തിരുവല്ലയിലെ സ്ഥാനാർഥികളുമായി സംവദിച്ച് ജി.സി.സി പ്രവാസികൾ; ഓൺലൈൻ മീറ്റിംഗ് സംഘടിപ്പിച്ചു

ദോഹ: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരുവല്ല നിയോജകമണ്ഡലത്തിലെ സ്ഥാനാർഥികളെ പരിചയപ്പെടുന്നതിനും മണ്ഡലത്തിലെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനുമായി ഫ്രണ്ട്സ് ഓഫ് തിരുവല്ല ഖത്തർ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഓൺലൈൻ മീറ്റിങ് സംഘടിപ്പിച്ചു.
“തിരുവല്ല സ്ഥാനാർഥികളും പ്രവാസികളും” എന്ന പേരിൽ നടന്ന ഈ സംഗമത്തിൽ ജി.സി.സി രാജ്യങ്ങളിലെ വിവിധ തിരുവല്ല പ്രവാസി സംഘടനാ നേതാക്കൾ പങ്കെടുത്തു. യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. വർഗീസ് മാമ്മൻ, എൻ.ഡി.എ സ്ഥാനാർഥി അനൂപ് ആന്റണി എന്നിവർ മീറ്റിങ്ങിൽ പങ്കെടുത്ത് തങ്ങൾ വിജയിച്ചാൽ മണ്ഡലത്തിനായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വികസന പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിച്ചു. എന്നാൽ സാങ്കേതിക കാരണങ്ങളാൽ എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. മാത്യു ടി തോമസ് എം.എൽ.എയ്ക്ക് പരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചില്ല.
ഫോട്ടാ രക്ഷാധികാരി ജോൺ സി എബ്രഹാമിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മുൻ പ്രസിഡന്റ് തോമസ് കുര്യൻ നെടുംത്തറയിൽ സ്വാഗതവും ട്രഷറർ ജോർജ് കെ തോമസ് നന്ദിയും പറഞ്ഞു. ജനറൽ സെക്രട്ടറി അനീഷ് ജോർജ് മാത്യു സ്ഥാനാർഥികളെ പരിചയപ്പെടുത്തിയ ചടങ്ങിൽ മുൻ പ്രസിഡന്റ് ജിജി ജോൺ നേതൃത്വം നൽകി. യു.എ.ഇ, ബഹ്‌റൈൻ, സൗദി അറേബ്യ തുടങ്ങി വിവിധ ജി.സി.സി രാജ്യങ്ങളിലെ തിരുവല്ല അസോസിയേഷനുകളെ പ്രതിനിധീകരിച്ച് രാജീവ് എബ്രഹാം, റോബി ജോർജ്, വർഗീസ് ഡാനിയൽ, അനിൽ കുമാർ, ബ്ലെസൺ മാത്യു, ബോബൻ ഇടിക്കുള, ജെയിംസ് വി കൊട്ടാരം, കെ.എസ്. വർഗീസ്, ബൈജു ജോസ്, എബി അനിക്കാട്, നിബു വർഗീസ്, ഷാജി തേൻമഠം എന്നിവർ ചർച്ചയിൽ പങ്കെടുത്ത് അഭിപ്രായങ്ങൾ രേഖപ്പെടുത്തി.
കൂടാതെ മാർത്തോമ കോളേജ് അലുമ്നി ഖത്തർ ചാപ്റ്റർ, എം.ജി.എം സ്കൂൾ അലുമ്നി ഖത്തർ, ഇൻകാസ് ഖത്തർ, സംസ്കൃതി ഖത്തർ എന്നീ സംഘടനകളുടെ ഭാരവാഹികളും ഈ ഓൺലൈൻ സംഗമത്തിന്റെ ഭാഗമായി. തിരുവല്ലയുടെ വികസന കാര്യങ്ങളിൽ പ്രവാസികളുടെ ആശങ്കകളും നിർദ്ദേശങ്ങളും സ്ഥാനാർഥികളെ അറിയിക്കുന്നതിനും ഈ മീറ്റിങ് വേദിയായി.
Content Highlights: FOTA Qatar hosted an interactive session between Thiruvalla assembly candidates and NRIs., Candidates discussed their development vision for the Thiruvalla constituency., Representatives from various GCC countries participated to raise concerns and suggestions., The meeting served as a bridge between overseas voters and local political candidates.