹം സന്ദർശക സംഘങ്ങൾക്ക് നൽകിയ സ്വീകരണത്തിനും ആതിഥ്യത്തിനും നന്ദി അറിയിച്ചു.
യമൻ സംഘർഷത്തിൽ നാലുവർഷത്തെ വെടിനിർത്തൽ അവസാനിപ്പിച്ച് ഇറാന്റെ പിന്തുണയുള്ള ഹൂതികൾ സൗദി അറേബ്യക്കെതിരെ ആക്രമണങ്ങൾ പുനരാരംഭിച്ച സാഹചര്യത്തിലാണ് പ്രതിരോധ സഖ്യം സജീവമായത്. ഫെബ്രുവരിയിൽ ഇറാനും അമേരിക്കയും തമ്മിൽ യുദ്ധം ആരംഭിച്ചതിനു പിന്നാലെയാണ് ഹൂതികൾ ആക്രമണങ്ങൾ തുടങ്ങിയത്.
വെള്ളിയാഴ്ച നടന്ന യോഗത്തിൽ അമീർ ഖാലിദ് ബിൻ സൽമാനും സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനും പങ്കെടുത്തു. മാറിക്കൊണ്ടിരിക്കുന്ന പ്രാദേശിക സുരക്ഷാ സാഹചര്യങ്ങൾ യോഗം വിലയിരുത്തി. പ്രാദേശിക സമാധാനം, സുരക്ഷ, സ്ഥിരത എന്നിവയ്ക്കായി കൂട്ടായി പ്രവർത്തിക്കാനുള്ള മൂന്ന് രാജ്യങ്ങളുടെയും ദൃഢനിശ്ചയം വീണ്ടും പ്രഖ്യാപിച്ചു. മക്ക സംയുക്ത പ്രതിരോധ കരാറിലെ തത്വങ്ങളും ലക്ഷ്യങ്ങളും പാലിക്കാനുള്ള പ്രതിബദ്ധതയും രാജ്യങ്ങൾ ആവർത്തിച്ചു. കൂട്ടായ പ്രതിരോധം, പരസ്പര ഐക്യദാർഢ്യം, ഓരോ രാജ്യത്തിന്റെയും പരമാധികാരത്തോടും പ്രാദേശിക അഖണ്ഡതയോടുമുള്ള ആദരവ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.
പ്രതിരോധ വ്യവസായം, സാങ്കേതികവിദ്യ, പരിശീലനം എന്നീ മേഖലകളിൽ സഹകരണം വിപുലീകരിക്കാനും സായുധസേനകളുടെ കൂട്ടായ ശേഷിയും ഏകോപനവും ശക്തിപ്പെടുത്താനും രാജ്യങ്ങൾ തീരുമാനിച്ചു. സംയുക്ത പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും പ്രതിരോധ സഹകരണം വിപുലീകരിക്കുന്നതിനുമായി ഓഗസ്റ്റ് ഏഴിന് മക്കയിലാണ് മൂന്ന് രാജ്യങ്ങളും പ്രതിരോധ കരാറിൽ ഒപ്പുവെച്ചത്. ഓഗസ്റ്റ് 31ന് ഇസ്താംബൂളിൽ നടന്ന ആദ്യ കമ്മിറ്റി യോഗത്തിൽ സഖ്യത്തിന്റെ സ്ഥിരം സെക്രട്ടേറിയറ്റ് റിയാദിൽ സ്ഥാപിക്കാനും തീരുമാനിച്ചിരുന്നു.
Content Highlights: Houthi Attack, Makkah Alliance, Saudi, Pakistan, Turkey