യുദ്ധാനന്തര ഗാസയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബ്ലിങ്കന്‍ സൗദി അറേബ്യയിലെത്തി

#ജാഫറലി പാലക്കോട്
ആന്റണി ബ്ലിങ്കൻ സൗദിയിലെത്തിയപ്പോൾ
ആന്റണി ബ്ലിങ്കൻ സൗദിയിലെത്തിയപ്പോൾ

റിയാദ്: ഇസ്രയേലുമായുള്ള യുദ്ധം അവസാനിച്ചാല്‍ ഗാസയുടെ ഭരണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി യുഎസ്. സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ മിഡില്‍ ഈസ്റ്റിലേക്കുള്ള യാത്രയുടെ ഭാഗമായി ആദൃം സൗദി അറേബ്യയിലെത്തി. ഗാസയിലെ മാനുഷിക പ്രതിസന്ധി ലഘൂകരിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം വെടിനിര്‍ത്തല്‍ കൈവരിക്കുകയാണെന്ന് യു.എസ്-ഗള്‍ഫ് സഹകരണ കൗണ്‍സില്‍ യോഗത്തിന്റെ ഉദ്ഘാടന വേളയില്‍ റിയാദില്‍ സംസാരിച്ച ബ്ലിങ്കന്‍ പറഞ്ഞു. ഗാസ യുദ്ധം വൃാപിക്കുന്നത് തടയാനുള്ള ശ്രമങ്ങള്‍ വാഷിങ്ടണ്‍ തുടരുകയാണെന്നും ബ്ലിങ്കന്‍ പറഞ്ഞു.

കഴിഞ്ഞ ഏതാനും ആഴ്ചകളായി ഗാസയിലെ മാനുഷിക സാഹചരൃത്തില്‍ അമേരിക്ക വലിയ പുരോഗതി കണ്ടതായി അദ്ദേഹം പറഞ്ഞു. എന്നാല്‍ സംഘർഷവും നടപടികളും കുറയ്ക്കാനും പൂര്‍ണ്ണമായും അവസാനിപ്പിക്കുവാനും ശാന്തമായ സാഹചരൃമുണ്ടാക്കുവാനും ഇസ്രായേലിനോട് അഭ്യര്‍ത്ഥിച്ചതായും ബ്ലിങ്കന്‍ പറഞ്ഞു.

ഇസ്രയേലുമായുള്ള ഇറാന്റെ ഏറ്റുമുട്ടല്‍ കൂടുതല്‍ പ്രതിരോധ സംയോജനത്തിന്റെ ആവശ്യകതയാണ് കാണിക്കുന്നതെന്നും ബ്ലിങ്കന്‍ ജി.സി.സി. മന്ത്രിമാരോട് പറഞ്ഞു. 'ഈ ആക്രമണം ഇറാനില്‍ നിന്നുള്ള നിശിതവും വര്‍ദ്ധിച്ചുവരുന്നതുമായ ഭീഷണി ഉയര്‍ത്തിക്കാട്ടുകയും സംയോജിത പ്രതിരോധത്തില്‍ ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയും ഉയര്‍ത്തിക്കാട്ടുന്നുവെന്നും ബ്ലിങ്കന്‍ പറഞ്ഞു.

ഉന്നത യു.എസ്. നയതന്ത്രജ്ഞന്‍ സൗദി വിദേശകാരൃ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തുകയുണ്ടായി. കൂടിക്കാഴ്ചയില്‍ ഉഭയകക്ഷി ബന്ധങ്ങളും വിവിധ മേഖലകളിലെ സംയുക്ത സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികള്‍ അവലോകനം ചെയ്തുവെന്ന് സൗദിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സൗദി പ്രസ് ഏജന്‍സി അറിയിച്ചു. സൗദി വിദേശകാരൃ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍, അമേരിക്കയിലെ സൗദി അംബാസഡര്‍ റീമ ബിന്‍ത് ബന്ദര്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരി, വിദേശകാര്യ മന്ത്രാലയ ഉപദേഷ്ടാവ് ഡോ. മനല്‍ റദ്‌വാന്‍, വിദേശകാര്യ മന്ത്രിയുടെ ഉപദേഷ്ടാവ് മുഹമ്മദ് അല്‍ യഹ്‌യാ എന്നിവരുമായും യു.എസ്. സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ കൂടികാഴ്ച നടത്തി.

സൗദി അറേബൃയെ കൂടാതെ ഖത്തര്‍, ഈജിപ്ത്, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ജോര്‍ദാന്‍ എന്നീ അറബ് രാജൃങ്ങളില്‍ നിന്നുള്ള പ്രതിനിധികളുമായും വിപുലമായ കൂടിക്കാഴ്ച നടത്തും. ഈ ആഴ്ച അവസാനം, യുഎസ് ഉന്നത നയതന്ത്രജ്ഞന്‍ ഇസ്രായേലിലേക്ക് പോകുന്നണ്ട്. ഗാസയിലെ നിലവിലെ മോശം മാനുഷിക സാഹചരൃം മെച്ചപ്പെടുത്തുന്നതിന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ആവശൃപ്പെട്ടതുപ്രകാരമുള്ള നടപടികള്‍ കൈക്കൊള്ളാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതനൃാഹുവില്‍ സമ്മര്‍ദ്ദം ചെലുത്തുവെന്ന് പ്രതീക്ഷിക്കുന്നു.

Content Highlights: Blinken arrives in Saudi Arabia to discuss post-war Gaza