ഒമാനിൽ വൈഫൈ ഷെയറിങ്ങിനെതിരേ മുന്നറിയിപ്പ്

Photo: Gettyimages
Photo: Gettyimages

മസ്‌കറ്റ്: ഒമാനിൽ വൈഫൈ ഷെയറിങ്ങിനെതിരേ മുന്നറിയിപ്പുമായി ടെലികോം കമ്പനികൾ രംഗത്തുവന്നു. താമസ കെട്ടിടങ്ങൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും നൽകിയ ഇന്റർനെറ്റ് സംവിധാനം മറ്റുള്ളവർക്ക് മറിച്ചുവിൽക്കുന്നത് നിയമവിരുദ്ധമാണെന്നാണ് കമ്പനികൾ മുന്നറിയിപ്പ് നൽകിയത്. പിടിക്കപ്പെട്ടാൽ സേവനം നിർത്തലാക്കുമെന്നും മറ്റ് നിയമനടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പിലുണ്ട്.

കരാർപ്രകാരമുള്ള സ്ഥാപനങ്ങൾക്കും താമസകേന്ദ്രങ്ങൾക്കും മാത്രമാണ് ടെലികോം കമ്പനികൾ വൈഫൈ-ഇന്റർനെറ്റ് സേവനം നൽകുന്നത്. എന്നാൽ, ചിലർ ഇന്റർനെറ്റ് സേവനങ്ങൾ പുനർവിതരണം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം പുനർവിൽപ്പന കർശനമായി നിരോധിച്ചതാണ്.

ടെലികമ്യൂണിക്കേഷൻ റഗുലേറ്ററി നിയമത്തിന്റെ ലംഘനമാണിതെന്നും നടപടി നേരിടേണ്ടിവരുമെന്നും ടെലികോം കമ്പനികൾ വ്യക്തമാക്കി. കൂടാതെ, നിശ്ചിത കാലയളവിലേക്ക് ടെലികോം കമ്പനിയിൽനിന്ന് ഇന്റർനെറ്റ് സേവനങ്ങൾ ലഭിക്കുന്നത് വിലക്കുകയും ചെയ്യും. എല്ലാ ഇന്റർനെറ്റ് ഉപയോക്താക്കളും നിയമം പാലിക്കണം. ലൈസൻസുള്ള ടെലികമ്യൂണിക്കേഷൻ കമ്പനികളിൽനിന്നു മാത്രം ഇന്റർനെറ്റ് സേവനങ്ങൾ സ്വീകരിക്കുകയും വേണം. ഒമാനിൽ 16 ടെലികോം ഓപ്പറേറ്റർമാരാണ് നിലവിലുള്ളത്.

Content Highlights: Warning against Wi-Fi sharing in Oman