മതപരമായ തനിമ നിലനിർത്തി സാമൂഹിക പുരോഗതിക്കായി മനുഷ്യർ ഒന്നിക്കണം: പി കെ സുലൈമാൻ മൗലവി

ജിദ്ദ: സമൂഹം അഭിമുഖീകരിക്കുന്ന വർത്തമാനകാല പ്രതിസന്ധികളിൽ ആദർശപരമായ വ്യക്തതയും ഒരുമയും പുലർത്തേണ്ടത് അനിവാര്യമാണന്നും നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ മുസ്ലിം സമുദായത്തിന്റെ ആഭ്യന്തര ഐക്യവും പരസ്പര സഹകരണവും സമുദായത്തിൻ്റെ നിലനിൽപ്പിന് അനിവാര്യമാണെന്നും ദക്ഷിണ കേരളാ ഇസ്‌ലാമിക് കൾച്ചറൽ സെൻറർ (ഡി കെ ഐ സി സി ) സംസ്ഥാന ജനറൽ കൺവീനർ മൂവാറ്റുപുഴ പി കെ സുലൈമാൻ മൗലവി പറഞ്ഞു. സ്വന്തം വിശ്വാസധാരയിൽ വ്യക്തത പുലർത്തുന്നതോടൊപ്പം തന്നെ വ്യത്യസ്ത മതങ്ങളുടെ ആചാരാനുഷ്ഠാനങ്ങളെ തനത് രൂപത്തിൽ നിന്ന് മാറ്റി മറ്റ് വിശ്വാസാചാരങ്ങളുമായി കൂട്ടിക്കുഴക്കുന്നതിലെ അപകടങ്ങളെക്കുറിച്ചും അദ്ദേഹം സദസ്സിനെ ബോധവൽക്കരിച്ചു. ജിദ്ദ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ദക്ഷിണ കേരളാ ഇസ്‌ലാമിക് കൾച്ചറൽ സെൻ്ററിൻ്റെ മൂന്നാം വാർഷിക ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഓരോ സമുദായത്തിൻ്റേയും ആരാധനകളിലെ തനിമ നിലനിർത്തിക്കൊണ്ടുതന്നെ സാമൂഹിക പുരോഗതിക്കായി മനുഷ്യർ എന്ന നിലയിൽ ഒന്നിച്ചുനിൽക്കാൻ നമുക്കു കഴിയണം. അതിനുള്ള പ്രേരകമായിരിക്കണം ഇത്തരം കൂട്ടായ്മകളിൽ കുടി സമൂഹം കൈവരിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.
വാർഷിക ആഘോഷ ചടങ് ഡി കെ ഐ സി സി ഗ്ലോബൽ കമ്മിറ്റി ചെയർമാൻ ഷറഫുദ്ധീൻ ബാഖവി ഉത്ഘാടനം ചെയ്തു. അലി തേക്ക്തോട് (ചെയർമാൻ, D K I C C നാഷണൽ കമ്മിറ്റി ), ഷിഹാബുദീൻ റഷാദി. (D K I C C അബുദാബി കമ്മിറ്റി പ്രസിഡന്റ് ), അസ്ഹബ് വർക്കല, സുലൈമാൻ അഹ്സനി, സിദ്ധീഖ് മദനി, സലിം കണ്ണനാക്കുഴി (D K I C C മക്ക ജനറൽ സെക്രട്ടറി ), ഇബ്രാഹിം ഫുർകാനി, സിദ്ധീഖ് ബാഖവി, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
സുലൈമാൻ മൗലവിക്കുള്ള മൊമെന്റോ സൈദ് മുഹമ്മദ് മൗലവി സമർപ്പിച്ചു. നൂഹ് ബീമാപ്പള്ളി, റഹീം കാക്കൂർ, മൻസൂർ പാങ്, റാഷിദ് വർക്കല, നൗഷാദ് എന്നിവരുടെ നേതൃത്വത്തിൽ മദ്ഹ് ഗാനങ്ങൾ ആലപിച്ചു. പ്രസിഡന്റ് സൈദ് മുഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ദിലീപ് ഉസ്മാൻ താമരകുളം സ്വാഗതവും അയൂബ്ഖാൻ പന്തളം നന്ദിയും പറഞ്ഞു.
Content Highlights: DKICC Jeddah celebrated its 3rd annual event focusing on community unity., State General Convener Muvattupuzha PK Sulaiman Moulavi delivered the keynote address., Stressed the importance of maintaining ideological clarity and preserving religious identities., Emphasized cooperation among different faiths while retaining traditional practices for social progress.