തീർഥാടകർക്ക് കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമായ കുടകൾ വികസിപ്പിക്കാൻ ചലഞ്ചുമായി ഹജ്ജ് മന്ത്രാലയം

മക്ക: ഹജ്ജ്, ഉംറ തീർഥാടകർക്കായി കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമായ കുടകൾ വികസിപ്പിക്കുന്നതിനായി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം നൂതന ആശയ മത്സരം (Challenge) പ്രഖ്യാപിച്ചു. നവീന ആശയങ്ങളുള്ള ഗവേഷകർ, ഡിസൈനർമാർ, ഡെവലപ്പർമാർ, ഈ മേഖലയിലെ വിദഗ്ധ സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് പ്രായോഗികവും സാങ്കേതിക മികവുമുള്ള മാതൃകകൾ മന്ത്രാലയം ക്ഷണിച്ചു.
തീർഥാടകരുടെ യാത്രാനുഭവം കൂടുതൽ മെച്ചപ്പെടുത്തുകയും കടുത്ത ചൂടിൽ കൂടുതൽ സംരക്ഷണവും സൗകര്യവും ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. തീർഥാടകരുടെ ആവശ്യങ്ങൾ മുൻനിർത്തിയുള്ള പ്രായോഗിക പരിഹാരങ്ങൾ കണ്ടെത്തുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ ചലഞ്ച് സംഘടിപ്പിക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു.
സൂര്യപ്രകാശത്തിൽ നിന്നുള്ള മികച്ച സംരക്ഷണം, ഉപയോഗത്തിലെ ലാളിത്യം, ഉയർന്ന സുരക്ഷ, പ്രവർത്തനക്ഷമത, പരിസ്ഥിതി സൗഹൃദ സവിശേഷതകൾ എന്നിവ ഉൾക്കൊള്ളുന്ന കുടയുടെ മാതൃകയാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.
നിർദേശിക്കുന്ന കുട ഭാരം കുറഞ്ഞതും എളുപ്പത്തിൽ കൊണ്ടുനടക്കാനും ഉപയോഗിക്കാനും കഴിയുന്നതുമായിരിക്കണം. അൾട്രാവയലറ്റ് (UV) രശ്മികളിൽ നിന്ന് ഉയർന്ന തോതിലുള്ള സംരക്ഷണം നൽകുന്നതിനൊപ്പം കടുത്ത കാലാവസ്ഥയും തിരക്കേറിയ സാഹചര്യങ്ങളും അതിജീവിക്കാൻ കഴിയുന്ന തരത്തിലുമാകണം രൂപകൽപ്പന.
ഹജ്ജ്, ഉംറ സീസണുകളിൽ വൻതോതിൽ നിർമ്മിച്ച് ഉപയോഗിക്കാൻ അനുയോജ്യമായതും വിശുദ്ധ കേന്ദ്രങ്ങളുടെ ദൃശ്യഭംഗിയുമായി (Visual Identity) യോജിക്കുന്നതുമായ രൂപകൽപ്പനയ്ക്കാണ് മുൻഗണന നൽകുക.
തീർഥാടകർക്ക് സഞ്ചാരത്തിനിടെ ചൂടിന്റെ ആഘാതം കുറയ്ക്കുകയും തിരക്കേറിയ പ്രദേശങ്ങളിലൂടെ കൂടുതൽ സുഗമമായി സഞ്ചരിക്കാൻ സഹായിക്കുകയും ചെയ്യുന്ന പ്രായോഗിക പരിഹാരങ്ങൾ കണ്ടെത്തുക എന്നതും ഈ സംരംഭത്തിന്റെ ലക്ഷ്യമാണ്. ഹജ്ജ്, ഉംറ സീസണുകളിൽ ഉപയോഗിക്കുന്ന കുടകൾക്ക് ഏകീകൃത ദൃശ്യപരിചയം (Unified Visual Identity) നൽകുന്നതിലൂടെ തീർഥാടകർക്കുള്ള സേവനങ്ങളുടെ നിലവാരം കൂടുതൽ ഉയർത്താനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.
Content Highlights: The Saudi Ministry of Hajj and Umrah is seeking innovative, lightweight, and UV-protective umbrella designs., The challenge is open to researchers, designers, and developers to improve the pilgrim experience., Key design criteria include ease of use, durability, eco-friendliness, and alignment with the official Visual Identity., The initiative aims to mitigate heat impact and facilitate easier movement in crowded holy sites.