ഹജ്ജ് കരാര്‍ പൂര്‍ത്തിയാക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 14 ന്

ജിദ്ദ: ഹജ്ജ് അഫയേഴ്സ് ഓഫീസുകളുടെ കരാറുകള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 14 ആണെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം. ഫെബ്രുവരി 14 ന് മുമ്പ് എല്ലാ രാജ്യങ്ങളും കരാറുകള്‍ പൂര്‍ത്തിയാക്കണമെന്നും ഇതിനു ശേഷം മന്ത്രാലയം കരാറുകളില്‍ ഏര്‍പ്പെടില്ലെന്നും മന്ത്രാലയം അറിയിച്ചു.
ഈ വര്‍ഷത്തെ ഹജ്ജ് സീസണില്‍ തീര്‍ഥാടകര്‍ക്കുള്ള സേവനങ്ങള്‍ക്കായി വിവിധ രാജ്യങ്ങളിലെ ഹജ്ജ് അഫയേഴ്സ് ഓഫീസുകളുമായി കരാറുകള്‍ ''നുസുക് മസാര്‍'' പ്ലാറ്റ്ഫോം വഴിയാണ് പൂര്‍ത്തിയാക്കേണ്ടത്. ''നുസ്‌ക്'' കാര്‍ഡ് പോലുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഹാജിമാര്‍ കരുത്തേണ്ടതുണ്ട്.
ഹജ്ജ് അഫയേഴ്സ് ഓഫീസുകള്‍ക്ക് ആവശ്യമായ ജോലികള്‍ക്കായി മന്ത്രാലയം കൃത്യമായ നിര്‍ദ്ദേശവും സമയ ക്രമവും നിശ്ചയിച്ചിട്ടുണ്ട്. എട്ട് പ്രധാന ഘട്ടങ്ങള്‍ ഉള്‍പ്പെടുന്ന ഘട്ടങ്ങളാണിത്. സേവന കരാര്‍ ഘട്ടം 2024 ഒക്ടോബര്‍ 23 ന് ആരംഭിച്ച് 2025 ഫെബ്രുവരി 14 ന് അവസാനിക്കും.
ദൈവത്തിന്റെ അതിഥികളായ ഹാജിമാര്‍ രാജ്യത്തെ ബന്ധപ്പെട്ട അധികാരികള്‍ നിശ്ചയിച്ചിട്ടുള്ള ചട്ടങ്ങള്‍ പാലിക്കേണ്ടതുണ്ട്. അതില്‍ വ്യോമ, കര ഗതാഗത ചട്ടങ്ങളും ഉള്‍പ്പെടുന്നതാണ്. മന്ത്രാലയവും വിവിധ രാജ്യങ്ങളിലെ ഹജ്ജ് കാര്യ ഓഫീസുകളും തമ്മിലുള്ള ഹജ്ജ് കാര്യ കരാറില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള സുരക്ഷ, ആരോഗ്യം, നടപടിക്രമ നിര്‍ദ്ദേശങ്ങള്‍ എന്നിവ ഹാജിമാര്‍ പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു.
വിവിധ രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് വരുന്ന ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള കൃത്യമായ ക്വാട്ടകള്‍ നിര്‍ണ്ണയിക്കപ്പെട്ടു തുടങ്ങിയിട്ടുണ്ട്. അതനുസരിച്ചു വിസ ഇഷ്യൂ ചെയ്യുന്ന ഘട്ടം ഉടന്‍ ആരംഭിക്കും. ഇതിനുശേഷം അധിക കരാറുകളൊന്നും സ്വീകരിക്കില്ലെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ഹജ്ജ് ചട്ടങ്ങളും നിര്‍ദ്ദേശങ്ങളും പാലിക്കാന്‍ തീര്‍ത്ഥാടകരെ ബോധവത്കരിക്കാനും, ഔദ്യോഗിക സ്ഥലങ്ങളില്‍ നിന്നുമാത്രം വിസകളും പെര്‍മിറ്റുകളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഹജ്ജ് കാര്യ ഓഫീസുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സൗദിയില്‍ എത്തുമ്പോള്‍ 'നുസുക്' കാര്‍ഡ് പോലുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൈവശം വയ്‌ക്കേണ്ടതിന്റെ പ്രാധാന്യവും സൗദി ഹജ്ജ് ഉംറ മന്ത്രാലയം ഊന്നിപ്പറഞ്ഞു.
ഈവര്‍ഷം 1,75,025 ഇന്ത്യന്‍ ഹാജിമാര്‍ക്കാണ് ഹജ്ജ് ചെയ്യാനുള്ള ക്വാട്ട അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷവും ഇതേ ക്വാട്ട തന്നെ ആയിരുന്നു ഇന്ത്യക്കു അനുവദിച്ചിരുന്നത്. 2025 ലെ ഹജ്ജ് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട കരാറില്‍ ഇന്ത്യക്കുവേണ്ടി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജുവും സൗദി അറേബ്യക്കുവേണ്ടി സൗദി ഹജ്ജ്, ഉംറ മന്ത്രി ഡോ.തൗഫീഖ് അല്‍ റബീഅയും തമ്മിലാണ് ഒപ്പിട്ടത്.
Content Highlights: Hajj 2025: Saudi Arabia Sets February 14 Deadline