ഹജ്ജ് സുരക്ഷയ്ക്ക് ഭീഷണിയായ കുറ്റകൃത്യങ്ങളെ സൗദി അറേബ്യ നേരിടുമെന്ന് അറ്റോര്‍ണി ജനറല്‍

മിനാ: പുണ്യസ്ഥലങ്ങള്‍ക്കും ഹജ്ജ് തീര്‍ത്ഥാടകര്‍ക്കും നീതിന്യായ സംരക്ഷണം നല്കുന്നതില് വിട്ടുവീഴ്ചയില്ലെന്നും ഹജ്ജ് സുരക്ഷയ്ക്ക് ഭീഷണിയായ കുറ്റകൃത്യങ്ങളെ സൗദി അറേബ്യ നേരിടുമെന്നും സൗദി അറ്റോര്‍ണി ജനറല്‍ ഷെയ്ഖ് സൗദ് അല്‍-മുആജബ് പറഞ്ഞു. ഹജ്ജ് സീസണില്‍ പബ്ലിക് പ്രോസിക്യൂഷന്റെ സേവനം വേഗത്തിലാക്കും. നീതി നടപ്പാക്കുകയും സുരക്ഷിതവും സുഖകരവുമായ ഹജ്ജ് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും പറഞ്ഞു.
ഹജ്ജ് കര്‍മ്മങ്ങള്‍ നടക്കുന്ന പുണ്യസ്ഥലങ്ങളില്‍ ഈ വര്‍ഷം പ്രവര്‍ത്തിക്കുന്ന പബ്ലിക് പ്രോസിക്യൂഷന് ഓഫീസുകളില്‍ സൗദ് അല്‍-മുആജബ് പരിശോധന നടത്തി. പുതിയ പബ്ലിക് പ്രോസിക്യൂഷന് ഓഫീസുകള്‍ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ഹജ്ജിനുള്ള തയ്യാറെടുപ്പുകള്‍ പബ്ലിക് പ്രോസിക്യൂഷന് ഓഫീസുകള്‍ നടത്തിയതായും അദ്ദേഹം വിലയിരുത്തി.
ഹജ്ജ് സുരക്ഷയ്ക്ക് ഭീഷണിയായ കുറ്റകൃത്യങ്ങളെ സൗദി അധികാരികള്‍ നേരിടുകതന്നെ ചെയ്യുമെന്ന് അര്‍ഥശങ്കയ്ക്കിടനല്‍കാതെ അദ്ദേഹം പറഞ്ഞു. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് എല്ലാ കേസുകളും ചുരുങ്ങിയ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കുന്നുണ്ട്.
മതാചാരങ്ങളുടെ പവിത്രത ലംഘിക്കുന്ന ഏതൊരു പ്രവൃത്തിക്കുമെതിരെ ക്രിമിനല്‍ നടപടികള്‍ വേഗത്തില്‍ ആരംഭിക്കും. ഹജ്ജ് സുരക്ഷയെ ഭീഷണിപ്പെടുത്തുന്നതോ തീര്‍ഥാടകരുടെ മനസ്സമാധാനത്തെ തകര്‍ക്കുന്നതോ ആയ സൈബര്‍ കുറ്റകൃത്യങ്ങളെ ചെറുമെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞു.
Content Highlights: Saudi Arabia will confront crimes that threaten Hajj security, says Attorney General