കുട്ടികളുടെ സർഗാത്മകതയ്ക്ക് നിറം പകർന്ന് ‘വർണോത്സവം 2026’; ചിത്രരചനാ മത്സരം ശ്രദ്ധേയമായി

മസ്കറ്റ്: അസൈബ ഫ്രണ്ട്സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ച ‘വർണോത്സവം 2026’ ചിത്രരചനാ മത്സരം കുട്ടികളുടെ മികച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. അൽ അൻസാബ് ലുലു ഹാളിൽ നടന്ന പരിപാടി ഇന്ത്യൻ സ്കൂൾ ബോർഡ് അംഗം നിധീഷ് കുമാർ ഉദ്ഘാടനം ചെയ്തു.

അസൈബ ഫ്രണ്ട്സ് കൂട്ടായ്മ സെക്രട്ടറി ബിപിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൂട്ടായ്മ അംഗങ്ങളായ ഷാഫി, മുഹമ്മദ് ഷാ, സജു, മനോജ്, ഡിജിൽ, പ്രദീഷ്, വിഷ്ണു, അൻസില, അങ്കിത, ഗീതു, ജിതിൻ, സലിം എന്നിവർ നേതൃത്വം നൽകി.

അൽ അൻസാബ് ലുലു മാനേജ്മെൻ്റിൻ്റെ സഹകരണത്തിൽ സംഘടിപ്പിച്ച മത്സരത്തിൽ ജൂനിയർ, സബ് ജൂനിയർ, സീനിയർ എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് കുട്ടികൾ മാറ്റുരച്ചത് ജോഷി കുര്യൻ ജഡ്ജ് ആയി വിവിധ വിഭാഗങ്ങളിൽ വിജയികളായ മത്സരാർഥികൾക്ക് നിധീഷ് കുമാർ സമ്മാനങ്ങൾ വിതരണം ചെയ്തു.

കുട്ടികളുടെ സർഗാത്മക കഴിവുകളും ഭാവനകളും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം അവരുടെ കലാപരമായ മികവ് പ്രകടിപ്പിക്കാനുള്ള മനോഹരമായ വേദിയായി ‘വർണോത്സവം 2026’ മാറി. കുട്ടികളുടെ മികച്ച പങ്കാളിത്വവും രക്ഷിതാക്കളുടെ സാന്നിധ്യവും കൊണ്ട് പരിപാടി വിജയകരമായി