60,000 റിയാലിന് മുകളിൽ വിലപിടിപ്പുള്ള സാധനങ്ങളുമായാണോ യാത്ര? മുൻകൂട്ടി വെളിപ്പെടുത്തൂ, പിഴ ഒഴിവാക്കൂ

ജിദ്ദ: ഹജ്ജ് തീർത്ഥാടകർ സൗദിയിലെ വിമാനത്താവളം, കര അതിർത്തി, തുറമുഖം എന്നിവ വഴി യാത്രചെയ്യുമ്പോൾ അനുവദിച്ച തുകയിൽ കൂടുതൽ വിലമതിക്കുന്ന സാധനങ്ങളുമായി എത്തി പിഴ അടക്കുന്നത് ഒഴിവാക്കണമെന്നു സൗദി അധികൃതരുടെ നിർദേശം. മൊത്തം 60,000 റിയാലിന് മുകളിൽ വിലയുള്ള സാധനങ്ങളും കൊണ്ടാണ് യാത്ര ചെയ്യുന്നതെങ്കിൽ അധികൃതരോട് മുൻകൂട്ടി വെളിപ്പെടുത്തിയാൽ ഹജ്ജ് യാത്രികർക്ക് പിഴ ഒഴിവാക്കാനാകുമെന്നാണ് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചിട്ടുള്ളത്.
60,000 റിയാലിൽ (USD 16,000) കൂടുതൽ പണമോ വസ്തുക്കളോ കൊണ്ട് തീർത്ഥാടകർ സൗദിയിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തുകടക്കുമ്പോഴും അധികൃതരോട് വെളിപ്പെടുത്തണം. അല്ലാത്തപക്ഷം നിയമപരമായ ശിക്ഷ നേരിടേണ്ടിവരും. കറൻസിക്ക് മാത്രമല്ല, മറിച്ചു വിലപിടിപ്പുള്ള ലോഹങ്ങൾ, രത്നക്കല്ലുകൾ, സ്വർണ്ണക്കട്ടികൾ എന്നിവയ്ക്കും ഈ നിയമം ബാധകമാണെന്ന് മന്ത്രാലയം അറിയിച്ചു.
ശരിയായ മാർഗത്തിൽ കസ്റ്റംസ് വിഭാഗത്തിൽ അറിയിക്കുന്നത് തീർത്ഥാടകരുടെ അവകാശങ്ങൾ സംരക്ഷിക്കുകയും സൗദി അറേബ്യയുടെ സാമ്പത്തിക, നിയമ സംവിധാനങ്ങൾ പാലിക്കുന്നത് തെളിയിക്കുകയും ചെയ്യുന്നതാകുമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. അല്ലാത്തപക്ഷം പ്രവേശന കവാടങ്ങളിലെ കാലതാമസം, പിഴ അല്ലെങ്കിൽ മറ്റ് നിയമ നടപടികൾക്ക് കാരണമാകും.
ഹജ്ജ് തീർത്ഥാടകരുടെ സുരക്ഷിതവും സുഗമവും നിയമാനുസൃതവുമായ ഹജ്ജ് യാത്ര സംബന്ധമായ ബോധവൽക്കരണ കാമ്പെയ്‌നിന്റെ ഭാഗമാണ് ഈ മാർഗനിർദേശം മന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ളത്.
Content Highlights: Hajj pilgrims advised to avoid paying fines for bringing excess luggage