ഹജ്ജ്: മിനായിലെ കല്ലേറ് കര്‍മ്മം ആരംഭിച്ചു

മിനാ: ഹജ്ജ് കര്‍മത്തിന്റെ ഭാഗമായി മിനാ താഴ്വരയിലെ പിശാചിന്റെ പ്രതീകത്തിന് നേരെയുള്ള കല്ലേറ് കര്‍മ്മം വെള്ളിയാഴ്ച മുതല്‍ ആരംഭിച്ചു. ശനി, ഞായര്‍, തിങ്കള്‍ തുടങ്ങിയ ദിവസങ്ങളിലും ജംറയിലെ കല്ലേറ് കര്‍മ്മം തുടരും.
അതേസമയം ഞായറാഴ്ച കല്ലേറ് കര്‍മ്മത്തിനുശേഷം മിനാ അതിര്‍ത്തിയില്‍ നിന്നും വിടവാങ്ങാന്‍ ആഗ്രഹിക്കുന്ന ഹാജിമാര്‍ മൊത്തം മൂന്ന് ദിവസത്തെ കല്ലേറ് കര്‍മ്മം നിര്‍വഹിച്ചാല്‍ മതിയാകും. താത്പര്യമുള്ള ഹാജിമാര്‍ക്ക് മാത്രം തിങ്കളാഴ്ച വരെ മിനായില്‍ തങ്ങി നാലാം ദിവസത്തെ കല്ലേറ് കര്‍മ്മം കൂടി നടത്തി ഹജ്ജില്‍ നിന്നും വിട വാങ്ങാം.
വെള്ളിയാഴ്ച അറഫയില്‍ നിന്ന് തിരിച്ചെത്തിയ ഹാജിമാര്‍ ജംറയിലെ പിശാചിന്റെ മൂന്ന് പ്രതീകങ്ങളില്‍ ഏറ്റവും വലിയ പ്രതീകമായ ജംറത്തുല്‍ അകബയിലാണ് ഏഴ് കല്ലുകള്‍ എറിഞ്ഞത്. തന്റെ മകനെ ബലിയര്‍പ്പിക്കാനുള്ള ദൈവത്തിന്റെ കല്‍പ്പന അനുസരിക്കുന്നതില്‍ നിന്ന് സാത്താന് പിന്തിരിപ്പിക്കാന് ശ്രമിച്ചുവെന്ന് പറയപ്പെടുന്ന മൂന്ന് സ്ഥലങ്ങളില്‍ ഇബ്രാഹിം നബി പിശാചിനെ കല്ലെറിഞ്ഞതിനെ അനുസ്മരിപ്പിക്കുന്നതാണ് ഈ ആചാരം.
കല്ലേറ് കര്‍മ്മം ആയാസരഹിതമായി നിര്‍വ്വഹിക്കാന്‍ ഹാജിമാര്‍ക്ക് കഴിഞ്ഞു. വന്‍ സുരക്ഷാ ക്രമീകരണങ്ങളും സന്നദ്ധ സേവനവും ഹാജിമാര്‍ക്ക് ലഭിച്ചു.
കല്ലേറ് കര്‍മത്തിന് ശേഷം മക്കയില്‍ ചെന്ന് കഅബ പ്രദക്ഷിണം, തലമുണ്ഡനം എന്നിവ നിര്‍വഹിച്ച് ഹാജിമാര്‍ വീണ്ടും മിനായില്‍ തിരിച്ചെത്തും. പിന്നീടുള്ള ദിവസങ്ങളിലെ കല്ലേറ് കര്‍മ്മം നടത്തുവാനായി ഹാജിമാര്‍ മിനായില്‍ തന്നെ കഴിയും. ഏറ്റവും ഉയര്‍ന്ന താപനിലയായിരുന്നു ഹജ്ജ് കര്‍മ്മം നടക്കുന്ന സ്ഥലങ്ങളില്‍ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.
Content Highlights: Hajj pilgrims begin devil-stoning ritual