ഇന്ത്യൻ ഹാജിമാർ പുണ്യഭൂമിയിൽ എത്തിത്തുടങ്ങി; ആദ്യസംഘത്തിൽ 402 തീർഥാടകർ

മുംബൈയില്‍നിന്നെത്തിയ തീര്‍ഥാടക സംഘത്തെ സ്വീകരിക്കുന്നു
മുംബൈയില്‍നിന്നെത്തിയ തീര്‍ഥാടക സംഘത്തെ സ്വീകരിക്കുന്നു

മദീന: ഈ വർഷത്തെ ഹജ്ജ് കർമ്മത്തിൽ പങ്കെടുക്കാൻ ഇന്ത്യൻ തീർഥാടകർ മദീനയിലെത്തിത്തുടങ്ങി. മുംബൈയിൽനിന്നുള്ള 402 പേരടങ്ങിയ ആദ്യ ഹജ്ജ് സംഘത്തിന് ഇന്ത്യൻ സ്ഥാനപതി ഡോ. സുഹൈൽ അജാസ് ഖാൻ, ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹ്‌മദ് ഖാൻ സൂരി എന്നിവരും ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും ചേർന്ന് ഊഷ്മള വരവേൽപ്പ് നൽകി. സൗദി ഹജ്ജ്-ഉംറ മന്ത്രാലയ ഉപ മന്ത്രിമാരായ പ്രഫ. അബ്ദുൽ അസീസ് എ. വസ്സാൻ, എൻജി. അയാദ് അബ്ദുറഹ്‌മാൻ റഹ്ബിനി എന്നിവരും മറ്റ് മുതിർന്ന സൗദി ഉദ്യോഗസ്ഥരും മദീനയിലെ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ ഹാജിമാരെ സ്വീകരിക്കാൻ എത്തിയിരുന്നു.

ഹാജിമാരെ സ്വീകരിക്കുന്നതിനുള്ള പരമ്പരാഗതമായ സ്വാഗത ഗാനങ്ങൾ ആലപിച്ചുകൊണ്ടും സംസം തീർഥജലവും ഈന്തപ്പഴവും നൽകിയുമാണ് ഹാജിമാരെ സ്വീകരിച്ചത്.

ആദ്യ ദിവസമായ ശനിയാഴ്ച ഇന്ത്യയിൽനിന്ന് പത്ത് വിമാനങ്ങളിലായി മൊത്തം 3860 തീർഥാടകരാണ് മദീനയിലെത്തിയത്. കൊൽക്കത്തയിൽനിന്ന് രണ്ട് വിമാനങ്ങളിൽ 700 പേരും ഗുവാഹത്തിയിൽനിന്ന് 326 തീർഥാടകരും ഡൽഹിയിൽനിന്ന് 810 പേരും ശനിയാഴ്ച ഉച്ചയോടെ മദീനയിലെത്തി. വിജയവാഡ, ശ്രീനഗർ എന്നിവിടങ്ങളിൽനിന്നും തീർഥാടകരെത്തി.

എട്ട് ദിവസമാണ് ഹാജിമാർ മദീനയിൽ കഴിയുക. മദീന സന്ദർശനം പൂർത്തിയാക്കുന്ന ഹാജിമാർ പിന്നീട് മക്കയിലേക്ക് പോകും. ഹജ്ജ് നിർവഹിച്ചശേഷം ജിദ്ദ വിമാനത്താവളം വഴിയാണ് മദീനയിൽ വന്നിറങ്ങുന്ന ഹാജിമാരുടെ നാട്ടിലേക്കുള്ള മടക്കം. കേരളത്തിൽനിന്നുള്ള തീർഥാടകരുടെ ആദ്യസംഘം കൊച്ചിയിൽനിന്ന് ഈ മാസം 30 മുതൽ ജിദ്ദ വിമാനത്താവളം വഴി മക്കയിൽ എത്തിത്തുടങ്ങും.

Content Highlights: Official commencement of the 2026 Hajj pilgrimage for Indian citizens., Arrival of 3,860 pilgrims on the first day across ten flights., Warm reception by Saudi officials and Indian diplomats at Madinah Airport., Pilgrims will stay in Madinah for eight days before proceeding to Makkah., Specific travel details for Kerala pilgrims starting from May 30th.