റഹീമിന്റെ ജയില്‍ മോചനം താമസിയാതെ: മാപ്പ് നല്‍കാനുള്ള കരാറില്‍ ഇരുകൂട്ടരുടെയും അഭിഭാഷകര്‍ ഒപ്പിട്ടു

അബ്ദുള്‍റഹീം, ഉമ്മ ഫാത്തിമ
അബ്ദുള്‍റഹീം, ഉമ്മ ഫാത്തിമ

റിയാദ്: വധശിക്ഷക്ക് വിധിക്കപ്പെട്ട് സൗദി ജയിലില്‍ കഴിയുന്ന മലയാളിയായ അബ്ദുല്‍ റഹീമിന് മാപ്പു നല്‍കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയുള്ള അനുരഞ്ജന കരാറില്‍ ഒപ്പുവെച്ചു. ദിയാധനം വാങ്ങി അബ്ദുല്‍ റഹീമിന് മാപ്പു നല്‍കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയുള്ള അനുരഞ്ജന കരാറില്‍ വാദി ഭാഗത്തിന്റെയും പ്രതിഭാഗത്തിന്റെയും അഭിഭാഷകര്‍ തമ്മിലുള്ള സമ്മതപത്രമാണ് ഒപ്പുവെച്ചത്. ഇതോടെ അബ്ദുല്‍ റഹീമിന്റെ ജയില്‍ മോചനം താമസിയാതെ ഉണ്ടാകും.

കഴിഞ്ഞ ദിവസം ഇന്ത്യന്‍ എംബസിയുടെ അക്കൗണ്ടിലെത്തിയ മോചനത്തിനായുള്ള ദിയാധനമായ 34 കോടി രൂപയ്ക്ക് തുല്യമായ സൗദി റിയാലിന്റെ ചെക്ക് റിയാദ് ഗവര്‍ണറേറ്റിന് കൈമാറിയിട്ടുണ്ട്. ഇനി കോടതി നടപടികള്‍ പൂര്‍ത്തിയാകേണ്ടതുണ്ട്. അതോടെയായിരിക്കും ഏവരും പ്രതിക്ഷയോടെ കാത്തിരിക്കുന്ന റഹീമിന്റെ മോചനം സാധ്യമാകുക.

തിങ്കളാഴ്ച രാവിലെയാണ് ഇരുവിഭാഗവും ഗവര്‍ണറേറ്റിലെത്തി ഉദ്യോഗസ്ഥര്‍ സാക്ഷിയായി കരാറില്‍ ഒപ്പ് വെച്ചത്. എംബസി ഉദ്യോഗസ്ഥര്‍ക്കൊപ്പം റഹീമിന്റെ കുടുംബത്തിന്റെ പവര്‍ ഓഫ് അറ്റോണി സിദ്ധിഖ് തുവ്വൂരും ഗവര്‍ണറേറ്റില്‍ എത്തിയിരുന്നു.

ദിയാധനമായ ഒന്നരക്കോടി സൗദി റിയാലിന്റെ ചെക്കും ഗവര്‍ണറേറ്റിന് കൈമാറി. അനുരഞ്ജന കരാറെന്ന സുപ്രധാന നടപടി പൂര്‍ത്തിയായതോടെ വക്കീലിനുള്ള ചെക്ക് സഹായ സമിതി ചെയര്‍മാന്‍ സി പി മുസ്തഫയും കൈമാറി. ഇതോടെ അബ്ദുല്‍ റഹീം കേസിലെ പുറത്തുനിന്നുള്ള എല്ലാ നടപടിക്രമങ്ങളും അവസാനിച്ചതായി സഹായസമിതി അറിയിച്ചു.

ഇനി അനുരഞ്ജന കരാറും ചെക്കും ഉള്‍പ്പെടെയുള്ള രേഖകള്‍ ഗവര്‍ണറേറ്റ് കോടതിയിലേക്ക് കൈമാറും. അപ്പോഴേക്കും ഇരുവിഭാഗം വക്കീലുമാരും കോടതിയുടെ സമയം തേടും. എല്ലാ രേഖകളും പരിശോധിച്ചായിരിക്കും കോടതി സിറ്റിങ്ങിന് സമയം അനുവദിക്കുക. കോടതി സമയം അനുവദിക്കുന്ന ദിവസം വധശിക്ഷ റദ്ദ് ചെയ്യലും മോചനവും ഉള്‍പ്പെടെയുള്ള വിധിയുണ്ടാകുമെന്നാണ് കരുതുന്നത്.

പെരുന്നാള്‍ അവധിക്ക് മുമ്പ് കോടതി സമയം അനുവദിച്ചാല്‍ ബലി പെരുന്നാള്‍ കഴിഞ്ഞ് വൈകാതെ തന്നെ മോചനം സാധ്യമാകുമെന്ന ശുഭപ്രതീക്ഷയിലാണ് റിയാദ് റഹീം സഹായസമിതിയും പൊതുസമൂഹവും. ഇനി കോടതിയുടെ നടപടിക്രമങ്ങള്‍ക്കായുള്ള കാത്തിരിപ്പാണ്.
റഹീമിന്റെ മോചനമെന്ന ദീര്‍ഘകാല പരിശ്രമത്തിന് വൈകാതെ ശുഭാന്ത്യമുണ്ടാകാന്‍ ഇതുവരെയുണ്ടായ പിന്തുണയും വിശ്വാസപ്രകാരമുള്ള പ്രാര്‍ഥനയും തുടരണമെന്ന് സഹായസമിതി ആവശ്യപ്പെട്ടു.


 

Content Highlights: abdul rahim jail release saudi crowd fund case