സാങ്കേതികവിദ്യകൾ ഭീകരസംഘടനകൾ ദുരുപയോഗം ചെയ്യുന്നതിനെതിരെ യു.എന്നിൽ സൗദിയുടെ മുന്നറിയിപ്പ്

ന്യൂയോർക്ക്: നിർമിതബുദ്ധി (എ.ഐ) ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകൾ ഭീകരസംഘടനകൾ ദുരുപയോഗം ചെയ്യുന്നതിനെതിരെ മുന്നറിയിപ്പുമായി സൗദി അറേബ്യ. സൈനിക ശേഷി വികസിപ്പിക്കാൻ ഉപയോഗിക്കാവുന്ന സാങ്കേതിക ഘടകങ്ങൾ ഉൾപ്പെടെ ഭീകരസംഘടനകൾ കൈക്കലാക്കുന്നതും ദുരുപയോഗം ചെയ്യുന്നതും തടയേണ്ടതിന്റെ ആവശ്യകത സൗദി ചൂണ്ടിക്കാട്ടി.
സാങ്കേതികവിദ്യകളിലെ അതിവേഗ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ സംഘർഷപരിഹാരം എന്ന വിഷയത്തിൽ ഐക്യരാഷ്ട്രസഭാ രക്ഷാസമിതി സംഘടിപ്പിച്ച തുറന്ന ചർച്ചയിൽ സംസാരിക്കവെയാണ് യു.എന്നിലെ സൗദി സ്ഥിരം ദൗത്യത്തിന്റെ ആക്ടിങ് ചാർജ് ഡി അഫയേഴ്സ് ഫാരിസ് അൽ ഉതൈബി ഇക്കാര്യം വ്യക്തമാക്കിയത്.
നിർമിതബുദ്ധി സാങ്കേതികവിദ്യകളുടെ ഉപയോഗം മനുഷ്യന്റെ ഉത്തരവാദിത്തം ഉൾപ്പെടെയുള്ള അടിസ്ഥാന തത്വങ്ങൾ പാലിച്ചായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. എ.ഐ സംവിധാനങ്ങളുടെ കഴിവുകൾ, പരിമിതികൾ, സാധ്യതയുള്ള അപകടസാധ്യതകൾ എന്നിവ സംബന്ധിച്ച് സുതാര്യമായ വിശദീകരണം നൽകണം. ഇത്തരം സാങ്കേതികവിദ്യകളുടെ ഉപയോഗത്തിൽ ആവശ്യമായ മുൻകരുതൽ നടപടികളും ഉറപ്പാക്കണമെന്നും സൗദി ആവശ്യപ്പെട്ടു.
സൈനിക സാങ്കേതികവിദ്യകളുടെ അതിവേഗ വളർച്ച അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം വർധിപ്പിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം സൈനിക നടപടികളിൽ മനുഷ്യന്റെ നിയന്ത്രണവും ഉത്തരവാദിത്തവും നിലനിർത്തേണ്ടതുണ്ടെന്നും വ്യക്തമാക്കി.
ആധുനിക സാങ്കേതികവിദ്യകളുടെ പ്രയോജനം എല്ലാ രാജ്യങ്ങൾക്കും ലഭ്യമാക്കുന്നതിനൊപ്പം അവയുടെ സുരക്ഷിതവും ഉത്തരവാദിത്തപരവുമായ ഉപയോഗം ഉറപ്പാക്കാൻ അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തണമെന്നും ശേഷിവികസനത്തിനും സാങ്കേതിക പരിജ്ഞാന കൈമാറ്റത്തിനും കൂടുതൽ പ്രാധാന്യം നൽകണമെന്നും അൽ ഉതൈബി ആവശ്യപ്പെട്ടു.
Content Highlights: Saudi News, Terrorists, AI Technology